ലോക സിനിമാചരിത്രത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ബോക്‌സ്ഓഫീസ് വിജയമായ 'അവതാറി'ന് പേരിട്ടത് താനാണെന്ന് ബോളിവുഡ് താരം ഗോവിന്ദ. സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യാന്‍ ക്ഷണിച്ചെങ്കിലും താനത് നിരസിക്കുകയായിരുന്നുവെന്നും ഇന്ത്യാ ടിവിയുടെ 'ആപ് കീ അദാലത്ത്' എന്ന ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കവെ ഗോവിന്ദ പറഞ്ഞു. ഗോവിന്ദയുടെ 'വെളിപ്പെടുത്തലി'ല്‍ ട്രോളുകളിലൂടെയാണ് ട്വിറ്ററില്‍ സിനിമാപ്രേമികള്‍ പ്രതികരിച്ചിരിക്കുന്നത്.

''അവതാര്‍ എന്ന പേരിട്ടത് ഞാനാണ്. ഒരു വലിയ വിജയചിത്രമായി അത്. ജെയിംസ് കാമറൂണിനോട് അന്നേ ഞാനത് പറഞ്ഞിരുന്നു, ചിത്രം വലിയ വിജയമായിരുന്നെന്ന്. എന്നാല്‍ ഈ പ്രോജക്ട് പൂര്‍ത്തിയാക്കാന്‍ ഏഴ് വര്‍ഷമെടുക്കുമെന്നും ജെയിംസ് കാമറൂണിനോട് ഞാനന്ന് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹമപ്പോള്‍ ദേഷ്യപ്പെട്ടു. എങ്ങനെയാണ് നിങ്ങള്‍ക്ക് അങ്ങനെ പറയാനാവുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. ഏറെക്കുറെ അസാധ്യമായ കാര്യമാണ് താങ്കള്‍ ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തോടുള്ള എന്റെ മറുപടി'', ഗോവിന്ദ പറയുന്നു.

ശരീരത്തില്‍ പെയിന്റ് അടിക്കേണ്ടിവരും എന്നതായിരുന്നു ചിത്രത്തിലെ വേഷം അവഗണിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറയുന്നു. ''കഥാപാത്രത്തിനായി എന്റെ 410 ദിവസത്തെ ഡേറ്റ് വേണമായിരുന്നു ജെയിംസ് കാമറൂണിന്. ഈ 410 ദിവസവും ശരീരത്തില്‍ പെയിന്റടിച്ച് നില്‍ക്കാന്‍ എനിക്ക് ആവുമായിരുന്നില്ല. അതിനാല്‍ ഞാന്‍ അദ്ദേഹത്തോട് ക്ഷമാപണം നടത്തി'', ഗോവിന്ദ പറഞ്ഞവസാനിപ്പിച്ചു.

എന്നാല്‍ ഗോവിന്ദയുടെ പരാമര്‍ശത്തെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളിലൂടെയാണ് ട്വിറ്ററില്‍ സിനിമാപ്രേമികള്‍ ഈ വെളിപ്പെടുത്തലിനെ നേരിട്ടത്.