കൊച്ചി: തിയറ്ററില്‍ വലിയ വിജയമായ പ്രദര്‍ശിപ്പിക്കുകയാണ് അയ്യപ്പനും കോശിയും എന്ന ചലച്ചിത്രം. ചിത്രം ഇറങ്ങും മുന്‍പ് തന്നെ അതിലെ ടൈറ്റില്‍ ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. നഞ്ചിയമ്മ എന്ന ആദിവാസി ഗായികയുടെ ഗാനത്തിനൊപ്പം തന്നെ ഗാനത്തിന്‍റെ അവസാനം അവരുടെ നിഷ്കളങ്കമായ സംഭാഷണവും ആരാധകര്‍ ഏറ്റെടുത്തു. അമ്മയ്‌ക്ക്‌ പൃഥ്വിരാജിനെ അറിയാമോ..?, ഇല്ല. ബിജു മേനോനെ അറിയാമോ?, ഇല്ല. ഏത്‌ സിനിമക്ക്‌ വേണ്ടിയാണ്‌ ഈ പാട്ട്‌ പാടിയത്‌ എന്നറിയുമോ?, ഇല്ല. എന്റെ ആണോ? എന്നതായിരുന്നു ആ സംഭാഷണം.

അയ്യപ്പനും കോശിയും സിനിമയിലൂടെ ഹിറ്റായി മാറിയ നഞ്ചിയമ്മയുടെ ഈ ഡയലോഗ് മറ്റൊരു രീതിയില്‍ അവതരിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ ചിരി നിറയ്ക്കുകയാണ് ചലച്ചിത്ര താരം രമേഷ് പിഷാരടി. രമേഷ് പിഷാരടി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചിരി പടർത്തുന്നത്.പ്രായമായൊരു സ്ത്രീയോടൊപ്പം സംസാരിച്ചിരിക്കുന്ന പിഷാരടിയുടെ ചിത്രം. കൂടെ കൊടുത്ത അടിക്കുറിപ്പാണ് രസകരം. ‘എനിക്ക് പൃഥ്വിരാജ് ആരാണെന്നും അറിയാം; ബിജു മേനോൻ ആരാണെന്നും അറിയാം. നീ ഏതാടാ’ ...എന്നാണ് പിഷാരടി ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.