ദില്ലി: ഇന്ത്യന്‍ പാസ്‍പോര്‍ട്ടുള്ളവര്‍ മാത്രമാണോ ഇന്ത്യക്കാര്‍? മറ്റൊരു രാജ്യത്തിന്‍റെ പാസ്‍പോര്‍ട്ടുള്ളതുകൊണ്ട് ഒരാള്‍ ഇന്ത്യക്കാരനല്ലാതാകുന്നത് എങ്ങനെയാണ്? തന്‍റെ പൗരത്വം സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടിയുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. പരിഹാസങ്ങളും ട്രോളുകളും പരിധിക്ക് അപ്പുറമാണ്. ഇന്ത്യന്‍ പാസ്‍പോര്‍ട്ടിനായി അപേക്ഷിച്ചിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ ദില്ലിയില്‍ പറഞ്ഞു. 

ഇന്ത്യക്കാരനാണെന്ന് പറയാന്‍ പാസ്‍പോര്‍ട്ടാണ് മാനദണ്ഡമെന്ന് താന്‍ കരുതുന്നില്ല. മറ്റൊരു രാജ്യത്തെ പാസ്‍പോര്‍ട്ടുള്ളതുകൊണ്ട് ഇവിടുള്ള മറ്റേത് ഭാരതീയനേക്കാളും ചെറുതല്ല താനെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിന്ന് ചെയ്ത 14 ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട ശേഷം മറ്റ് എവിടെ നിന്നെങ്കിലും നിന്ന് ചിത്രം ചെയ്യാനുള്ള ശ്രമഫലമായാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപേക്ഷിച്ചത്. 

15ാമത്തെ ചിത്രം ഇന്ത്യക്ക് പുറത്ത് നിന്നുമാണ് ചെയ്തത്. അത് വിജയിക്കുകയും ചെയ്തു. ഇതോടെയാണ് അവിടെ തുടരാമെന്ന് കരുതിയത്. പിന്നീടൊരിക്കലും ഇന്ത്യന്‍ പാസ്പോര്‍ട്ട് തിരിച്ച് എടുക്കണമെന്ന് തോന്നിയിട്ടില്ല. പക്ഷേ അത് ഇത്രയധികം പരിഹാസങ്ങള്‍ക്ക് കാരണമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. 

പരാജയപ്പെട്ട ചിത്രങ്ങള്‍ക്കായി പോലും താന്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. എന്നിട്ടും ആ ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ എഴുപത് ശതമാനം ഭാഗ്യവും മുപ്പത് ശതമാനം കഠിനാധ്വാനവുമാണ് സിനിമ ആവശ്യപ്പെടുന്നതെന്ന് മനസിലായി. ഇപ്പോള്‍ സിനിമകള്‍ ജയിക്കുന്നതില്‍ ഏറെ സന്തോഷിക്കാറില്ല, കാരണം 14 ചിത്രങ്ങള്‍ തന്‍റെ ഓര്‍മ്മയില്‍ ഉണ്ടെന്നും അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.