മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' എന്ന ചിത്രത്തിനൊപ്പം ഒരു സര്‍പ്രൈസും

കാത്തിരുപ്പ് ഉയര്‍ത്തുന്ന ചില ചിത്രങ്ങളുടെ ടീസറുകളും ട്രെയ്‍ലറുകളുമൊക്കെ വന്‍ ഹൈപ്പോടെ എത്തുന്ന ചില ചിത്രങ്ങളുടെ ആദ്യ ഷോകള്‍ക്കൊപ്പം തിയറ്ററുകളില്‍ റിലീസ് ചെയ്യാറുണ്ട്. അത്രത്തോളം കാണികളിലേക്ക് അത് എത്തും എന്നതാണ് ഇത്തരത്തില്‍ പ്ലാന്‍ ചെയ്യുന്നതിന്‍റെ പ്രയോജനം. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ടീസര്‍ റിലീസ് മലയാളത്തില്‍ സംഭവിക്കുകയാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന പേട്രിയറ്റിനൊപ്പം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക പൃഥ്വിരാജ് നായകനാവുന്ന ഐ നോബഡിയുടെ ടീസര്‍ ആണ്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്ത്യയൊട്ടാകെയുള്ള തെരഞ്ഞെടുത്ത തിയറ്ററുകളിലാണ് ടീസര്‍ പ്രദര്‍ശിപ്പിക്കുകയെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പേട്രിയറ്റിന്‍റെ ആദ്യ ദിന പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആവേശം പകരുന്ന പ്രഖ്യാപനമാണ് ഇത്.

Add Asianetnews as a Preferred SourcegooglePreferred

മമ്മൂട്ടി നായകനായെത്തിയ ശ്രദ്ധേയ ചിത്രം 'റോഷാക്കി'ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ നോബഡി. എന്ന് നിന്റെ മൊയ്‌ദീൻ, കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐ, നോബഡി. കൂടാതെ അശോകന്‍, മധുപാല്‍, ഹക്കിം ഷാജഹാന്‍, ലുക്മാന്‍, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങീ മികച്ച താരനിരയാണ് ചിത്രത്തിൻറെ ഭാഗമാവുന്നത്. ഇ 4 എന്റർടൈൻമെന്‍റ്സിന്‍റെയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുള്‍ തന്നെയാണ് ഐ, നോബഡിയുടെയും രചന നിർവഹിക്കുന്നത്. സോഷ്യോ- പൊളിറ്റിക്കൽ, ഡാർക്ക് ഹ്യൂമർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.

അതേസമയം മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നതിന്‍റെ പേരില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണനാണ് ചിത്രത്തിന്‍റെ സംവിധാനം. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രാജീവ് മേനോന്‍, രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറുകളില്‍ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മെയ് 1 നാണ് ചിത്രത്തിന്‍റെ റിലീസ്.

Asianet News Live | Assembly Election 2026 | Kerala Breaking News | Malayalam News | HD Live News