'രണ്ടാം പകുതി മുഴുമിക്കാൻ നിന്നില്ല'; മാര്‍ക്കോ കാണുന്നതിനിടെ തിയറ്റര്‍ വിട്ടു, കാരണം പറഞ്ഞ് തെലുങ്ക് താരം

ചിത്രം ഉത്തരേന്ത്യയില്‍ വലിയ പ്രതികരണമാണ് നേടിയത്

i walked out of theatre with wife while watching marco movie unni mukundan

മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രമായി വിശേഷിപ്പിക്കപ്പെട്ട മാര്‍ക്കോയ്ക്ക് ടെലിവിഷന്‍ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍റേതായിരുന്നു തീരുമാനം. യു അല്ലെങ്കിൽ യു/ എ സര്‍ട്ടിഫിക്കറ്റ് വിഭാഗത്തിലേക്ക് മാറ്റാൻ പറ്റാത്തത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. ഇപ്പോഴിതാ ചിത്രം തിയറ്ററില്‍ കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് തെലുങ്ക് യുവതാരം കിരണ്‍ അബ്ബാവാരം. ഗലാട്ട തെലുങ്കിന് നല്‍കിയ അഭിമുഖത്തിലാണ് കിരണിന്‍റെ പ്രതികരണം.

സിനിമകള്‍ പ്രേക്ഷകരില്‍ സൃഷ്ടിക്കുന്ന സ്വാധീനത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് മാര്‍ക്കോ കണ്ടിരുന്നോ എന്ന് കിരണിന് നേരെ ചോദ്യം എത്തിയത്. തിയറ്ററില്‍ത്തന്നെ കണ്ടിരുന്നുവെന്നും എന്നാല്‍ ചിത്രം തനിക്കും ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും പൂര്‍ത്തിയാക്കാനായില്ലെന്നും കിരണ്‍ അബ്ബാവാരം പറഞ്ഞു. "മാര്‍ക്കോ ഞാന്‍ കണ്ടു. പക്ഷേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതി നടക്കവെ തിയറ്ററില്‍ നിന്ന് ഞാന്‍ ഇറങ്ങിപ്പോന്നു. ചിത്രത്തിലെ വയലന്‍സ് എന്നെ സംബന്ധിച്ച് കുറച്ച് കൂടുതല്‍ ആയിരുന്നു. ഭാര്യയ്ക്കൊപ്പമാണ് ഞാന്‍ പടം കാണാന്‍ പോയത്. അവള്‍ ഗര്‍ഭിണി ആയിരുന്നു. സിനിമ ഞങ്ങള്‍ക്ക് ദഹിച്ചില്ല. അതിനാല്‍ ഇറങ്ങിപ്പോന്നു. അവള്‍ക്കും ആ ചിത്രം കണ്ടിരിക്കല്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല", ചിത്രത്തിന്‍റെ പ്രീ ക്ലൈമാക്സിന് മുന്‍പേ തങ്ങള്‍ തിയറ്റര്‍ വിട്ടിറങ്ങിയെന്നും കിരണ്‍ അബ്ബാവാരം പറയുന്നു.

"സിനിമ ആളുകളെ സ്വാധീനിക്കും. സ്ക്രീനില്‍ എന്താണോ കണ്ടത് ഒരു മൂന്ന് ദിവസത്തേക്കെങ്കിലും അത് നമ്മുടെ മനസില്‍ കിടക്കും. എല്ലാവരുടെയും മനോനില ഒന്നാവണമെന്നില്ല. സിനിമ സിനിമയായി മാത്രം കാണുന്നവര്‍ ഉണ്ടാവും. എന്നാല്‍ അതില്‍ നിന്ന് ചിലതൊക്കെ സ്വാംശീകരിക്കുന്ന പ്രേക്ഷകരും ഉണ്ട്. സിനിമ ഇന്ന് എന്നെ സ്വാധീനിക്കുന്നില്ല. എന്നാല്‍ കൌമാരത്തിലും ഇരുപതുകളുടെ തുടക്കത്തിലുമൊന്നും ഞാനും സിനിമയാല്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്", കിരണ്‍ അബ്ബാവാരം പറഞ്ഞവസാനിപ്പിക്കുന്നു.

ALSO READ : ഹരീഷ് പേരടി നിര്‍മ്മാണം; 'ദാസേട്ടന്‍റെ സൈക്കിൾ' തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios