ഇന്ത്യന്‍ സിനിമയുടെ ആഗോള ബ്രാന്‍റായി മാറിയ നടനാണ് ഇര്‍ഫാന്‍ ഖാന്‍. രണ്ട് വര്‍ഷത്തോളമായി അപൂര്‍വ്വ ക്യാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം അസുഖം ഭേധമായി ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് മരണത്തിന കീഴടങ്ങിയത്. മരിക്കുന്നതിന് ഒരു മാസം മുമ്പ് മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചും ഭാവി പ്രതീക്ഷകളെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. 

അഭിമുഖത്തിലുടനീളം ഭാര്യ സുതപയെക്കുറിച്ചും അവരുടെ കരുതലിനെക്കുറിച്ചുമാണ് ഇര്‍ഫാന്‍ സംസാരിച്ചത്. ''എന്താണ് സുതപയെക്കുറിച്ച് പറയുക? മുഴുവന്‍ സമയവും അവള്‍ ഒപ്പമുണ്ടായിരുന്നു. ഇപ്പോഴെനിക്ക് ജീവിതം തിരിച്ചുകിട്ടിയെങ്കില്‍ ഇനി എനിക്ക് അവള്‍ക്ക് വേണ്ടി ജീവിക്കണം. ഞാന്‍ ഇപ്പോഴും ജീവനോടെയിരിക്കാന്‍ കാരണം അവളാണ്.'' - ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞിരുന്നു. 

റോളര്‍ കോസ്റ്ററിലെ യാത്രപോലെ സന്തോഷവും ഓര്‍മ്മകളും നിറഞ്ഞതായിരുന്നു ചികിത്സാ കാലം. കുറച്ച് കരയുകയും കുറേ ചിരിക്കുകയും ചെയ്തു. ക്യാന്‍സര്‍ തന്നില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുമാറിയിട്ടില്ല. അങ്ക്രേസി മീഡിയത്തിന്‍റെ പ്രമോഷനായി ഇറങ്ങാന്‍ സാധിക്കില്ല. അനാവശ്യമായ അതിഥികള്‍ തന്‍റെ ശരീരത്തിലുണ്ടെന്നുമെല്ലാം അന്ന് നടന്ന അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

മാര്‍ച്ച് 2018 ലാണ് ഇര്‍ഫാന്‍ ഖാന് ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. താരം തന്നെയാണ് ഇത് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ ഇര്‍ഫാന്‍ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയി. 2019 ഫെബ്രുവരിയിലാണ് അദ്ദേഹം തിരിച്ച് ഇന്ത്യയിലേക്ക് വന്നത്. കുറഞ്ഞ ദിവസംകൊണ്ട് അംഗ്രേസി മീഡ‍ിയത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി ബാക്കി ചികിത്സകള്‍ക്കായി അദ്ദേഹം വീണ്ടും ലണ്ടനിലേക്ക് മടങ്ങി.  കഴിഞ്ഞ സെപ്തംബറിലായിരുന്നു അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയത്. പിന്നിട് അദ്ദേഹം ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തി.

അനാരോഗ്യത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കണ്ടെത്താന്‍ ഏറ്റവും വിഷമതയുള്ള ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ആയിരുന്നു അദ്ദേഹത്തിന്. ആന്തരീകാവയവങ്ങളെയാണ് പ്രധാനമായും ഇത് ബാധിക്കുക. പലപ്പോഴും കാര്യമായ ലക്ഷണങ്ങള്‍ പോലും പ്രകടിപ്പിക്കില്ല. തൊലിപ്പുറത്തെ തടിപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള മാറ്റവുമാണ് രോഗത്തിന്‍റെ പ്രകടമായ പ്രധാന ലക്ഷങ്ങള്‍.  കാര്യമായ ലക്ഷണങ്ങളില്ലാത്തത് കൊണ്ടുതന്നെ രോഗം കണ്ടെത്താനും വളരെ ബുദ്ധിമുട്ടാണ്.

വളരെ പതിയെ മാത്രം വളര്‍ന്ന്  ശരീരമാകെ പടരാന്‍ സാധ്യതയുള്ള ഒരിനം ട്യൂമറാണിത്. രോഗത്തിന്റെ ഘട്ടം അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. ചിലര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായിവരും. മറ്റ് ചിലര്‍ക്ക് റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങിയ ചികിത്സാരീതികളും ആവശ്യമായി വരും.