വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മീനാക്ഷി അനൂപ്.

ടെലിവിഷൻ അവതാരകയായും സിനിമാ താരമായും പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് മീനാക്ഷി അനൂപ്. അവതരണത്തിനൊപ്പം, അമര്‍ അക്ബര്‍ അന്തോണി, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ഒപ്പം എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും മീനാക്ഷിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. മീനാക്ഷി പങ്കുവെയ്ക്കുന്ന പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. 'പാലും പശുവും ചില തുടർ ചിന്തകളും' എന്ന തലക്കെട്ടിലാണ് മീനാക്ഷിയുടെ പുതിയ പോസ്റ്റ്. ഒരു ഇൻറർവ്യൂവിൽ സയന്റിഫിക് ടെമ്പർ കൊണ്ട് എന്താണ് പ്രയോജനം എന്നതിനൊരുദാഹരണമായി പശുവിന് നമുക്ക് പാൽ തരുക എന്ന ഉദ്ദേശ്യമോ കടമയോ ഇല്ല എന്നു പറഞ്ഞിരുന്നു. ഈ ഭാഗം മാത്രമായി ചിലയിടത്ത് പ്രചരിക്കുന്നതായും ചില കമൻറുകൾ വരുന്നതായും ശ്രദ്ധയിൽ പെട്ടതിനാലാണ് പുതിയ പോസ്റ്റ് എന്നാണ് മീനാക്ഷി പറയുന്നത്.

എന്നാൽ ഈ പോസ്റ്റിനു താഴെ വന്ന ഒരു വിമർശനത്തിന് മീനാക്ഷി നൽകിയ മറുപടിയും ശ്രദ്ധ നേടുകയാണ്. ''എന്തിനാണ് കുട്ടീ കൊച്ചു വായിൽ വലിയ വർത്തമാനങ്ങൾ പോസ്റ്റ് ആക്കി ഇടുന്നത്. ഭാവി ജീവിതത്തെക്കുറിച്ച് ആലോചിച്ചു ജീവിക്കൂ. 40 വയസ്സ് ആവട്ടെ, അപ്പോഴേക്കും ചർച്ച ചെയ്യാം. വ്യൂസ് ആണ് വേണ്ടതെങ്കിൽ ഒന്നും പറയാനില്ല'', എന്നായിരുന്നു കമന്റ്. ''ഇതൊന്നും വലിയ വർത്തമാനങ്ങളല്ല, അറിവുകൾ മാത്രമാണ്. അറിവുകൾക്ക് നമ്മെ മാറ്റിമറിക്കാൻ കഴിയും.

ഈ അറിവുകൾ വഴി എനിക്കെന്റെ നായകളും മണിയൻ പൂച്ചയുമൊക്കെ കൂടുതൽ പ്രിയപ്പെട്ടവരാകുന്നു. പിന്നെ ഇപ്പോൾ ( ഈ കാലത്ത് ) അറിവുകൾ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു അഥവാ അപ്ഡേറ്റഡ് ആവുന്നു. ആ നിലയ്ക്ക് 40 വയസ്സിൽ വിഷയങ്ങളും വിവരങ്ങളും പാടെ മാറിയിട്ടുണ്ടാവും. കൂടുതൽ വ്യൂസ് ഉണ്ടായാൽ കൂടുതൽ ആൾക്കാരിലേയ്ക്ക് എത്തുക എന്നുകൂടിയുണ്ട് ആ നിലയ്ക്ക് അതിഷ്‍ടവുമാണ്. ക്ഷമിക്കുമല്ലോ'', എന്നാണ് മീനാക്ഷി മറുപടിയായി കുറിച്ചത്.‌

അതേസമയം, മീനാക്ഷിയുടെ അഭിപ്രായത്തെ അനുകൂലിച്ച് കമന്റ് ചെയ്യുന്നവരും ധാരാളമുണ്ട്. വായിച്ച് വളരുന്നതിന്റെ ഗുണം മീനാക്ഷിയുടെ എഴുത്തുകൾക്ക് ഉണ്ടെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക