മന്ത്രിയാവാന്‍ അവസരം ലഭിച്ചാല്‍ ഏത് വകുപ്പ് തെരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് അഖില്‍ മാരാരുടെ പ്രതികരണം

മന്ത്രിയാവാന്‍ അവസരം ലഭിച്ചാല്‍ തനിക്ക് താല്‍പര്യമുള്ള വകുപ്പ് ഏതെന്ന് പറഞ്ഞ് തൃക്കാക്കര മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍. അങ്ങനെ ഒരു അവസരം ലഭിച്ചാല്‍ പൊതുഭരണം, ആഭ്യന്തരം, ​ഗതാ​ഗതം ഇതില്‍ ഏത് വകുപ്പ് തെരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു അഖില്‍ മാരാര്‍. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ മാരാരുടെ മറുപടി. വിദ്യാഭ്യാസ വകുപ്പ് എന്നാണ് ഈ ചോദ്യത്തിന് അഖില്‍ നല്‍കുന്ന മറുപടി. ഒപ്പം അതിനുള്ള കാരണവും വിശദീകരിക്കുന്നുണ്ട്‍ അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

“ഒരു നാടിനെ മാറ്റിമറിക്കാൻ പറ്റുന്ന ഏറ്റവും നല്ല വകുപ്പ് വിദ്യാഭ്യാസ വകുപ്പ് ആണ്. കാലഹരണപ്പെട്ട ആശയങ്ങളാണ് പഠിപ്പിക്കുന്നത്. പുതിയ കാലഘട്ടത്തിൽ നടക്കാൻ പോകുന്ന മാറ്റങ്ങൾ തിരിച്ചറിയാതെ നമ്മുടെ കുട്ടികളെ പഴയ സിസ്റ്റങ്ങൾ കുത്തിക്കയറ്റി പഠിപ്പിച്ച് ഭാവിയിൽ അവരെ എങ്ങനെ ജീവിക്കണമെന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു പഴയ സിസ്റ്റം, ഇങ്ങനെ വിഷം പോലെ കുത്തിവച്ച് കൊടുക്കുകയാണ്. ഞാൻ സ്കൂളിൽ ഫസ്റ്റ് മാർക്ക് മേടിച്ച് പാസായ ഒരുത്തനാണ്. എന്നെ സ്കൂളിൽ പഠിപ്പിച്ച ഒന്നും എനിക്ക് ഇന്നത്തെ കാലത്ത് പ്രയോജനപ്പെട്ടിട്ടില്ല.”

“ഫേസ്ബുക്കിൽ നിന്നോ യൂട്യൂബിൽ നിന്നോ എങ്ങനെ വരുമാനം കിട്ടുമെന്ന് 2000- 2003ൽ പാസായ എന്നെ ആരും പഠിപ്പിച്ചു തന്നിട്ടില്ല. അന്നത്തെ തലമുറയിലെ അധ്യാപകർക്കോ വിദ്യാഭ്യാസ മന്ത്രിക്കോ ഒരിക്കലും അറിയാൻ കഴിയില്ലായിരുന്നു 2020 ൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്. കാലഘട്ടത്തെ മുൻകൂട്ടി മനസ്സിലാക്കി ഒരു 15 വർഷം കഴിഞ്ഞിട്ട് കുട്ടികൾക്ക് ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന ഒരു സിസ്റ്റം ഒരുക്കി കൊടുക്കണമെങ്കിൽ, സർ​ഗാത്മകതയുള്ള ഒരുവന്റെ കഴിവിന് പ്രാധാന്യം കൊടുക്കണമെങ്കില്‍, യേശുദാസിനെ പഠിപ്പിച്ച് പാട്ടുകാരനാക്കി മാറ്റുന്നതാണ് വിദ്യാഭ്യാസം എന്നും സച്ചിൻ ടെണ്ടുൽക്കർക്ക് ബാറ്റ് എടുത്തു കൊടുക്കുന്നതാണ് വിദ്യാഭ്യാസം എന്നും യേശുദാസിനെ ഡോക്ടർ ആക്കി കഴിഞ്ഞാൽ അയാൾ ഓപ്പറേഷൻ ചെയ്ത് ആരെങ്കിലും കൊല്ലുമെന്ന് നമ്മൾ തിരിച്ചറിയണം. കാരണം അയാളുടെ കഴിവ് കിടക്കുന്നത് സംഗീതത്തിലാണ്. സച്ചിന് ബാറ്റാണ് കൊടുക്കേണ്ടത്. സച്ചിനെ എഞ്ചിനീയർ ആക്കിയാൽ ചിലപ്പോൾ പണിയുന്ന ബിൽഡിങ് പൊളിഞ്ഞു വീഴുമെന്നും മനസ്സിലാക്കാനുള്ള ബോധം അധ്യാപകർക്ക് ഉണ്ടാവണം. അധ്യാപകർക്ക് അത് ഉണ്ടാവണമെങ്കിൽ കൃത്യമായ ഒരു സിസ്റ്റം ആ അധ്യാപകന്റെ അടുത്ത് എത്തിക്കണം. കുട്ടികളുടെ കഴിവ് സർ​ഗാത്മകമായിട്ട് തിരിച്ചറിഞ്ഞ് മുന്നോട്ടു കൊണ്ടുപോകുന്ന ഒരു വിദ്യാഭ്യാസം ഉണ്ടെങ്കിൽ മാത്രമേ ഒരു ഭാവി രൂപപ്പെടുത്തി എടുക്കാൻ പറ്റൂ”, അഖില്‍ മാരാരുടെ വാക്കുകള്‍.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News