നാല് സിനിമകളുടെ പ്രതിഫലം ഒരു നിർമ്മാതാവ് തരാനുണ്ടെന്ന നടി നിഖില വിമലിന്‍റെ പ്രസ്താവന വലിയ ചർച്ചയായിരുന്നു
ഒരു നിര്‍മ്മാതാവ് അഭിനയിച്ച നാല് സിനിമകളുടെ പ്രതിഫലം തനിക്ക് തരാനുണ്ടെന്ന് നടി നിഖില വിമല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. നിര്‍മ്മാതാവിന്‍റെ പേര് പറയാതെയായിരുന്നു നിഖിലയുടെ പരാമര്‍ശം. എന്നാല്‍ അത് ഏത് നിര്‍മ്മാതാവ് ആയിരിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ നടന്ന ചര്‍ച്ചകളില്‍ ഉയര്‍ന്നുകേട്ട പേരുകളിലൊന്ന് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍ എം ബാദുഷയുടേതായിരുന്നു. ഇപ്പോഴിതാ നിഖിലയുടെ പരാമര്‍ശത്തെക്കുറിച്ചും അതേക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ തന്‍റെ പേര് വന്നതിനെക്കുറിച്ചും പ്രതികരിക്കുകയാണ് ബാദുഷ. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബാദുഷയുടെ പ്രതികരണം.
“നിഖില എന്‍റെ പേര് പറഞ്ഞിട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട എന്ത് കമന്‍റ് വന്നാലും സോഷ്യല്‍ മീഡിയയില്‍ അതിനടിയില്‍ എന്‍റെ പേര് ഉറപ്പായിട്ടും ഉണ്ടാവും”, ബാദുഷ പറയുന്നു. നാല് സിനിമകളിലോളം ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നതുകൊണ്ടുകൂടിയാണ് താങ്കളുടെ പേര് ഈ വിവാദത്തിലേക്ക് ആളുകള്‍ പറയുന്നത് എന്ന ചോദ്യത്തിന് ബാദുഷയുടെ പ്രതികരണം ഇങ്ങനെ- “വര്‍ക്ക് ചെയ്തിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ ആ സിനിമയില്‍ ജോലി ചെയ്ത ആള്‍ക്കാരല്ലേ. അത് ഞാന്‍ പ്രൊഡ്യൂസ് ചെയ്ത സിനിമകളല്ലല്ലോ. നിര്‍മ്മാതാവ് പൈസ കൊടുക്കാനുണ്ടെന്നാണ് നിഖില പറഞ്ഞിരിക്കുന്നത്”, ബാദുഷ വ്യക്തമാക്കുന്നു.
നിഖില വിമല്‍ പറഞ്ഞത്
എനിക്ക് ഇപ്പോഴും ആളുകളോട് മുഖം കറുത്ത് സംസാരിക്കാന്‍ പറ്റില്ല. അതിനാല്‍ ഞാന്‍ തെരഞ്ഞെടുത്ത സംസാര രീതിയാണ് സര്‍ക്കാസം. അതിന്റെ ഗുണം എന്തെന്നാല്‍ എനിക്ക് പറയാനുള്ളത് പറയാം. ചിലപ്പോള്‍ കോമഡിയായി അതങ്ങ് പോകും. പക്ഷെ കിട്ടേണ്ടവര്‍ക്ക് കൃത്യമായി കിട്ടും. അതുകൊണ്ട് ചിലപ്പോള്‍ എനിക്ക് അഹങ്കാരി ലേബല്‍ ഉണ്ടായേക്കാം. പക്ഷെ അതിനാല്‍ എന്നോട് അനാവശ്യ സംസാരങ്ങളും എന്നെ ടേക്കണ്‍ ഫോര്‍ ഗ്രാന്റഡ് ആക്കുന്നതും കുറവാണ്. ഇവിടെ തന്നെയുള്ളൊരു നിര്‍മാതാവ് എനിക്ക് പണം തരാനുണ്ട്. കണ്‍ട്രോളറായി ജോലി ചെയ്തിരുന്നു. മൂന്ന് നാല് സിനിമകളില്‍ പൈസ ബാക്കി തരാനുണ്ട്. അവസാനം ഞാന്‍ പറഞ്ഞു, നിങ്ങള്‍ പുതിയ വീട് വെക്കുന്നുണ്ടല്ലോ അതിലൊരു മുറി എനിക്ക് തന്നേക്കൂവെന്ന്. ഞാന്‍ വാടക തരേണ്ട കാര്യമില്ലല്ലോ. ഇപ്പോഴും എന്നെ കാണുമ്പോള്‍ അദ്ദേഹം അത് പറയും. ഞാനും അത് തന്നെ പറയും. എനിക്ക് എസിയൊക്കെയുള്ള മുറി മതി. ഇത്രയും പൈസ നിങ്ങള്‍ എനിക്ക് തരാനുണ്ട്. നിങ്ങളുടെ കയ്യില്‍ പൈസ ഇല്ലാത്തതു കൊണ്ടുമല്ല. ആ പണം കിട്ടിയില്ലെങ്കിലും കാണുമ്പോഴൊക്കെ പറയും.



