പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകും. വംശീയ പ്രശ്‍നങ്ങൾ പ്രമേയമാക്കിയ  ചിത്രങ്ങളാണ് ഇത്തവണ മേള പരിചയപ്പെടുത്തുന്നത്.

വംശവെറിയിൽ പത്ത് വയസ്സുകാരൻ മകൻ കൊലപ്പെട്ടതിന് പിന്നാലെ ബ്രിട്ടൻ വിടുന്ന നൈജീരിയൻ കുടുംബത്തിന്റെ കഥയാണ് /ബ്ലാക്ക് ഷീപ്പ്/ പറയുന്നത്. വിധി പിന്നെയും ഇവരെ കൊണ്ടെത്തിക്കുന്നത് വംശീയ വിദ്വേഷികളുടെ കൈകളിലേക്ക് തന്നെ.  കംബോഡിയൻ കൂട്ടക്കൊലയുടെ ഭയാനക ദൃശ്യങ്ങളിലേക്കാണ് /ഗ്രേവ്സ് വിത്ത് ഔട്ട് എ നേം/ കാണികളെ കൂട്ടിക്കൊട്ടുപോവുക. ലെബനീസ് ആഭ്യന്തര യുദ്ധത്തിൽ കാണാതായവരെ കുറിച്ച് ഓർമ്മപ്പെടുത്തുന്ന /ഇറേസ്..ആസെന്റ് ഓഫ് ഇൻവിസിബിൾ/, വിപ്ലവാനന്തര ലിബിയയെ കുറിച്ചുള്ള /ഫ്രീഡം ഫീൽഡ്/ എന്നിങ്ങനെ മനുഷ്യരുടെ നിസ്സഹായതിലേക്ക് മിഴി തുറക്കുന്ന നിരവധി ചിത്രങ്ങൾ മേളയിലുള്ളത്. കൈരളി തിയറ്ററിൽ വൈകിട്ട് ആറ് മണിക്ക് ഗവർണർ പി സദാശിവം മേള ഉദ്ഘാടനം ചെയ്യും. രണ്ട് യുവാക്കളുടെ ക്യാമറക്കാഴ്‍ചയിലൂടെ നേപ്പിൾസ് നഗരത്തിലെ ഇരുണ്ട പശ്ചാത്തലങ്ങളെ തുറന്നു കാട്ടുന്ന സെൽഫിയാണ് ഉദ്ഘാടന ചിത്രം.