പോസ്റ്റിന് താഴെ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോടെ ആളുകള്‍ ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്

കേരളത്തിന്‍റെ മുഖ്യമന്ത്രിയാവാന്‍ യോ​ഗ്യതയുള്ളവര്‍ രണ്ട് പേര്‍ ആണെന്ന് സംവിധായകന്‍ ഒമര്‍ ലുലു. തുടര്‍ ഭരണം കിട്ടിയാല്‍ പിണറായി വിജയനും ഭരണമാറ്റം ഉണ്ടായാല്‍ പി കെ കുഞ്ഞാലിക്കുട്ടിയുമാണ് ആ സ്ഥാനത്തിന് യോ​ഗ്യരെന്ന് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എന്തുകൊണ്ട് കുഞ്ഞാലിക്കുട്ടിയുടെ പേര് താന്‍ പറയുന്നുവെന്നും ഒമര്‍ വിശദീകരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഒമര്‍ ലുലുവിന്‍റെ പോസ്റ്റ്. പ്രസ്തുത പോസ്റ്റിന് താഴെ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോടെ ആളുകള്‍ ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്.

“കേരളത്തിന്‍റെ മുഖ്യമന്ത്രിയാവാൻ യോഗ്യത ഉള്ളവർ രണ്ട് പേർ. തുടർ ഭരണം കിട്ടിയാൽ പിണറായി വിജയൻ. ഹാട്രിക് ചീഫ് മിനിസ്റ്റര്‍. വലിയൊരു റെക്കോര്‍ഡ് ആണ് അത്. പ്രത്യേകിച്ചും കേരളത്തെ സംബന്ധിച്ച്. അതേസമയം ഭരണമാറ്റം വന്നാൽ പി കെ കുഞ്ഞാലിക്കുട്ടി. ഭാവിയിലെ കേരളത്തിന് രാഷ്ട്രീയ മിടുക്കും വികസന കാഴ്ചപ്പാടും വിദേശരാജ്യത്ത് അനുഭവസമ്പത്തും ഉള്ള ശക്തമായ ഒരു നേതാവ് തന്നെ വേണം മുന്നോട്ട് പോവാൻ. അത് പികെയോളം യോഗ്യത ഉള്ള മറ്റൊരു നേതാവ് ഇന്ന് യുഡിഎഫില്‍ ഇല്ല”, എന്നാണ് ഒമര്‍ ലുലുവിന്‍റെ കുറിപ്പ്.

കോണ്‍​ഗ്രസിനെ ഇന്ന് തന്നെ പൊളിക്കണോ എന്നാണ് പോസ്റ്റിന് താഴെയുള്ള ഒരു കമന്‍റ്. മുഖ്യമന്ത്രിയെ ആരാക്കണമെന്ന് ഭൂരിപക്ഷം കിട്ടിയതിന് ശേഷം യുഡിഎഫ് തീരുമാനിച്ചുകൊള്ളും എന്നാണ് മറ്റൊരു കമന്‍റ്. അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിനായി വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവരുടെ പേരുകളാണ് യുഡിഎഫ് ക്യാമ്പില്‍ നിന്ന് സജീവമായി ഉയർന്നു കേൾക്കുന്നത്. വോട്ടെണ്ണലിന് മുൻപുതന്നെ സോഷ്യൽ മീഡിയയിൽ നേതാക്കളുടെ അനുയായികൾ തമ്മിലുള്ള പോസ്റ്റർ, കമന്റ് യുദ്ധം പാർട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നാണ് ചില മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും വടംവലികളും കോണ്‍​ഗ്രസ് ഹൈക്കമാൻഡ് നിരീക്ഷിക്കുന്നുമുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഫോണിൽ സംസാരിക്കുകയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വിവരം തേടുകയും ചെയ്തു. നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ചരടുവലികൾ തുടങ്ങിയതോടെ ഹൈക്കമാൻഡ് അതീവ ജാഗ്രതയിലാണ്. തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് പരസ്യ പ്രതികരണം പാടില്ലെന്ന് എ ഐ സി സി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കേരളത്തിന്‍റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും ഇക്കാര്യത്തില്‍ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News