തിരുവനന്തപുരം: 25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രിയാണ് മേള ഉദ്ഘാടനം ചെയ്യുക. മേള പിന്നിട്ട 25 വർഷങ്ങളുടെ പ്രതീകമായി 25 തിരികൾ തെളിച്ചാണ് തുടക്കം. സമഗ്ര സംഭാവനയ്ക്കുള പുരസ്കാരം വിഖ്യാത സംവിധായകൻ ഷീൻ ലുക് ഗൊദാർദിനു വേണ്ടി മുതിർന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങും. നേരിട്ട് എത്താൻ ആവാത്തതിനാൽ ഓൺലൈൻ ആയി ഗൊദാർദ് ആശംസ അറിയിക്കും. 

ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്‌നിയന്‍ വംശഹത്യയുടെ കഥ പറയുന്ന 'ക്വോ വാഡിസ് ഐഡ'യാണ് ഉദ്ഘാടന ചിത്രം. കോവിഡ് നിയന്ത്രണങ്ങൾ കർശനമായതിനാൽ ഉദ്ഘാടന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കും റിസർവ് ചെയ്ത ഡെലിഗേറ്റുകൾക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. മുൻകൂട്ടി റിസർവ് ചെയ്തവർക്ക് മാത്രമാണ് സിനിമകൾ കാണാൻ അവസരം ഉണ്ടാവുക. രാവിലെ 9.30 മുതൽ തുടങ്ങി ആറ് വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള 18 സിനിമകള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും.

വളരെ സന്തോഷത്തിലും പ്രതീക്ഷയിലുമാണെന്ന് ചലചിത്ര അക്കാദമി ചെയർമാൻ കമൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. '2500 പ്രതിനിധികളെ പ്രതീക്ഷിക്കുന്നുണ്ട്. മേള നടത്താൻ കഴിയുന്നുവെന്നത് സന്തോഷവും വെല്ലുവിളിയുമാണ്. ചലചിത്ര പ്രവർത്തനം നിലച്ച കാലഘട്ടമാണ് കൊവിഡിന്റേത്. തിയേറ്റർ തുറന്നെങ്കിലും പ്രേക്ഷകരുടെ വലിയ തള്ളിക്കയറ്റം ഉണ്ടായില്ല. മേള ഇതിന് ഉത്തേജനമാകും. ഐഎഫ്എഫ്കെയിൽ മൂന്നാം ലോക രാജ്യങ്ങളിലെ സിനിമകളാണ് ചർച്ച ചെയ്യപ്പെടുന്നത്. ഇത്തവണയും അത് തന്നെയാവും ചർച്ച ചെയ്യുക.'

'കേരളത്തിലെ രാഷ്ട്രീയ വിഷയങ്ങൾ മേളയുടെ ചർച്ചാ വിഷയമല്ല. മനുഷ്യപക്ഷത്തുള്ള വിഷയങ്ങളുള്ള സിനിമകളാണ് ചർച്ചയാക്കപ്പെടുന്നത്. നല്ല സിനിമകൾ മാത്രമാണ് ചലചിത്ര അക്കാദമി തെരഞ്ഞെടുക്കുന്നത്.' കൊവിഡ് സാഹചര്യം ഡെലിഗേറ്റ്സുകൾ മനസിലാക്കി അനുസരിക്കുമെന്നാണ് കരുതുന്നതെന്നും കമൽ പറഞ്ഞു.

കൊവിഡ് സാഹചര്യത്തിൽ ഇക്കുറി ഉണ്ടാകില്ല എന്ന് ഉറപ്പിച്ചിടത്ത് നിന്ന് കേരള രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് യാഥാർത്ഥ്യമാവുകയാണ്. രജിസ്റ്റർ ചെയ്ത 20 ഡെലിഗേറ്റുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും മേളയൽ നിന്ന് കൂടുതൽ വ്യാപനമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ചലച്ചിത്ര അക്കാദമി. 1500 പേരെ പരിശോധിച്ചതിൽ 20 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവർക്ക് കാത്തിരുന്ന് കൊതിച്ച മേള നഷ്ടം. കൊവിഡ് നെഗറ്റീവായവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നതെങ്കിലും വ്യാപന ആശങ്ക അതുപോലെയുണ്ട്. തിയേറ്ററുകൾ അണുവിമുക്തമാക്കിയാണ് ഓരോ ഷോയും. വൈകിട്ട് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുമോയെന്ന് ഉറപ്പായിട്ടില്ല. ഉണ്ടാകില്ലെന്നുറപ്പിച്ചിടത്ത് നിന്നും പരിമിതികളോടെയെങ്കിലും ഉള്ളതുകൊണ്ടൊരു മേളക്കാലം.