Asianet News MalayalamAsianet News Malayalam

ഇത്തവണ ഐഎഫ്എഫ്കെ ഫെബ്രുവരി 10-ന്, നാല് മേഖലകളിലായി നടത്തും

പങ്കെടുക്കുന്നവർക്കെല്ലാം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ആന്‍റിജൻ ടെസ്റ്റ് നടത്തിയാൽ മതി. ഡെലിഗേറ്റ് ഫീ കുറച്ച് 750 രൂപയാക്കിയിട്ടുണ്ട്. അതത് മേഖലകളിൽത്തന്നെ ആളുകൾ പ്രവേശനം നേടണം.

iffk 2021 will be conducted from february 10 on four regions
Author
Thiruvananthapuram, First Published Jan 1, 2021, 3:22 PM IST

തിരുവനന്തപുരം: കൊവിഡ് കാരണം മുടങ്ങിയ 2020-ലെ രാജ്യാന്തരചലച്ചിത്രമേള 2021 ഫെബ്രുവരി 10-ന് നടത്തുമെന്ന് സാംസ്കാരികവകുപ്പ് മന്ത്രി എ കെ ബാലൻ. തിരുവനന്തപുരത്തിന് പകരം നാല് മേഖലകളിലായിട്ടാകും ഇത്തവണ ഐഎഫ്എഫ്കെ നടക്കുക. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിൽ പ്രത്യേകം മേളകൾ നടക്കും. 

പങ്കെടുക്കുന്നവർക്കെല്ലാം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ആന്‍റിജൻ ടെസ്റ്റ് നടത്തിയാൽ മതി. ഡെലിഗേറ്റ് ഫീ കുറച്ച് 750 രൂപയാക്കിയിട്ടുണ്ട്. അതത് മേഖലകളിൽത്തന്നെ ആളുകൾ പ്രവേശനം നേടണം.

ഫെബ്രുവരി 10-ന് തിരുവനന്തപുരത്താകും മേള തുടങ്ങുക. എറണാകുളത്ത് ഫെബ്രുവരി 17 മുതൽ 21 വരെ മേള നടക്കും. തലശ്ശേരിയിൽ മേള ഫെബ്രുവരി 23 മുതൽ 27 വരെയാകും. പാലക്കാട്ട് മാർച്ച് 1 മുതൽ അഞ്ച് വരെയും മേള നടക്കും. 

മേളയിൽ വിദേശപ്രതിനിധികൾ ഇത്തവണ നേരിട്ട് പങ്കെടുക്കില്ല. പകരം, ഓൺലൈൻ വഴിയാകും സംവാദങ്ങളെല്ലാം നടക്കുക. ഒരു ദിവസം നാല് സിനിമകളാകും ഒരു തീയറ്റററിൽ പ്രദർശിപ്പിക്കുക. ഓരോ ഷോയ്ക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ. 

കൊവിഡ് വ്യാപനത്തോത് കുറയുന്നുണ്ടോ എന്ന് നോക്കി മാത്രമേ തീയറ്ററുകൾ തുറക്കുന്ന കാര്യം തീരുമാനിക്കൂ എന്നും എ കെ ബാലൻ വ്യക്തമാക്കി. 1500 പേർ വീതം ഡെലിഗേറ്റുകളെ മാത്രമേ ഓരോ മേഖലകളിലേക്കും അനുവദിക്കൂ. ഓൺലൈൻ ബുക്കിംഗ് വഴി മാത്രമേ പ്രവേശനം നടത്തൂ. ഒരു തിയറ്ററിൽ 200 പേർക്ക് മാത്രമേ പ്രവേശനം നൽകൂ. ഓരോ മേഖലയിലും അഞ്ച് തീയറ്ററുകളിലായി അഞ്ച് ദിവസങ്ങളിലായാണ് മേള നടക്കുക. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാട്ടുമാണ് നടക്കുന്നത്. 

Follow Us:
Download App:
  • android
  • ios