തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ നാലിടങ്ങളിലായി നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സിനിമകൾ കാണാൻ അവസരം തലേദിവസം മുൻകൂട്ടി റിസർവ് ചെയ്തവർക്ക് മാത്രമെന്ന് ചലച്ചിത്രഅക്കാദമി ചെയർമാൻ കമൽ. ഇത്തവണ ക്യൂ നിന്ന് ആളുകളെ തീയറ്ററിൽ കയറ്റില്ല. കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് മാത്രമേ ഡെലിഗേറ്റുകളെ തിയറ്ററിനകത്ത് പ്രവേശിപ്പിക്കൂവെന്നും കമൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡെലിഗേറ്റുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും കൊവിഡ് കണക്കിലെടുത്ത് സഹകരിക്കണമെന്നും കമൽ അഭ്യർത്ഥിക്കുന്നു.

ഓൺലൈൻ ആയി മേള നടത്തുന്നത് പ്രായോഗികമല്ലെന്നാണ് കമൽ വ്യക്തമാക്കുന്നത്. ലോകത്തെ പല അന്താരാഷ്ട്ര ചലച്ചിത്രമേളകളും ഓൺലൈൻ ആയാണ് നടത്തുന്നത്. എന്നാൽ വളരെപ്പെട്ടെന്ന് ഇത്രയധികം സിനിമകൾ ഓൺലൈൻ പ്ലാറ്റ്‍ഫോമിൽ ഹോസ്റ്റ് ചെയ്യുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. അതിനാലാണ് നാലിടങ്ങളിലായി അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താൻ തീരുമാനിച്ചതെന്നും കമൽ പറഞ്ഞു.

എല്ലാ അനുമതികളും ലഭിച്ച്, എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചാണ് കേരളത്തിൽ നാലിടങ്ങളിലായി അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങുന്നതെന്ന് കമൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങളെയെല്ലാം കമൽ തള്ളിക്കളയുന്നു. ഇത്തരത്തിൽ നാലിടങ്ങളിലായി ചലച്ചിത്രമേളകൾ നടത്തുന്നത് വലിയ വെല്ലുവിളിയാണ്. എന്നിട്ടും അക്കാദമി ഇതിനായി കൃത്യം പ്ലാനിംഗോടെയാണ് മുന്നോട്ടുനീങ്ങുന്നതെന്നും കമൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

2021 ഫെബ്രുവരി 10-നാണ് അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങുന്നത്. സ്ഥിരം വേദിയായ തിരുവനന്തപുരത്ത് മാത്രം നടത്തുന്നതിന് പകരം നാല് മേഖലകളിലായിട്ടാകും ഇത്തവണ ഐഎഫ്എഫ്കെ നടക്കുക. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിൽ പ്രത്യേകം മേളകൾ നടക്കും. 

പങ്കെടുക്കുന്നവർക്കെല്ലാം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ആന്‍റിജൻ ടെസ്റ്റ് നടത്തിയാൽ മതി. ഡെലിഗേറ്റ് ഫീ കുറച്ച് 750 രൂപയാക്കിയിട്ടുണ്ട്. അതത് മേഖലകളിൽത്തന്നെ ആളുകൾ പ്രവേശനം നേടണം.

ഫെബ്രുവരി 10-ന് തിരുവനന്തപുരത്താകും മേള തുടങ്ങുക. എറണാകുളത്ത് ഫെബ്രുവരി 17 മുതൽ 21 വരെ മേള നടക്കും. തലശ്ശേരിയിൽ മേള ഫെബ്രുവരി 23 മുതൽ 27 വരെയാകും. പാലക്കാട്ട് മാർച്ച് 1 മുതൽ അഞ്ച് വരെയും മേള നടക്കും. 

മേളയിൽ വിദേശപ്രതിനിധികൾ ഇത്തവണ നേരിട്ട് പങ്കെടുക്കില്ല. പകരം, ഓൺലൈൻ വഴിയാകും സംവാദങ്ങളെല്ലാം നടക്കുക. ഒരു ദിവസം നാല് സിനിമകളാകും ഒരു തീയറ്റററിൽ പ്രദർശിപ്പിക്കുക. ഓരോ ഷോയ്ക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ. 

1500 പേർ വീതം ഡെലിഗേറ്റുകളെ മാത്രമേ ഓരോ മേഖലകളിലേക്കും അനുവദിക്കൂ. ഓൺലൈൻ ബുക്കിംഗ് വഴി മാത്രമേ പ്രവേശനം നടത്തൂ. ഒരു തിയറ്ററിൽ 200 പേർക്ക് മാത്രമേ പ്രവേശനം നൽകൂ. ഓരോ മേഖലയിലും അഞ്ച് തീയറ്ററുകളിലായി അഞ്ച് ദിവസങ്ങളിലായാണ് മേള നടക്കുക. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാട്ടുമാണ് നടക്കുന്നത്.