സൗബിന്‍ ഷാഹിര്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

'ജോസഫ്' (Joseph), 'നായാട്ട്' (Nayattu) എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ രചയിതാവ് ഷാഹി കബീര്‍ (Shahi Kabir) സംവിധായകനാവുന്നു. അന്‍വര്‍ റഷീദിന്‍റെ (Anwar Rasheed) പ്ലാന്‍ ടി ഫിലിംസും (Plan T Films) കഥാസ് മീഡിയ ലീമിറ്റഡും (Kadhaas Media Limited) ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ പേര് 'ഇലവീഴാ പൂഞ്ചിറ' (Ila Veezha Poonchira) എന്നാണ്. ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ഇന്നലെ നടന്നു.

സൗബിന്‍ ഷാഹിര്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുധി കോപ്പ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംവിധാന അരങ്ങേറ്റ ചിത്രത്തിന്‍റെ തിരക്കഥ ഷാഹി കബീര്‍ അല്ല എഴുതുന്നത്. നിധീഷ് ജി, ഷാജി മാറാട് എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മനേഷ് മാധവന്‍ ആണ് ഛായാഗ്രഹണം. 'ജോസഫി'ന്‍റെ ഛായാഗ്രഹണവും ഇദ്ദേഹമായിരുന്നു. മറ്റ് സാങ്കേതിക പ്രവര്‍ത്തകരുടെയും താരങ്ങളുടെയും വിവരങ്ങള്‍ വൈകാതെ പുറത്തുവരും. പൂജ ചടങ്ങില്‍ അന്‍വര്‍ റഷീദ്, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, മാര്‍ട്ടിന്‍ പ്രക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

ജോജു ജോര്‍ജിന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു ഷാഹി കബീറിന്‍റെ ആദ്യ തിരക്കഥയായിരുന്ന ജോസഫ്. മലയാളത്തിലെ നായക നിരയിലേക്ക് ജോജുവിനെ പ്രതിഷ്‍ഠിച്ച ചിത്രം ബോക്സ് ഓഫീസ് വിജയവുമായിരുന്നു. ഷാഹിയുടെ രണ്ടാമത്തെ തിരക്കഥയായിരുന്ന നായാട്ടില്‍ കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും നിമിഷ സജയനുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം നിര്‍വ്വഹിച്ച ചിത്രം കൊവിഡ് ആദ്യ തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോഴാണ് റിലീസ് ചെയ്‍തത്. പിന്നീട് നെറ്റ്ഫ്ളിക്സിലൂടെയുള്ള ഒടിടി റിലീസിലും ചിത്രം കാര്യമായ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.