ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ചിത്രം കമല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു

പ്രഖ്യാപന സമയം മുതല്‍ കമല്‍ ഹാസന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ 2. എന്നാല്‍ സെറ്റിലെ അപകടമരണങ്ങളും കൊവിഡും അടക്കം നിരവധി കാരണങ്ങളാല്‍ ചിത്രീകരണം ഇടയ്ക്കുവച്ച് നിലച്ചിരുന്നു. സംവിധായകന്‍ ഷങ്കര്‍ രാം ചരണ്‍ നായകനാവുന്ന തെലുങ്ക് ചിത്രം ഈ ഇടവേളയില്‍ ആരംഭിച്ചുകയും ചെയ്‍തിരുന്നു. എന്നാല്‍ ഇപ്പോഴിതാ പ്രതിബന്ധങ്ങളെയൊക്കെ വകമാറ്റി ഇന്ത്യന്‍ 2 ന്‍റെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ്. 

ഷൂട്ടിംഗ് സെറ്റില്‍ എത്തിയ തന്‍റെ ചിത്രം കമല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. കമലിന് എടുക്കാനുദ്ദേശിക്കുന്ന രംഗങ്ങള്‍ വിശദീകരിച്ചു കൊടുക്കുന്ന ഷങ്കറിനെയും ചിത്രങ്ങളിലും ഒപ്പമുള്ള ഒരു ലഘു വീഡിയോയിലും കാണാം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളിയായി തമിഴിലെ ഒരു വലിയ ബാനര്‍ കൂടി അടുത്തിടെ ചേര്‍ന്നിരുന്നു. ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ് ആണ് ആ ബാനര്‍. സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസുമാണ് ചിത്രത്തിന്‍റെ മറ്റു രണ്ട് നിര്‍മ്മാണ പങ്കാളികള്‍.

ALSO READ : ഇരുമുടിക്കെട്ടേന്തി ഉണ്ണി മുകുന്ദന്‍; പിറന്നാള്‍ ദിനത്തില്‍ 'മാളികപ്പുറം' ഫസ്റ്റ് ലുക്ക്

Scroll to load tweet…

മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ചിത്രീകരണ സ്ഥലത്തെ അപകടത്തിനൊപ്പം കൊവിഡ് കാലവും കൂടാതെ സാമ്പത്തിക പ്രതിസന്ധികളും നിര്‍മ്മാണത്തെ ചിത്രത്തിന്‍റെ നിര്‍മ്മാണത്തെ പിന്നോട്ടടിച്ച കാര്യങ്ങളാണ്. 2018ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. 2020 ഫെബ്രുവരിയില്‍ ആയിരുന്നു ചിത്രീകരണസ്ഥലത്തെ അപകടം. അതേസമയം 1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്‌സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും തേടിയെത്തി. വിക്രത്തിന്‍റെ വന്‍ വിജയത്തിനു ശേഷം കമല്‍ ഹാസന്‍റേതായി എത്തുന്ന ചിത്രം എന്നത് ഇന്ത്യന്‍ 2 ന്‍റെ മൂല്യം വര്‍ധിപ്പിക്കുന്നുണ്ട്. കമല്‍ ഹാസന് വന്‍ തിരിച്ചുവരവ് നല്‍കിയ ചിത്രം 432 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്.