താന്‍ നായകനാവുന്ന പുതിയ ചിത്രം സാമ്രാട്ട് പൃഥ്വിരാജിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അക്ഷയ്

രാജ്യത്തെ ചരിത്ര പുസ്‍തകങ്ങളില്‍ അധിനിവേശക്കാരെക്കുറിച്ച് മാത്രമാണ് പറഞ്ഞിരിക്കുന്നതെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍ (Akshay Kumar). ഇന്ത്യയുടെ രാജാക്കന്മാരെക്കുറിച്ച് ഒരു പുസ്തകങ്ങളും പറയുന്നില്ലെന്നും അക്ഷയ് അഭിപ്രായപ്പെട്ടു. താന്‍ നായകനാവുന്ന പുതിയ ചിത്രം സാമ്രാട്ട് പൃഥ്വിരാജിന്‍റെ (Samrat Prithviraj) പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. മുഗൾ രാജാക്കന്മാരെക്കുറിച്ച് പഠിപ്പിക്കുന്നതിന് ഒപ്പം ഇന്ത്യയുടെ രാജാക്കന്മാരെ കുറിച്ചും പഠിപ്പിക്കണം എന്ന് വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെടുകയാണെന്നും അക്ഷയ് കുമാർ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി വാരണാസിയിലെ ഗംഗാതീരത്ത് എത്തിയ അക്ഷയ് കുമാര്‍ ആരതി നടത്തുകയും ഗംഗയില്‍ മുങ്ങുകയും ചെയ്തു. ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസ് വേള്‍ഡ് മാനുഷി ഛില്ലറും മറ്റ് അണിയറപ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പ്രിയതാരത്തെ നേരില്‍ കാണാനായി ആയിരങ്ങളാണ് ഗംഗാതീരത്ത് തടിച്ചുകൂടിയത്. 

View post on Instagram

ചന്ദ്രപ്രകാശ് ദ്വിവേദി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. പൃഥ്വിരാജ് ചൌഹാന്‍റെ ടൈറ്റില്‍ റോളിലാണ് അക്ഷയ് എത്തുക. മാനുഷി ഛില്ലറിന്‍റെ ബോളിവുഡ് അരങ്ങേറ്റമായ ചിത്രത്തില്‍ സഞ്ജയ് ദത്ത്, സോനു സൂദ്, മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ALSO READ : നടി ഷംന കാസിം വിവാഹിതയാവുന്നു; വരന്‍ ഷാനിദ് ആസിഫ് അലി

12-ാം നൂറ്റാണ്ടില്‍ രാജാവായിരുന്ന പൃഥ്വിരാജ് ചൌഹാനെക്കുറിച്ച് ചന്ദ് ബര്‍ദായി എഴുതിയ പൃഥ്വിരാജ് റാസൊ എന്ന ഇതിഹാസ കവിതയെ ആസ്പദമാക്കിയാണ് ചന്ദ്രപ്രകാശ് ദ്വിവേദി തിരക്കഥയൊരുക്കിയിരിക്കുന്നത്. മനുഷ് നന്ദന്‍ ആണ് ഛായാഗ്രാഹകന്‍. ശങ്കര്‍ എഹ്സാന്‍ ലോയ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം സഞ്ചിത് ബല്‍ഹര, അങ്കിത് ബല്‍ഹര എന്നിവരാണ്. യഷ് രാജ് ഫിലിംസ് ആണ് നിര്‍മ്മാണം.