തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്റെ 'അങ്ങ് വൈകുണ്ഡപുരത്ത്' എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് രാജ്യത്തിന് പുറത്തും ആരാധകര്‍ ഏറെയാണ്. ചിത്രത്തിലെ ബുട്ട ബൊമ്മ എന്ന പാട്ടിന് ചുവടുവയ്ക്കാത്തവര്‍ ഇല്ലെന്ന് തന്നെ പറയാം. സ്‌ക്രീനില്‍ അല്ലു അര്‍ജുനും പൂജ ഹെഗ്‌ഡെയുമാണ് ചുവടുവച്ചിരിക്കുന്നതെങ്കില്‍ ഇപ്പോള്‍ ഈ പാട്ടിനൊപ്പം നൃത്തം ചെയ്തിരിക്കുന്നത് ഇന്റിഗോ വിമാനത്തിലെ ജീവനക്കാരാണ്.

ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ വച്ചാണ് ഈ ഡാന്‍സ് ഷൂട്ട് ചെയ്തിരിക്കുന്നത്. പ്രൊഡ്യൂസര്‍ ജി ശ്രീനിവാസ കുമാര്‍ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ ഇന്റിഗോയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയും റീട്വീറ്റ് ചെയ്തു.

ജീവനക്കാരുടെ എനര്‍ജിയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ഇന്റിഗോയുടെ റീട്വീറ്റ്. നേരത്തേ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറും കുടുംബവും ഈ പാട്ടിന് ചുവടുവച്ചത് വൈറലായിരുന്നു. തെലുങ്ക് സിനിമയില്‍, ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വീഡിയോകളിലൊന്നായി ഈ ഗാനം മാറിയിരുന്നു.