റണ്‍വേട്ടക്കാരില്‍ 323 റണ്‍സുമായി ഹൈദരാബാദിന്‍റെ അഭിഷേക് ശര്‍മയാണ് ഒന്നാം സ്ഥാനത്ത്. 320 റണ്‍സുമായി ഹൈദരബാദിന്‍റെ ഹെന്‍റിച്ച് ക്ലാസന്‍ സഞ്ജുവിന് മുന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ നേടിയ അപരാജിത സെഞ്ചുറിയിലൂടെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ റോക്കറ്റ് പോലെ കുതിച്ച് ചെന്നൈയുടെ മലയാളി താരം സഞ്ജു സാംസൺ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് മുമ്പ് 192 റണ്‍സുമായി 21-ാം സ്ഥാനത്തായിരുന്നു സഞ്ജു. എന്നാല്‍ മുംബൈക്കെതിരായ സെഞ്ചുറിയോടെ സഞ്ജു 293 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഏഴ് കളികളില്‍ രണ്ട് സെഞ്ചുറിയടക്കം 58.60 ശരാശരിയിലും 178.65 സ്ട്രൈക്ക് റേറ്റിലുമാണ് സഞ്ജു 293 റണ്‍സടിച്ചത്. രണ്ട് സെഞ്ചുറികള്‍ നേടിയപ്പോഴും സഞ്ജു നോട്ടൗട്ടായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആയിരുന്നു ചെന്നൈ കുപ്പായത്തില്‍ സഞ്ജുവിന്‍റെ ആദ്യ സെഞ്ചുറി.

റണ്‍വേട്ടക്കാരില്‍ 323 റണ്‍സുമായി ഹൈദരാബാദിന്‍റെ അഭിഷേക് ശര്‍മയാണ് ഒന്നാം സ്ഥാനത്ത്. 320 റണ്‍സുമായി ഹൈദരബാദിന്‍റെ ഹെന്‍റിച്ച് ക്ലാസന്‍ സഞ്ജുവിന് മുന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്. 265 റണ്‍സുമായി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലാണ് സഞ്ജുവിന് പിന്നില്‍ നാലാമത് . വൈഭവ് സൂര്യവംശി(254), വിരാട് കോലി(247), യശസ്വി ജയ്സ്വാള്‍(245), ഇഷാന്‍ കിഷന്‍(238), രജത് പാട്ടീദാര്‍(230), കൂപ്പര്‍ കൊണോളി(223) എന്നിവരാണ് റണ്‍വേട്ടക്കാരുടെ ആദ്യ പത്തിലുള്ളത്.

ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിലിറങ്ങിയ ആദ്യ മൂന്ന് കളികളില്‍ സഞ്ജു ഒറ്റ അക്കത്തിന് പുറത്തായി നിരാശപ്പെടുത്തിയപ്പോള്‍ നാലാം മത്സരത്തില്‍ ഡല്‍ഹിക്കെതിരെ അപരാജിത സെഞ്ചുറിയും അഞ്ചാം മത്സരത്തില്‍ 48 റണ്‍സുമെടുത്ത് ടീമിന്‍റെ ടോപ് സ്കോററും വിജയശില്‍പിയുമായി പ്രതീക്ഷക്കൊത്ത് ഉയര്‍ന്നു. എന്നാല്‍ ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ സിക്സ് അടിച്ചു തുടങ്ങിയിട്ടും മൂന്നാം പന്തിൽ പുറത്തായി നിരാശപ്പെടുത്തിയിരുന്നു. മുംബൈക്കെതിരെയും ചെന്നൈയുടെ ടോപ് സ്കോററായി സ‍ഞ്ജു ഒരിക്കല്‍ കൂടി ടീമിന്‍റെ യഥാര്‍ത്ഥ തലയായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക