നടൻ ഇന്ദ്രജിത്ത് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നിർമ്മാതാവും നടനുമായ വിജയ് ബാബുവാണ് ഇക്കാര്യം അറിയിച്ചത്. വിജയ് ബാബുവിനൊപ്പമുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് മുരളിയാണ്. ‘അലുവ പോൽ ഒരു സ്വീറ്റ് സിനിമ‘ എന്നാണ് വിജയ് ചിത്രത്തെ വിശേഷിപ്പിച്ചത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ വിഷുദിനത്തിൽ പുറത്തുവിടും. 

‘ഒരു മികച്ച നടൻ, നല്ല മനുഷ്യൻ, പ്രിയ സുഹൃത്ത്. ഇന്ദ്രജിത്ത് സുകുമാരനുമായി സഹകരിച്ച് ഫ്രൈഡേ ഫിലിം ഹൗസിന്റെ അടുത്ത ചിത്രം മറ്റൊരു പ്രിയ സുഹൃത്ത് ശ്രീകാന്ത് മുരളിയുമായി ഒരുക്കുകയാണ്. അലുവ പോൽ ഒരു സ്വീറ്റ് സിനിമ…ടൈറ്റിലിനായി കാത്തിരിക്കുക… കൂടുതൽ വിവരങ്ങൾ ഏപ്രിൽ 14, വിഷു ദിനത്തിൽ വെളിപ്പെടുത്തും,’ എന്നാണ് വിജയ് ബാബു ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. 

വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ‘എബി’ എന്ന ചിത്രം സംവിധാനം ചെയ്തത് ശ്രീകാന്ത് മുരളിയായിരുന്നു. നിലവിൽ ‘അനുരാധ ക്രൈം നമ്പർ 59/2019’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇന്ദ്രജിത്ത്. ഷാന്‍ തുളസീധരൻ സംവിധാനം നിര്‍വഹിക്കുന്ന സിനിമയിൽ അനു സിത്താരയാണ് നായിക.