പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടന്‍ ഇന്ദ്രജിത്ത്. 'നാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്, മതേതരത്വം നീണാള്‍ വാഴട്ടെ', ഇന്ദ്രജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. ജാമില മിലിയ ഇസ്‌ലാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ മുഖമായി മാറിയ മലയാളി വിദ്യാര്‍ഥിനി ആയിഷത്ത് റെന്നയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇന്ദ്രജിത്തിന്റെ അഭിപ്രായപ്രകടനം. 

ജാമിയയില്‍ ഇന്നലെ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെയും പൊലീസ് അതിക്രമങ്ങളുടെയും ചിത്രങ്ങളില്‍ വൈറല്‍ ആയ ഒന്നായിരുന്നു ആയിഷത്തിന്റേത്. നാലഞ്ച് പേരുള്ള ഒരു വിദ്യാര്‍ഥി സംഘത്തെ പൊലീസ് ആക്രമിക്കുന്നതും അതിലൊരാള്‍ അവര്‍ക്കുനേരെ വില്‍ ചൂണ്ടുന്നതുമായിരുന്നു ചിത്രം. ഒപ്പമുണ്ടായിരുന്ന മലയാളി സുഹൃത്തുക്കള്‍ ഷഹീന്‍ അബ്ദുള്ളയ്ക്കും ലദീദയ്ക്കും പൊലീസ് മര്‍ദ്ദനമേറ്റപ്പോഴായിരുന്നു ആയിഷത്ത് റെന്ന പൊലീസിനുനേര്‍ക്ക് വിരല്‍ ചൂണ്ടിയത്.

അതേസമയം മലയാളസിനിമയില്‍ നിന്ന് ഒട്ടേറെ താരങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്നുവരുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കടന്നുവന്നു. പാര്‍വ്വതി, ആഷിക് അബു, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരൊക്കെ അഭിപ്രായപ്രകടനം നടത്തിയിരുന്നു.