ഷാങ്ഹായ്: സംവിധായകന്‍ ഡോക്ടര്‍ ബിജു ഫേസ്ബുക്ക് വഴി പുറത്തുവിട്ട ചിത്രം അതിവേഗമാണ് മലയാളിയുടെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് മലയാളത്തിന്‍റെ പ്രിയതാരം ഇന്ദ്രന്‍സും. ചൈനയിലെ ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ സ്യൂട്ടും ധരിച്ച് എത്തിയിരിക്കുന്ന ഇന്ദ്രന്‍സിന്‍റെ ചിത്രമാണ് ഇന്ദ്രൻസേട്ടൻ ...ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ എന്ന കുറിപ്പോടെ ഡോ. ബിജു പങ്കുവച്ചത്.

ഡോക്ടര്‍ ബിജുവിന്‍റെ വെയില്‍മരങ്ങള്‍ എന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രന്‍സാണ്. ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന 14 സിനിമകളില്‍ ഒന്നായി ചിത്രം മാറിയതില്‍ ഇന്ദ്രന്‍സ് നേരത്തെ സന്തോഷം പങ്കുവച്ചിരുന്നു. 

എന്നാല്‍ ചടങ്ങിലേക്ക് എത്തുമ്പോള്‍ സ്യൂട്ട് ധരിക്കണമെന്ന് സംഘാടകര്‍ അറിയിച്ചത് ആശങ്കയുണ്ടെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു കാരണം. സംസാരിക്കേണ്ടി വരുമെന്ന് അറിയാമെങ്കിലും അങ്ങനെ ഒരു കാര്യം താന്‍ പ്രതീക്ഷിച്ചില്ലെന്നാണ് താരം പറഞ്ഞത്. എന്നാല്‍ പുതിയ വേഷം ഇന്ദ്രന്‍സിന് അനിയോജ്യം എന്നാണ് ഇപ്പോള്‍ സൈബര്‍ ലോകം പറയുന്നത്.