Asianet News Malayalam

'വെറും പ്രേമം മാത്രമല്ല ജാൻ. എ. മൻ', ട്വിസ്റ്റുണ്ടെന്നും സംവിധായകൻ ചിദംബരം

ഹിറ്റായ 'ജാൻ എ മൻ' ടീസറിനെ കുറിച്ചും സിനിമയുടെ വിശേഷങ്ങളും പങ്കുവെച്ച് സംവിധായകൻ ചിദംബരം.

Inerview with director Chidambaram
Author
Kochi, First Published Jul 10, 2021, 5:40 PM IST
  • Facebook
  • Twitter
  • Whatsapp

'ജീവിതത്തില്‍ ഒരു ട്വിസ്റ്റ് പോലുമില്ലാത്തവനാണ് നമ്മുടെ കഥാനായകൻ'. ഇങ്ങനെ പറഞ്ഞാണ് ജാൻ. എ. മൻ  സിനിമയുടെ ടീസര്‍ എത്തിയത്. ടീസര്‍ ഹിറ്റാകുകയും ചെയ്‍തു. ട്വിസ്റ്റില്ലെന്ന് പറഞ്ഞെങ്കിലും എന്തൊക്കെയാകും ജാൻ. എ. മനില്‍ ഒളിപ്പിച്ചുവച്ചിരിക്കുക? എന്തുതരം സിനിമയായിരിക്കും?. ഇതാ ജാൻ. എ. മൻ എന്ന സിനിമയെ കുറിച്ചുള്ള സൂചനകള്‍ നല്‍കി സംവിധായകൻ ചിദംബരം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ എത്തിയിരിക്കുന്നു.

ട്വിസ്റ്റുകളില്ലാതെ എന്ത് ജീവിതം, എന്ത് സിനിമ?

ട്വിസ്റ്റില്ലാത്ത പടം നില്‍ക്കില്ലല്ലോ. ഇപ്പോള്‍ ഫുള്‍ ട്വിസ്റ്റാണല്ലോ. അതുകൊണ്ട്, ട്വിസ്റ്റില്ലാത്ത കഥാനായകൻ എന്നു പറഞ്ഞുവെന്നേയുള്ളൂ. മിസ് ലീഡ് ചെയ്യുക എന്ന് ഉദ്ദേശിച്ചുകൊണ്ടുതന്നെയാണ് ടീസറില്‍ അങ്ങനെയുള്ള രംഗം ഉള്‍ക്കൊള്ളിച്ചത്. ടീസറില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാകേണ്ട എന്ന വിചാരിച്ചിരുന്നു. ട്രെയിലര്‍ വരുമ്പോള്‍ സിനിമയുടെ സ്റ്റോറി ലൈനിനെ കുറിച്ചുള്ള സൂചനകള്‍ വ്യക്തമാകും. സിനിമയിലെ കഥാപാത്രങ്ങളെ ട്രെയിലറിലാണ് അവതരിപ്പിക്കുക. ഉടൻ തന്നെ ട്രെയിലറും പുറത്തുവിടാനാണ് ആലോചിക്കുന്നത്.

വെറും പ്രേമമല്ല 'ജാൻ. എ. മൻ'

'ജാൻ. എ. മൻ' ഉറുദുവാക്ക് തന്നെയാണ് സിനിമയുടെ പേരിന് ഉപയോഗിച്ചിരിക്കുന്നത്. 'ഡിയര്‍ വണ്‍' എന്ന അര്‍ഥമുള്ള വാക്ക്. പക്ഷേ അത് വെറും പ്രേമം മാത്രമല്ല. സുഹൃത്തുക്കളും സഹോദരങ്ങളുമൊക്കെ അങ്ങനെ പ്രിയപ്പെട്ടതുതന്നെയാണല്ലോ. സിനിമയുടെ മൊത്തം കഥയോട് ചേര്‍ന്നുനില്‍ക്കുന്നതു തന്നെയാണ് പേരും.

ഏകാന്തതയില്‍ ഉഴലുന്ന ചെറുപ്പക്കാരൻ

ടീസറില്‍ പറഞ്ഞതുപൊലെ ജീവിതമാകുന്ന ഏകാന്തതയുടെ തടവറയില്‍ കഴിഞ്ഞവൻ തന്നെയാണ് ബേസിലിന്റെ കഥാപാത്രം. കാനഡയില്‍ ഏകാന്തമായി ജോലി ചെയ്യുന്ന ഒരു നഴ്‍സാണ് ബേസില്‍ ജോസഫ്. ജീവിതം തിരിച്ചുപിടിക്കാൻ വേണ്ടി അദ്ദേഹം നാട്ടില്‍ വരുകയാണ്. ബേസിലിന്റെ കഥാപാത്രത്തിലൂടെ സിനിമ പോകുന്നുവെന്നേയുള്ളൂ. ഒറ്റൊരു നായകനല്ലാതെ എല്ലാവര്‍ക്കും തുല്യപ്രാധാന്യമുള്ള സിനിമയാണ് ഇത്. ബേസില്‍ ശരിക്കും സ്‍കോര്‍ ചെയ്യുന്നുമുണ്ട്.

കൊവിഡ് പൊസിറ്റീവാകാതെ ഷൂട്ടിംഗ്

ആദ്യത്തെ ലോക്ക് ഡൗണ്‍ കഴിഞ്ഞ് തുറന്നയുടനെയാണ് ഞങ്ങള്‍ ഷൂട്ട് തീര്‍ത്തത്. 35 ദിവസമാണ് ഷൂട്ടിംഗിന് എടുത്തത്. ഭാഗ്യത്തിന് ആര്‍ക്കും പൊസിറ്റീവായില്ല. എറണാകുളം തന്നെയായിരുന്നു പ്രധാന ലൊക്കേഷൻ.  കഴിഞ്ഞ നവംബറില്‍ ഷൂട്ടിംഗ് തീര്‍ത്തു. മിനിമല്‍ ക്ര്യൂവാണ് ഷൂട്ടിംഗിന് ഉണ്ടായത്. രണ്ടാമതും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാലാണ് പോസ്റ്റ് പ്രൊഡക്ഷൻ നീണ്ടത്.

തിയറ്ററിലെത്തി ചിരിക്കണം

ഒടിടി റിലീസല്ല. തിയറ്റര്‍ റിലീസ് തന്നെയാണ് ഞങ്ങള്‍ മുന്നില്‍ കാണുന്നത്. ആള്‍ക്കാര്‍ ഒരുമിച്ചിരുന്നു ചിരിക്കണം. ഒറ്റയ്‍ക്കിരുന്നു കാണുമ്പോള്‍ ചിരിക്കണമെന്നില്ല. ഒരുമിച്ചിരുന്നു കാണുമ്പോള്‍ ഒരാള്‍ ചിരിക്കുമ്പോള്‍ അടുത്തയാളും ചിരിക്കും. അങ്ങനെ ചിരി പടരുകയാണ് വേണ്ടത്. കോമഡി സിനിമയുടെ സൈക്കോളജി തന്നെ അങ്ങനെയാണല്ലോ. സുഹൃത്തുക്കളൊക്കെ ഒരുമിച്ചിരുന്ന് കാണേണ്ട സിനിമയാണ് ഇത്.

ആരൊക്കെ ഏതൊക്കെ കഥാപാത്രങ്ങള്‍, ട്രെയിലറില്‍ അറിയാം ഇക്കാര്യങ്ങള്‍

ട്രെയിലര്‍ പുറത്തുവിട്ടാലെ കഥാപാത്രങ്ങളുടെ കാര്യങ്ങള്‍ വെളിപ്പെടുത്താനാകൂ. സിനിമയിലെ അഭിനേതാക്കള്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് ജാൻ. എ. മനില്‍ എന്ന് ഉറപ്പിച്ചുപറയാൻ കഴിയും. മുഴുനീള കഥാപാത്രമായി ഡോക്ടറായിട്ടാണ് ഗണപതി അഭിനയിക്കുന്നത്. ബാലു വര്‍ഗീസ് ഇതുപോലെ ഒന്ന് ആദ്യമായിട്ടാണ് ചെയ്യുന്നത്. സിദ്ധാര്‍ഥ് ആദ്യമായിട്ടാണ് ഒരു കോമഡി റോള്‍ ചെയ്യുന്നത്. പയ്യൻമാരുടെ കൂടെ പിടിച്ചുനില്‍ക്കുന്ന കഥാപാത്രമാണ് ലാല്‍ സാറിന്റേത്.

'സംവിധായനാകാൻ ഒട്ടും വൈകിയിട്ടില്ല, ക്യാമറയാണ് അന്നം'

പന്ത്രണ്ട് വര്‍ഷത്തോളമായി സിനിമാ മേഖലയില്‍. പത്തൊമ്പതാം വയസില്‍ സംവിധായകൻ ജയരാജ് സാറിന്റെ അസിസ്റ്റന്റായാണ് തുടക്കം. കുറച്ച് സിനിമകള്‍ക്ക് ശേഷം ഛായാഗ്രാഹണത്തിലേക്ക് തിരിഞ്ഞു. തനു ബാലക്, രാജീവ് രവി തുടങ്ങിയവര്‍ക്ക് ഒപ്പമൊക്കെ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വീണ്ടും സംവിധാനത്തിലേക്ക് തിരിച്ചെത്തി. സംവിധായകൻ ആകാൻ വൈകിയെന്നൊന്നും തോന്നുന്നില്ല. തീരുമാനമായപ്പോള്‍ തന്നെ സിനിമ പൂര്‍ത്തിയാക്കാൻ പറ്റിയല്ലോ. അല്ലാതെ ഒന്നോ രണ്ടോ സിനിമയുടെ ഭാഗമായ ഉടൻ ചെയ്യുന്നതില്‍ കാര്യമില്ലല്ലോ. സംവിധായകനായാലും ക്യാമറ തന്നെയാണ് അന്നം തരുന്നത്.

അഭിനയം നോക്കിയില്ല, അതിന് ഗണപതിയുണ്ടല്ലോ

സിനിമയില്‍ അഭിനയരംഗത്തേയ്‍ക്ക് നോക്കിയിട്ടില്ല. അതിന് അനിയനായ ഗണപതിയുണ്ടല്ലോ. അവൻ മതി. സിനിമയുടെ സാങ്കേതിക മേഖലയിലാണ് പ്രവര്‍ത്തിക്കാൻ താല്‍പര്യം. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios