താരാ കല്യാണെ കുറിച്ച് അര്‍ജുൻ.

മലയാളികൾക്ക് പ്രിയങ്കരരായ താരകുടുംബമാണ് നടിയും നർത്തകിയുമായ താര കല്യാണിന്റേത്. താര കല്യാണിന്റെ അമ്മ സുബ്ബലക്ഷ്‍മിയും നടിയായിരുന്നു. മകൾ സൗഭാഗ്യ സോഷ്യൽ മീഡിയയിലെ താരമാണെങ്കിൽ മരുമകൻ അർജുൻ സോമശേഖർ അഭിനയരംഗത്ത് സജീവമാണ്. കുടുംബത്തിലെ വിശേഷങ്ങളും നല്ല നിമിഷങ്ങളുമെല്ലാം താരയും സൗഭാഗ്യയും അർജുനുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. താര കല്യാണിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു അര്‍ജുന്‍. അവിടെവച്ചുള്ള പരിചയമാണ് സൗഭാഗ്യയുമായുള്ള സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിയൊരുക്കിയത്.

അടുത്തിടെ താര കല്യാണിന്റെയും അർജുന്റെയും ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായിരുന്നു. താര കല്യാണിനെ അർജുൻ സ്നേഹത്തോടെ കവിളിൽ കടിക്കുന്നതായിരുന്നു വീഡിയോയിൽ. എന്നാൽ ഈ വീഡിയോ ചിലർ‌ മോശമായ രീതിയിൽ വ്യാഖ്യാനിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങൾ കണ്ട് വിഷമം തോന്നിയെന്ന് താര കല്യാൺ പ്രതികരിക്കുകയും ചെയ്തിരുന്നു. താര തനിക്ക് അമ്മായി അമ്മയല്ല, സ്വന്തോ അമ്മയാണെന്ന് അർജുനും പറയുന്നു. വെറൈറ്റി മീഡിയക്കു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

''അമ്മായിയമ്മ എന്നൊക്കെ പറഞ്ഞാൽ അവര്‍ എന്നെ ഓടിച്ചിട്ടിടിക്കും. അമ്മ എന്നേ പറയാവൂ. എനിക്ക് അപ്പനും അമ്മയും ഇല്ല.. എനിക്ക് എല്ലാം ടീച്ചറാണ്. ഇതു പറയുമ്പോൾ ഞാൻ ഇമോഷനലാകും. ഒരുത്തന്റെയടുത്തും ഇതൊന്നും പറയേണ്ട ആവശ്യമില്ല. എന്റെ അമ്മയെ എങ്ങനെ സ്നേഹിക്കണമെന്ന് എനിക്കറിയാം. ഞാൻ എന്റെ അമ്മയെ സ്നേഹിക്കുന്ന ഒരാളാണ്'', അർജുൻ പറഞ്ഞു.

വീഡിയോയ്ക്കു താഴെ നിരവധി പേർ അർജുനെ പിന്തുണച്ചു കൊണ്ട് പ്രതികരിക്കുന്നുണ്ട്. ''അർജുന് ഭാര്യയുടെ അമ്മയോടുള്ള സ്നേഹം കളങ്കമില്ലാത്തതാണ്.. അതിൽ ഒരു സംശയവുമില്ല'', എന്നാണ് ഒരാളുടെ കമന്റ്. ''അമ്മയെ സ്നേഹിക്കുന്നവർക്ക് ഭാര്യയുടെ അമ്മയേം അമ്മയായി തന്നെ കാണാൻ പറ്റും'', എന്നാണ് മറ്റൊരാളുടെ കമന്റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക