ഗൗരവമുള്ള കാര്യങ്ങള്‍ പോലും നര്‍മ്മം കലര്‍ത്തി പറഞ്ഞ് ശ്രദ്ധേയനാകാറുള്ള താരമാണ് ഇന്നസെന്റ്. സിനിമയില്‍ മാത്രമല്ല പുറത്തും ഇന്നസെന്റിന്റെ ചിരിതമാശകള്‍ക്ക് ഏറെ ആള്‍ക്കാറുണ്ട്. ഇന്നസെന്റിന്റെ തമാശകള്‍ ഓണ്‍ലൈനിലും തരംഗമാകാറുണ്ട്. ഇന്നസെന്റിന്റെ മുന്നിൽ ഇരിക്കുമ്പോൾ ചിരിക്കാൻ മാത്രമെ ഞാൻ വാ തുറക്കാറുള്ളുവെന്നാണ് താൻ നടൻ ഹരീഷ് പേരടി പറയുന്നത്. ബഷീറിയൻ കഥകൾ പോലെ ഒരു പാട് ചിന്തിപ്പിക്കുകയും ചെയ്‍തു. ഇന്നസെന്റിന്റെ ഒപ്പമുള്ള ഒരു ഫോട്ടോയും ഷെയര്‍ ചെയ്‍താണ് ഹരീഷ് പേരടി അനുഭവം പങ്കുവെയ്ക്കുന്നത്.

ഹരീഷ് പേരടിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്

കുഞ്ഞാലിമരക്കാറുടെ അവസാന ദിവസങ്ങളിൽ ഞങ്ങളെ പോലെയുള്ള പുതുതലമുറയെ സ്വന്തം മുറിയിലേക്ക് സ്വാഗതം ചെയ്‍ത് വയറ് നിറയെ ഭക്ഷണവും ഹൃദയംനിറയെ സ്നേഹവും വിളമ്പി തന്നപ്പോൾ എടുത്ത ചിത്രമാണ്. കടുത്ത ജീവിതാനുഭവങ്ങളിലൂടെ കടന്ന് പോയിട്ടും ജീവിതത്തെ ഇങ്ങനെ നർമ്മത്തോടും നിസ്സാരമായും കാണുന്ന മനുഷ്യൻ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തുകയും ബഷീറിയൻ കഥകൾ പോലെ ഒരുപാട് ചിന്തിപ്പിക്കുകയും ചെയ്‍തു. ഗൗരവമുള്ളത് എന്ന് നമ്മൾ കരുതുന്ന എല്ലാ വിഷയങ്ങൾക്കും ഇദ്ദേഹത്തിന്റെ കയ്യിൽ നർമ്മത്തിന്റെ മരുന്നുണ്ടാവും. ഇന്നസെന്റേട്ടന്റെ മുന്നിൽ ഇരിക്കുമ്പോൾ ചിരിക്കാൻ മാത്രമെ ഞാൻ വാ തുറക്കാറുള്ളു. മറ്റൊന്നിനും സമയം കിട്ടാറില്ല. കൊവിഡ് കാലത്തിനുശേഷം മലയാളത്തിന്റെ  ഹാസ്യ പാഠപുസ്‍തകത്തിനൊപ്പം അഭിനയം പങ്കുവെക്കാൻ കാത്തിരിക്കുകയാണ് ഞാൻ.