ഇരുവരും ജോഡിയായി വന്നാൽ എത്ര കണ്ടാലും മലയാളിക്ക് മതിവരുമായിരുന്നില്ലെന്നതാണ് തുടരടെതുടരെയുള്ള ഹിറ്റുകൾ പറഞ്ഞത്. അങ്ങനെയായിരുന്നു സ്ക്രീനിൽ ഇരുവരുടെയും കെമിസ്ട്രി.

ലയാളത്തിലെ ഹിറ്റ് ജോഡികളുടെ പട്ടികയെടുത്താൽ ഇന്നസെന്റ്-കെപിഎസി ലളിത കോംബോയെ ഒഴിവാക്കി ഒരു തെരഞ്ഞെടുപ്പ് അസാധ്യമായിരിക്കും. അത്രയുമുണ്ട് ഇരുവരും തകർത്തഭിനയിച്ച സിനിമകൾ. ഇരുവരും ജോഡിയായി വന്നാൽ എത്ര കണ്ടാലും മലയാളിക്ക് മതിവരുമായിരുന്നില്ലെന്നതാണ് തുടരടെതുടരെയുള്ള ഹിറ്റുകൾ പറഞ്ഞത്. അങ്ങനെയായിരുന്നു സ്ക്രീനിൽ ഇരുവരുടെയും കെമിസ്ട്രി. മലയാളിയെ ഇത്രയേറെ ചിരിപ്പിച്ച മറ്റൊരു ജോഡി ഉണ്ടാകുമോ എന്നതും സംശയമാണ്. ഈ കൂട്ടികെട്ടിലെ ഹാസ്യരം​ഗങ്ങൾ എത്ര തലമുറകൾ കഴിഞ്ഞാലും ചിരിക്കാനുള്ള വകയാകും. 

25ലേറെ സിനിമകളിലാണ് ഇരുവരും ജോഡിയായി അഭിനയിച്ചത്. അതിലേറെയും ഹിറ്റുകൾ എന്നതും പ്രത്യേകത. മണിച്ചിത്രത്താഴ്, കോട്ടയം കുഞ്ഞച്ചൻ, ഗോഡ്ഫാദർ, ഗജകേസരിയോഗം, മക്കൾ മാഹാത്മ്യം, പൊന്മുട്ടയിടുന്ന താറാവ്, ശുഭയാത്ര, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, വിയറ്റ്‌നാം കോളനി, കനൽകാറ്റ്, മൈഡിയർ മുത്തച്ഛൻ, ഉത്സവമേളം, കള്ളനും പൊലീസും, അർജുനൻ പിള്ളയും അഞ്ചുമക്കളും, അങ്ങനെ ഒരു അവധിക്കാലത്ത്, സാവിത്രിയുടെ അരഞ്ഞാണം, ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ്, പാവം പാവം രാജകുമാരൻ, അപൂർവം ചിലർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു. ജോഡിയായി അല്ലാതെയും നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു. പലപ്പോഴും ജോഡിയായി കെപിഎസി ലളിതയെ നിർമാതാക്കളോട് നിർദേശിച്ചിരുന്നതായി ഇന്നസെന്റ് വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമയിൽ പകരംവെക്കാനില്ലാത്ത നടിയാണ് കെപിഎസി ലളിതയെന്നായിരുന്നു ഇന്നസെന്റിന്റെ അഭിപ്രായം. 

അഭിനയം ബോറടിച്ചപ്പോള്‍ സിനിമയില്‍ നിന്ന് ലീവെടുത്ത ഇന്നസെന്‍റ്

2022 ഫെബ്രുവരി 22നാണ് കെപിഎസി ലളിത വിടപറയുന്നത്. അവരുടെ മരണത്തിന്റെ ഒരാണ്ട് പിന്നിടുമ്പോൾ ഇന്നസെന്റും ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. ഇരുവരും മലയാളിക്ക് സമ്മാനിച്ച മനോഹര നിമിഷങ്ങൾ സിനിമയും ലോകവും നിലനിൽക്കുവോളം മലയാളിയുടെ മനസ്സിൽ മായാത്ത ചിരിയായിരിക്കും.