ഇന്നസെന്റിന്റെ കരിയറിലെ വേറിട്ട കഥാപാത്രമായിരുന്നു വാര്യര്‍. ദേവാസുരം എന്ന സിനിമയിലെ കഥാപാത്രം. ഇന്നും ആ കഥാപാത്രത്തിന് ആരാധകരുണ്ട്. വാര്യരുടെ വേഷത്തിലേക്ക് തന്റെ പേര് നിര്‍ദ്ദേശിച്ചത് മോഹൻലാല്‍ ആയിരുന്നുവെന്ന് ഇന്നസെന്റ് പറയുന്നു. സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുമ്പോള്‍ മോഹൻലാല്‍ കാട്ടുന്ന തമാശകളെ കുറിച്ചും ഇന്നസെന്റ് പറയുന്നു.

ഒരു ദിവസം മോഹന്‍ലാല്‍ മുറിയില്‍ വന്ന് മുഖവുരയൊന്നുമില്ലാതെ എന്നോടു പറഞ്ഞു. ശശി സാര്‍ എന്നെവച്ച് ഒരു സിനിമ ചെയ്യുന്നു. ദേവാസുരം എന്നാണ് പേര്. രഞ്ജിത്താണ് തിരക്കഥാകൃത്ത് അതിലൊരു വേഷമുണ്ട്. അത് നിങ്ങള്‍ ചെയ്‍താല്‍ നല്ലതായിരിക്കുമെന്നുമായിരുന്നു പറഞ്ഞത്. ഇത്രയും പറഞ്ഞിട്ട് ദേവാസുരത്തിന്റെ തിരക്കഥ മോഹന്‍ലാല്‍ തനിക്ക് തരുകയുമായിരുന്നുവെന്നാണ് ഇന്നസെന്റ് പറയുന്നത്.  തിരക്കഥ വായിച്ചശേഷം ഞാന്‍ മോഹന്‍ലാലിനെ കാണാന്‍ അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയി. ദേവാസുരത്തിന്റെ സ്‍ക്രിപ്റ്റ് അയാളെ തിരിച്ചേല്‍പ്പിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ വാര്യരുടെ വേഷം ചെയ്യുന്നു, നീലകണ്ഠാ. മോഹന്‍ലാല്‍ ഉടനെ വന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.  ഇങ്ങനെയുള്ള വാര്യരെയാണ് എനിക്ക് ഇഷ്ടം.

ദേവാസുരത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയ നാളുകളില്‍ വര്‍ക്കൊക്കെ കഴിഞ്ഞ് തിരിച്ച് ഹോട്ടലിലെത്തുമ്പോള്‍ മോഹന്‍ലാല്‍ പറയും.

'ഇന്ന് രാത്രി നമ്മള്‍ നീലകണ്ഠനും വാര്യരുമായി ജീവിക്കും'

ഞാനത് അനുസരിക്കും.

കെട്ടിലും മട്ടിലും സംസാരത്തിലുമെല്ലാം ഞങ്ങള്‍ നാലകണ്ഠനും വാര്യരുമായി മാറും. രസകരമായിരുന്നു ആ നാളുകള്‍.

ചിലപ്പോള്‍ മോഹന്‍ലാലിന്റെ വിചിത്രമായ ആവശ്യങ്ങള്‍ വേറെയുമുണ്ടാകാറുണ്ട്. 'നമുക്ക് നഷ്‍ടമായ ആ ബാല്യത്തിലേക്ക് തിരിച്ചുപോയാലോ? നമ്മള്‍ രണ്ടുപേരും കുട്ടികളായി മാറാന്‍ പോകുന്നു'. അന്ന് പിന്നെ മോഹന്‍ലാല്‍ എന്നെ എടുത്തു കൊഞ്ചിക്കും. കൊച്ചുകുട്ടികളോടെന്നപോലെ സംസാരിക്കും. ഇത്തരം പിള്ളേരുകളികള്‍ മോഹന്‍ലാലിനിപ്പോഴുമുണ്ട്. - ഇന്നസന്റ് പറയുന്നു.

തനിക്ക് ഭ്രാന്ത് വരരുതെന്നേയെന്ന് മോഹന്‍ലാല്‍ പ്രാര്‍ഥിക്കുന്ന കഥയും ഇന്നസെന്റ് പറയുന്നു. എന്തുകൊണ്ടാണ് അങ്ങനെ പ്രാര്‍ഥിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'എന്റെ ബുദ്ധിമോശംകൊണ്ട് പല കാര്യങ്ങളും നിങ്ങളോടു തുറന്നുപറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് ഭ്രാന്തെങ്ങാനും വന്നാല്‍ അതെല്ലാം ലോകമറിയുമല്ലോ എന്നാണെന്റെ ഭയം. അതുകൊണ്ട് ഞാന്‍ ദൈവത്തോട് ഇപ്പോള്‍ സ്ഥിരമായി ആവശ്യപ്പെടാറുള്ളത് നിങ്ങള്‍ക്ക് ഭ്രാന്ത് വരരുതേ എന്നാണ്.' - മോഹന്‍ലാലിന്റെ തമാശകളെ കുറിച്ച് ഇന്നസെന്റ് പറയുന്നു.