1994 ഓ​ഗസ്റ്റ് 5 ന് തിയറ്ററുകളിലെത്തിയ ചിത്രം

ജനപ്രീതിയുടെ ചേരുവയെന്ത്, ഓരോ ചലച്ചിത്രപ്രവര്‍ത്തകനും എപ്പോഴും അന്വേഷിക്കുന്ന കാര്യമാണ് അത്. ചേരുവകളെന്ന് വിശ്വസിക്കുന്ന ചില കാര്യങ്ങള്‍ ചേര്‍ത്ത് എത്തുന്ന ചിത്രങ്ങള്‍ പലപ്പോഴും പരാജയം രുചിക്കുമ്പോള്‍ മറ്റ് ചില ചിത്രങ്ങള്‍ ഞെട്ടിക്കുന്ന വിജയങ്ങളും നേടാറുണ്ട്. അതിനാല്‍ത്തന്നെ ഒരു വിജയ ചിത്രത്തിന്‍റെ കൃത്യമായ ചേരുവയെന്നത് ആര്‍ക്കും അറിയാത്ത ഒന്നാണെന്നും പറയാറുണ്ട്. ജനപ്രീതിയില്‍ ഇന്ത്യന്‍ സിനിമാലോകത്തെ തന്നെ ഞെട്ടിച്ച ഒരു ചിത്രത്തിന്‍റെ 30-ാം റിലീസ് വാര്‍ഷികമാണ് ഇന്ന്. സൂരജ് ബര്‍ജാത്യയുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാനും മാധുരി ദീക്ഷിതും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹം ആപ്കേ ഹേ കോന്‍ എന്ന ഹിന്ദി ചിത്രമാണ് അത്.

1994 ഓ​ഗസ്റ്റ് 5 ന് തിയറ്ററുകളിലെത്തിയ ചിത്രം ജനപ്രീതിയില്‍ വിസ്മയം തന്നെ തീര്‍ത്ത ചിത്രമാണ്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സല്‍മാന്‍ ഖാന്‍, മാധുരി ദീക്ഷിത്, രേണുക ഷഹാനെ, മോഹ്നിഷ് ബാല്‍, സംവിധായകന്‍ സൂരജ് ബര്‍ജാത്യ തുടങ്ങിയവരുടെ കരിയറുകളില്‍ വന്‍ നേട്ടം സൃഷ്ടിച്ച ചിത്രം സിനിമാമേഖലയിലാകെ പോസിറ്റീവ് വൈബും അക്കാലത്ത് സൃഷ്ടിച്ചു. എന്തിനേറെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിം​ഗ് ഇല്ലാതിരുന്ന കാലത്ത് ബ്ലാക്കില്‍ ടിക്കറ്റ് വില്‍ക്കുന്നവര്‍ക്ക് പോലും ചിത്രം വന്‍ നേട്ടമാണ് ഉണ്ടാക്കിയതെന്നാണ് പറയപ്പെടുന്നത്. ചിത്രത്തിന്‍റെ 25-ാം വാര്‍ഷികാഘോഷത്തില്‍ അത്തരമൊരു ടിക്കറ്റ് കരിഞ്ചന്തക്കാരന്‍റെ നേട്ടത്തെക്കുറിച്ചും പലരും പറഞ്ഞിരുന്നു.

മുംബൈയിലെ പ്രശസ്തമായ മെട്രോ സിനിമ ഈ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് അറിയിച്ചപ്പോള്‍ ലിബര്‍ട്ടി തിയറ്റര്‍ യുവാക്കളുടെ ഈ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. എന്നാല്‍ ലിബര്‍ട്ടി തിയറ്റര്‍ അന്ന് നാശത്തിന്‍റെ വക്കില്‍ ആയിരുന്നു. സ്ത്രീകള്‍ക്ക് വൃത്തിയുള്ള ഒരു ശുചിമുറി പോലും ഇല്ലാതിരുന്ന തിയറ്ററില്‍ അതടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കണമെന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ രാജ്ശ്രീ പ്രൊഡക്ഷന്‍സ് അഭ്യര്‍ഥിച്ചു. തിയറ്റര്‍ മാനേജ്മെന്‍റ് അത് കേള്‍ക്കുകയും ചെയ്തു. സ്ത്രീകളുടെ ശുചിമുറിക്കൊപ്പം തിയറ്റര്‍ ഹാളില്‍ അന്നത്തെ വിസ്മയമായിരുന്ന അള്‍ട്രാ സ്റ്റീരിയോ സിസ്റ്റവും അവര്‍ കൊണ്ടുവന്നു.

ചിത്രം വന്‍ വിജയമായതിന്‍റെ ​ഗുണം ലിബര്‍ട്ടി തിയറ്ററിനും ലഭിച്ചു. ഓഫ് ലൈന്‍ അഡ്വാന്‍സ് ബുക്കിം​ഗ് ഉണ്ടായിരുന്ന കാലത്ത് ഒരു വര്‍ഷത്തോളം ഈ ചിത്രത്തിന്‍റെ മുഴുവന്‍ ടിക്കറ്റുകളും ഷോയ്ക്ക് മുന്‍പുതന്നെ വിറ്റുപോയി. ഒരു ടിക്കറ്റ് കരിഞ്ചന്തക്കാരന്‍ ഹം ആപ്കേ ഹേ കോനിന്‍റെ ടിക്കറ്റുകള്‍ വിറ്റ് മുംബൈയില്‍ രണ്ട് ഫ്ലാറ്റുകളാണ് വാങ്ങിയതെന്ന് 25-ാം വാര്‍ഷിക ചടങ്ങില്‍ സംവിധായകന്‍ സൂരജ് ബര്‍ജാത്യ പറഞ്ഞിരുന്നു. 

30 വര്‍ഷം മുന്‍പ് ബോക്സ് ഓഫീസില്‍ നിന്ന് 128 കോടി നേടി എന്ന് പറയുമ്പോള്‍ ഈ ചിത്രം സ്വന്തമാക്കിയ ജനപ്രീതി എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ചിത്രത്തില്‍ നായകനായ സല്‍മാന്‍ ഖാനേക്കാള്‍ പ്രതിഫലം നായിക മാധുരി ദീക്ഷിത് ആണ് വാങ്ങിയതെന്ന് പലപ്പോഴും പ്രചരണങ്ങള്‍ വന്നിരുന്നു. 2.7 കോടിയാണ് 30 വര്‍ഷം മുന്‍പ് ചിത്രത്തിലെ അഭിനയത്തിന് മാധുരി ദീക്ഷിതിന് ലഭിച്ചത്. സല്‍മാനേക്കാള്‍ പ്രതിഫലിച്ചം ലഭിച്ചുവെന്ന് പറയപ്പെടുന്നത് ശരിയാണോ എന്ന ചോദ്യത്തിന് അതേയെന്നോ അല്ലെന്നോ മാധുരി ദീക്ഷിത് മറുപടി കൊടുത്തില്ല. ആളുകള്‍ അങ്ങനെയാണ് കരുതുന്നതെങ്കില്‍ കരുതട്ടെ എന്നാണ് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അവര്‍ മറുപടി നല്‍കിയത്. 

ALSO READ : ഏഷ്യാനെറ്റിൽ പുതിയ പരമ്പര; 'സ്നേഹക്കൂട്ടി'നെക്കുറിച്ച് അറിയേണ്ടതെല്ലാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം