Asianet News MalayalamAsianet News Malayalam

മൊബൈലില്‍ കാണേണ്ടതല്ല സിനിമ, നയം വ്യക്തമാക്കി അടൂര്‍ ഗോപാലകൃഷ്‍ണൻ

ഒടിടിയില്‍ സിനിമ റിലീസ് ചെയ്യുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി അടൂര്‍ ഗോപാലകൃഷ്‍ണൻ.

Interview with Adoor Gopalakrishnan
Author
Thiruvananthapuram, First Published Jul 4, 2020, 11:01 PM IST

സിനിമയെന്നത് ആളുകള്‍ ഒരുമിച്ചിരുന്ന് കാണുന്ന കലയാണ് എന്ന് സംവിധായകൻ അടൂര്‍ ഗോപാലകൃഷ്‍ണൻ. മൊബൈല്‍ ഫോണിലോ വാച്ചിലോ ഒന്നും കാണേണ്ട കലയല്ല സിനിമയെന്നും അടൂര്‍ ഗോപാലകൃഷ്‍ണൻ പറയുന്നു. തിയറ്റര്‍ സ്‍ക്രീനിന്റെ രീതിയൊക്കെ മാറുമെന്ന് പറയുന്നുണ്ട്. തെറ്റിദ്ധരിക്കേണ്ട അങ്ങനെ സംഭവിക്കില്ല. തിയറ്ററുകള്‍ ഒന്നും ഇല്ലാതായാല്‍ നമ്മുടെ സങ്കല്‍പ്പത്തിലുള്ള സിനിമയുടെ അവസാനമായിരിക്കും. ഇപ്പോഴത്തെ കാര്‍മേഘം ആവൃതമായിരിക്കുന്ന അവസ്ഥ മാറിയാല്‍ സിനിമ പഴയതുപോലെ ആകുമെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ എം ജി രാധാകൃഷ്‍ണൻ നടത്തിയ അഭിമുഖത്തില്‍ അടൂര്‍ ഗോപാലകൃഷ്‍ണൻ പറയുന്നു.

അടൂര്‍ ഗോപാലകൃഷ്‍ണന്  ജന്മദിനം ആശംസിച്ചാണ് എം ജി രാധാകൃഷ്‍ണൻ അഭിമുഖം തുടങ്ങിയത്. അടൂര്‍ ഗോപാലകൃഷ്‍ണൻ സ്വന്തം ജന്മദിനം ആഘോഷിക്കാത്തതിന്റെ കാരണം ചോദിച്ചപ്പോള്‍ അതില്‍ നമ്മുടെ സംഭാവന ഒന്നുമില്ല എന്നായിരുന്നു മറുപടി.  ജൈവപരമായ കാലം കടന്നതിന്റെ അടയാളപ്പെടുത്തല്‍ മാത്രമാണ്. ഒരിക്കലും സ്വന്തം ജന്മദിനം ആഘോഷിച്ചിട്ടില്ല. കുട്ടികളായിരുന്നപ്പോള്‍ അമ്മയുടെ ജന്മദിനം മാത്രമാണ് ആഘോഷിച്ചിട്ടുള്ളത്. അന്ന് രാവിലെ മുതല്‍ ഭാഗവത പാരായണം, പൂജ ഒക്കെ ഉണ്ടാകും. അതാണ് ജന്മദിന ആഘോഷം. അല്ലാതെ വേറൊരു ജന്മദിനം ആഘോഷിച്ചിട്ടേയില്ലെന്നും അടൂര്‍ ഗോപാലകൃഷ്‍ണൻ പറഞ്ഞു.

സിനിമ എന്നത് ആളുകള്‍ ഒരുമിച്ചിരുന്ന് കാണുന്ന ഒരു കലയാണ് എന്നും അടൂര്‍ ഗോപാലകൃഷ്‍ണൻ പറഞ്ഞു. സിനിമ ഒറ്റയ്‍ക്ക് കാണേണ്ട ഒന്നല്ല. നിങ്ങളുടെ മൊബൈലിലോ വാച്ചിലോ കാണേണ്ട കലയല്ല സിനിമ. ഇപ്പോഴത്തെ ഒടിടി റിലീസ് സംബന്ധിച്ച കാര്യങ്ങള്‍ സൂചിപ്പിച്ചപ്പോള്‍ അങ്ങനെ ഒരു ജന്മമുണ്ട്, അതൊരു നികൃഷ്‍ട ജന്മമാണ് എന്നായിരുന്നു മറുപടി.  നല്ല തിയറ്ററില്‍ നല്ല പ്രൊജക്ഷനോടെ നല്ല ശബ്‍ദത്തോടെ നല്ല ഓഡിയൻസുമായി ഇരുന്ന് കാണുന്നത് ആണ് സിനിമയെന്ന സങ്കല്‍പ്പം തന്നെ. ഇപ്പോഴത്തെ കാര്‍മേഘം ആവൃതമായിരിക്കുന്ന സമയം കഴിഞ്ഞാല്‍ എല്ലാം മാറും. സിനിമയ്‍ക്ക് തിയറ്റര്‍ തന്നെ വേണം. റേഡിയോ നാടകം പോലെയോ ടെലിവിഷൻ പ്രോഗ്രാം പോലെയോ അല്ല. സിനിമയ്‍ക്ക് ഒരു ധ്യാനം വേണം.  അത് പ്രേക്ഷകര്‍ക്കുമുണ്ട്. അതുകൊണ്ട് യഥാര്‍ഥമായ സാഹചര്യം തിയറ്ററും ടിക്കറ്റ് എടുത്തുവരുന്ന പ്രേക്ഷകനും കൂടി ചേര്‍ന്നതാണ്. അല്ലാതെ ചെറിയ ഉപകരണങ്ങളില്‍ ഉള്ളതല്ല. പുതിയ സാങ്കേതിക മാറ്റത്തിന്റെ ഭാഗമായി വരുന്ന രീതിയായി കണ്ടുകൂടെ എന്ന് ചോദിച്ചപ്പോള്‍  അങ്ങനെ കണ്ടാല്‍ സിനിമയുടെ അവസാനമായിരിക്കും എന്നാണ് അടൂര്‍ ഗോപാലകൃഷ്‍ണൻ പറഞ്ഞത്. നമ്മുടെ സങ്കല്‍പ്പത്തിലുള്ള സിനിമയായിരിക്കില്ല. അത്. തിയറ്ററുകളൊന്നുമില്ലാതെ വീട്ടിലിരുന്ന് സിനിമ കാണുന്ന രീതിയായാല്‍ അത് യഥാര്‍ഥ സിനിമയായിരിക്കില്ല. വേറെ എന്തെങ്കിലുമായിരിക്കും. മൊബൈലില്‍ വെര്‍ട്ടിക്കല്‍ സ്ക്രീനില്‍ കാണുന്നുണ്ടല്ലോ. അതുകൊണ്ട് തിയറ്റര്‍ സ്‍ക്രീനൊക്കെ അങ്ങനെ മാറുമെന്ന് പറയുന്നവരുണ്ട്. തെറ്റിദ്ധരിക്കണ്ട അങ്ങനെ ആകത്തില്ല.

കൊവിഡ് എന്ന മഹാവ്യാധിയെ കുറിച്ചുള്ള ആലോചനകളും അദ്ദേഹം പങ്കുവെച്ചു. ലോകത്ത് ഒരുപാട് ദുഷ്‍ടൻമാരായ നേതാക്കൻമാരുണ്ട്. അതുകൊണ്ട് ആകും കൊവിഡിനെ ഇങ്ങോട്ട് പറഞ്ഞയത്. അത് ഭരണാധികാരികളെ ചിലപ്പോള്‍ സ്‍പര്‍ശിക്കില്ലായിരിക്കും. പക്ഷേ കൊറോണയ്‍ക്ക് അങ്ങനെയൊന്നും ഇല്ല ഭരണാധികരികളെയും സാധാരണക്കാരെയും കൊവിഡ് ബാധിക്കും. ലോകത്തെ ഏറ്റവും പരിഷ്‍കൃതമായ രാജ്യങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. അതിന് കാരണം അവര്‍ അത് കാര്യമായി എടുത്തില്ല. പക്ഷേ നമ്മുടേത് പോലുള്ള പാവപ്പെട്ട രാജ്യങ്ങളാണ് കുറച്ചുകൂടി ഭേദപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്‍തത്.  ശരിക്കും വനങ്ങളില്‍ കഴിയേണ്ടതാണ് വൈറസ്. പ്രകൃതിയെ നമ്മള്‍ നശിപ്പിച്ചതിന്റെ ഫലമായിട്ട് ജനങ്ങളിലേക്ക് ഇറങ്ങിയിരിക്കുകയാണ്. അത് ജന്തുക്കളിലൂടെ നമ്മളിലേക്ക് പകര്‍ന്നുവെന്നൊക്കെ പറയുന്നുണ്ട്. നമുക്ക് അറിയില്ല. പക്ഷേ നമ്മള്‍ ഇതിനെ അതിജീവിക്കുമെന്നും അടൂര്‍ ഗോപാലകൃഷ്‍ണൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios