ചികിത്സയ്ക്ക് ശേഷം ആദ്യമായി ക്യാമറകള്‍ക്ക് മുന്നില്‍ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് ഇര്‍ഫാന്‍.
മുംബൈ: ക്യാന്‍സര്‍ ചികിത്സക്ക് ശേഷം തിരികെ നാട്ടിലെത്തിയ ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ആദ്യമായി മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്തു. ലണ്ടനിലെ നീണ്ട എട്ടുമാസത്തെ ചികിത്സകള്‍ക്ക് ശേഷം കഴിഞ്ഞ മാസം നാട്ടിലെത്തിയിരുന്നെങ്കിലും ഇതുവരെ സന്ദര്‍ശകരെ അനുവദിക്കുകയോ മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കുകയോ ഇര്‍ഫാന്‍ ചെയ്തിരുന്നില്ല. എന്നാലിപ്പോള്‍ ചികിത്സയ്ക്ക് ശേഷം ആദ്യമായി ക്യാമറകള്‍ക്ക് മുന്നില്‍ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് ഇര്‍ഫാന്‍.
മുഖത്തിന്‍റെ താഴ്ഭാഗം കറുത്ത തുണികൊണ്ട് മൂടിയിരുന്നെങ്കിലും പിന്നീട് അത് അഴിക്കുകയായിരുന്നു. മുംബൈ എയര്‍പോര്‍ട്ടില്‍ വച്ചാണ് ഇര്‍ഫാന്‍ ഖാനെ ക്യാമറകണ്ണുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം മുംബൈയിലെ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇര്‍ഫാന്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ, ഫോട്ടോയ്ക്ക് മുഖം തരാതെ പെട്ടെന്ന് തന്നെ വിമാനത്താവളത്തില്‍ നിന്നിറങ്ങുകയായിരുന്നു. ചികിത്സയ്ക്കായി എട്ടുമാസമാണ് ഇര്‍ഫാന്‍ ലണ്ടനില്‍ താമസിച്ചത്. ഇതിനിടെ ഒരു തവണ നാട്ടില്‍ വന്നെങ്കിലും അന്നും സന്ദര്‍ശകരെ ഒഴിവാക്കിയിരുന്നു. എന്തായാലും ആരോഗ്യവാനായി ഇര്‍ഫാനെ കണ്ടതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍.
