ന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ അവസാന ചിത്രം ദി സോങ് ഓഫ് സ്‌കോര്‍പിയൻസ്  റിലീസിനൊരുങ്ങുന്നു. അടുത്ത വർഷം ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന് ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അറിയിച്ചു. ട്വിറ്റർ ഹാൻഡിലൂടെയാണ് തരൺ ഇക്കാര്യം പുറത്തുവിട്ടത്. 

2017ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ 70-ാമത് ലൊകാര്‍ണോ ചലച്ചിത്രോത്സവത്തില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ തിയറ്ററില്‍ ചിത്രം റിലീസ് ചെയ്തിട്ടില്ല. രാജസ്ഥാന്റെ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. ഇറാനിയന്‍ നടി ഗോള്‍ഷിഫീത് ഫര്‍ഹാനി ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അനൂപ് സിങ് ആണ് സംവിധായകന്‍.

ഈ വർഷം ഏപ്രിലിൽ ആയിരുന്നു എല്ലാ സിനിമാ പ്രേക്ഷകരെയും കണ്ണീരിലാഴ്ത്തി ഇർഫാൻ ഖാൻ വിടപറഞ്ഞത്. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ധിരുഭായ് അംബാനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ ഇരിക്കെയായിരുന്നു അന്ത്യം. ഇന്ത്യന്‍ സിനിമാലോകവും പ്രേക്ഷകരും ഞെട്ടലോടെയാണ് തങ്ങളും പ്രിയനടന്‍റെ വിയോഗ വാര്‍ത്ത സ്വീകരിച്ചത്. ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാ മേഖലയിലെ മിക്ക താരങ്ങളും ഇര്‍ഫാന്‍ ഖാന് ആദരാഞ്ജലികളുമായി എത്തിയിരുന്നു.