''എന്താണ് സുതപയെക്കുറിച്ച് പറയുക? മുഴുവന്‍ സമയവും അവള്‍ ഒപ്പമുണ്ടായിരുന്നു. ഇപ്പോഴെനിക്ക് ജീവിതം തിരിച്ചുകിട്ടിയെങ്കില്‍ ഇനി എനിക്ക് അവള്‍ക്ക് വേണ്ടി ജീവിക്കണം...''
മുംബൈ: അംഗ്രേസി മീഡിയം എന്ന പുതിയ സിനിമയുടെ റിലീസ് കാത്തിരിക്കുകയാണ് ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍. ഇതിനിടെ കാന്‍സര്‍ ബാധിച്ച തന്‍റെ കുറച്ച് കാലത്തെ ജീവിതത്തെക്കുറിച്ചും അതിനെതിരെ പൊരുതി തിരിച്ചെത്തിയതിനെക്കുറിച്ചും മനസ്സുതുറക്കുകയാണ് 53കാരനായ ഇര്‍ഫാന്‍ ഖാന്‍.
മാര്‍ച്ച് 2018 ലാണ് ഇര്‍ഫാന്‍ ഖാന് ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. താരം തന്നെയാണ് ഇത് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ ഭാര്യ സുതപ സിക്ദര്‍ ക്യാന്‍സറിനെ ചെറുക്കാന് തനിക്കൊപ്പം നിന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നു.
''എന്താണ് സുതപയെക്കുറിച്ച് പറയുക? മുഴുവന്‍ സമയവും അവള്‍ ഒപ്പമുണ്ടായിരുന്നു. ഇപ്പോഴെനിക്ക് ജീവിതം തിരിച്ചുകിട്ടിയെങ്കില്‍ ഇനി എനിക്ക് അവള്‍ക്ക് വേണ്ടി ജീവിക്കണം. ഞാന്‍ ഇപ്പോഴും ജീവനോടെയിരിക്കാന്‍ കാരണം അവളാണ്.'' - ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.
രോഗം സ്ഥിരീകരിച്ചതോടെ ഇര്‍ഫാന്‍ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയി. 2019 ഫെബ്രുവരിയിലാണ് അദ്ദേഹം തിരിച്ച് ഇന്ത്യയിലേക്ക് വന്നത്. കുറഞ്ഞ ദിവസംകൊണ്ട് അംഗ്രേസി മീഡിയത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കി ബാക്കി ചികിത്സകള്‍ക്കായി അദ്ദേഹം വീണ്ടും ലണ്ടനിലേക്ക് മടങ്ങി.
കഴിഞ്ഞ സെപ്തംബറിലായിരുന്നു അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയത്. പിന്നിട് അദ്ദേഹം ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തി. ക്യാന്‍സര്‍ ബാധിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ ചിത്രമാണ് അങ്ക്രേസി മീഡിയം.
റോളര്‍ കോസ്റ്ററിലെ യാത്രപോലെ സന്തോഷവും ഓര്‍മ്മകളും നിറഞ്ഞതായിരുന്നു ചികിത്സാ കാലമെന്ന് ഇര്‍ഫാന്‍ പറഞ്ഞു. കുറച്ച് കരയുകയും കുറേ ചിരിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാന്‍സര്‍ ഇര്‍ഫാനില്‍നിന്ന് പൂര്‍ണ്ണമായും വിട്ടുമാറിയിട്ടില്ല. തന്‍റെ ചിത്രത്തിന്‍റെ പ്രമോഷനായി ഇറങ്ങാന്‍ സാധിക്കില്ലെന്നും അനാവശ്യമായ അതിഥികള്‍ തന്‍റെ ശരീരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
