ധനുഷിനെ നായകനാക്കി വെട്രിമാരൻ ഒരുക്കിയ  ചിത്രമാണ് വട ചെന്നെ. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വടക്കൻ ചെന്നൈയുടെ കഥയാണ് ചിത്രം പറഞ്ഞത്. വട ചെന്നൈയുടെ റിലീസിനു പിന്നാലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. വട ചെന്നൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ്  30 ശതമാനത്തോളം കഴിഞ്ഞതായി സംവിധായകൻ അറിയിക്കുകയും ചെയ്‍തിരുന്നു. അതേസമയം ചിത്രം ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ചിത്രത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് വ്യക്തമാക്കി ധനുഷ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

ചിത്രം ബോക്സ് ഓഫീസില്‍ വൻ വിജയം നേടിയിരുന്നു. പക്ഷേ വടക്കൻ ചെന്നൈയിലെ ആള്‍ക്കാര്‍ ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. പ്രദേശത്തെ മത്സ്യത്തൊഴികളുടെ ജീവിതം മോശമായി ചിത്രീകരിച്ചിരുന്നുവെന്നായിരുന്നു വിമര്‍ശനം.  അതുകൊണ്ടുതന്നെ രണ്ടാം ഭാഗം ചിത്രീകരിക്കാൻ അവര്‍ അനുവദിക്കില്ലെന്നാണ് കരുതുന്നത്. തുടര്‍ന്നാണ് ചിത്രം ഉപേക്ഷിക്കാൻ വെട്രിമാരൻ തീരുമാനിച്ചിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ എങ്ങനെയാണ് ആരാധകര്‍ക്കിടയില്‍ സിനിമയെ കുറിച്ച് ആശങ്കയുണ്ടായത് എന്ന് അറിയില്ലെന്നാണ് ധനുഷ് വ്യക്തമാക്കിയിരിക്കുന്നത്. വട ചെന്നൈ 2 സംഭവിക്കും. എന്റെ ഔദ്യോഗിക അക്കൌണ്ടില്‍ നിന്നല്ലാതെ എന്റെ പ്രൊജക്റ്റിനെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നുമാണ് ആരാധകരോട് ധനുഷ് അഭ്യര്‍ഥിച്ചിരിക്കുന്നത്.