ധുരന്ധര്‍ സിനിമയ്ക്ക് മൂന്നാം ഭാഗം വരുമോ? പ്രചരണത്തിന് പിന്നാലെ യാഥാര്‍ഥ്യം ഇതാണ്

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായിരുന്നു കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ എത്തിയ ധുരന്ധര്‍. രണ്‍വീര്‍ സിംഗിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്ത നാലാമത്തെ സിനിമയാണ്. 1400 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത്. 19 ന് പ്രദര്‍ശനം ആരംഭിച്ച ധുരന്ധര്‍ 2 വന്‍ ഓപണിംഗ് ആണ് നേടിയത്. ഇപ്പോഴിതാ അണിയറക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു മൂന്നാം ഭാഗമാണ് ധുരന്ധര്‍ പ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച.

ധുരന്ധര്‍ പോസ്റ്റ് ക്രെഡിറ്റിലേതെന്ന് ആരോപിക്കപ്പെടുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇത്. ഒരു തിയറ്റര്‍ സ്ക്രീനില്‍ കാണിക്കുന്ന രീതിയിലുള്ള ദൃശ്യത്തില്‍ ധുരന്ധര്‍ ദി ഫൈനല്‍ ചാപ്റ്റര്‍ 2026 ജൂണ്‍ 14 ന് റിലീസ് ചെയ്യും എന്ന അറിയിപ്പാണ് ഉള്ളത്. വലിയ ശ്രദ്ധയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ നേടുന്നത്. പോസ്റ്റ് ക്രെഡിറ്റ് സീനുകള്‍ തീരാതെ തിയറ്റര്‍ വിടരുതെന്ന് റിലീസിന് മുന്‍പ് ആദിത്യ ധര്‍ പ്രേക്ഷകരോട് അഭ്യര്‍ഥിച്ചിരുന്നു. അതിനാല്‍ത്തന്നെ തിയറ്ററില്‍ തങ്ങള്‍ മിസ് ആക്കിയ അനൗണ്‍സ്‍മെന്‍റ് ആണോ ഇതെന്ന സംശയമാണ് പ്രേക്ഷകരില്‍ വലിയൊരു വിഭാഗത്തിന്. എന്നാല്‍ പ്രചരിക്കപ്പെടുന്ന ചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ടതാണെന്നാണ് വാസ്തവം.

Scroll to load tweet…

അതേസമയം ജൂണ്‍ 4 ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന, യഷ് നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം ടോക്സിക് ഇക്കാരണത്താല്‍ ഒക്ടോബറിലേക്ക് മാറ്റിയെന്നും പ്രചരണമുണ്ട്. എന്നാല്‍ ധുരന്ധറിന് ഒരു മൂന്നാം ഭാഗം ഉണ്ടായിരിക്കുമെന്ന് അണിയറക്കാര്‍ ഇതുവരെ അറിയിച്ചിട്ടില്ല. ഒറ്റ ഭാഗമായി ചെയ്യണമെന്ന് ആദ്യം കരുതിയിരുന്ന ചിത്രത്തിന് എട്ട് മണിക്കൂര്‍ ദൈര്‍ഘ്യം വരും എന്നതിനാലാണ് രണ്ട് ഭാഗങ്ങളായി ഇറക്കാന്‍ തീരുമാനിച്ചതെന്ന് സംവിധായകന്‍ ആദിത്യ ധര്‍ പറഞ്ഞിരുന്നു. അതിനാല്‍ത്തന്നെ ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഇല്ലാതിരിക്കാനാണ് സാധ്യത. അതേസമയം ഡിസംബര്‍ 5 ന് എത്തിയ ആദ്യ ഭാഗത്തേക്കാള്‍ ധുരന്ധര്‍ 2 കളക്റ്റ് ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പാണ്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് ആദ്യ നാല് ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 761 കോടി രൂപയാണ്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News