കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ സിനിമയാണ് നിഴല്‍. നയൻതാര നായികയാകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ലുക്കും പുറത്തുവിട്ടിരിക്കുന്നു. കുഞ്ചോക്കോ ബോബൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ലുക്കിനെ കുറിച്ച് ആരാധകര്‍ ചര്‍ച്ചയും തുടങ്ങി.

കുഞ്ചാക്കോ ബോബന്റെ മാസ്‍ക് ആരാധകരുടെ ചര്‍ച്ചയ്‍ക്ക് കാരണമാകുന്നത്. സൂപ്പര്‍ ഹീറോ കഥാപാത്രമാണോ എന്ന് ചിലര്‍ ചോദിക്കുന്നു. എന്നാല്‍ മുഖത്തിന്റെ എല്ലുകള്‍ക്ക് പരുക്കുണ്ടേല്‍ വയ്‍ക്കുന്നതല്ലേയെന്ന് ചിലര്‍ തിരുത്തുന്നുണ്ട്. ടൊവിനോയുടെ സൂപ്പര്‍ ഹിറ്റ് ചിത്രവും കുഞ്ചാക്കോ ബോബന്റെ ചിത്രവും വന്നാല്‍ ഗംഭീരമായി എന്നും ചിലര്‍ പറയുന്നു.  സിനിമയിലെ നായകനായ കുഞ്ചാക്കോ ബോബന്റെയും നായികയായ നയൻതാരയുടെയും കഥാപാത്രം എത് തരത്തിലുള്ളതായിരിക്കും എന്ന് എന്തായാലും വ്യക്തമാക്കിയിട്ടില്ല. രാജ്യാന്തര പുരസ്‍കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍.

എസ് സഞ്‍ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ഡി മേനോൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. സംവിധായകനായ അപ്പു എൻ ഭട്ടതിരിക്കൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.  സ്റ്റെഫി സേവ്യര്‍ ആണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം നിര്‍വഹിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.  സൂരജ് എസ് കുറുപ്പ് ആണ് സംഗീത സംവിധായകൻ. ഉമേഷ് രാധാകൃഷ്‍ണന്‍ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. മലയാളത്തിലെ മറ്റ് പ്രമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഹിറ്റ് ചിത്രമായ ലൗ ആക്ഷൻ ഡ്രാമ ആണ് നയൻതാര ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.