ടോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ പവൻ കല്യാണ്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കിലായിരുന്നു. ജനസേന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള പ്രചാരണത്തിനായി സജീവമായി ഇറങ്ങിയപ്പോള്‍ തല്‍ക്കാലം സിനിമയ്‍ക്ക് അവധി നല്‍കിയിരുന്നു. പവൻ കല്യാണ്‍ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണെന്നും വാര്‍ത്തകള്‍ വരുന്നു. ഹരിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ പവൻ കല്യാണ്‍ നായകനാകുമെന്നുമാണ് വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഹരിഷ് ശങ്കര്‍.

പല നിര്‍മ്മാണ കമ്പനികളില്‍ നിന്നും പവൻ കല്യാണ് അഡ്വാൻസ് കൈപ്പറ്റിയിട്ടുണ്ട്. മൈത്രി മൂവി മേക്കേഴ്‍സിന്റെ സിനിമയായിരിക്കും പവൻ കല്യാണ് ആദ്യം ചെയ്യുക എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. സംവിധായകൻ ഹരിഷ് ശങ്കറും പവൻ കല്യാണും തമ്മിലുള്ള കൂടിക്കാഴ്‍ചയ്ക്ക് മൈത്രി മൂവി മേക്കേഴ്‍സ് അവസരമൊരുക്കിയിരുന്നു. പവൻ കല്യാണിന്റെ കരിയറിലെ വൻ ഹിറ്റായ ഗബ്ബാര്‍ സിംഗ് ഒരുക്കിയത് ഹരിഷ് ശങ്കറായിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നുമായിരുന്നു വാര്‍ത്ത. പക്ഷേ അത് ശരിയല്ലെന്നാണ് ഹരി ശങ്കര്‍ പറയുന്നത്. എല്ലാവര്‍ക്കും അറിയുന്നതുപോലെ പവൻ കല്യാണിന്റെ ചിത്രം ചെയ്യുക എന്നത് വളരെ ഇഷ്‍ടപ്പെടുന്ന ഒന്നാണ്. പക്ഷേ അദ്ദേഹവുമായി കൂടിക്കാഴ്‍ച നടത്തിയെന്ന വാര്‍ത്ത ശരിയല്ല. ഔദ്യോഗിക സ്ഥിരീകരണം വരുന്നതു വരെ കാത്തിരിക്കുക- ഹരിഷ് ശങ്കര്‍ ആരാധകരോട് ആവശ്യപ്പെടുന്നു.