ദില്ലിയിലെ വിദ്യാര്‍ഥി സമരത്തില്‍ പ്രതികരിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പേളി മാണി വിമര്‍ശനം നേരിട്ടിരുന്നു
ദില്ലിയിലെ വിദ്യാര്‍ഥി പ്രേക്ഷോഭമാണ് സോഷ്യല്‍ മീഡിയയില്‍ നിലവിലെ ഏറ്റവും വലിയ ചര്‍ച്ച. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി സിനിമാ താരങ്ങള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഓരോരുത്തരും പറഞ്ഞ അഭിപ്രായങ്ങളും ഇനി ഈ വിഷയത്തില്‍ പ്രതികരിക്കാത്തവരാണെങ്കിലും അതും ഒക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. അഭിപ്രായം പറഞ്ഞവരില്‍ വിമര്‍ശനം നേരിട്ട ഒരാള്‍ ഇന്‍റഫ്ലുവന്‍സറും യുട്യൂബറുമായ പേളി മാണി ആയിരുന്നു. ആരെയും കുറ്റപ്പെടുത്താതെയും നിലപാട് എടുക്കാതെയുമാണ് പേളി പ്രതികരിച്ചതെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം. പേളിയുടെ പ്രതികരണത്തില്‍ ഒരാള്‍ നടത്തിയ വിമര്‍ശനവും അതിനോട് പേളി നടത്തിയ പ്രതികരണവുമൊക്കെ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
സംവിധായകന്‍ സിബി മലയിലിന്‍റെ മകന്‍ ജോ സിബി മലയില്‍ ആണ് പേളിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. പേളി മാണി പറഞ്ഞത് വിഡ്ഢിത്തമാണെന്നും ദില്ലിയിലെ വിദ്യാര്‍ഥി സമരത്തിന്‍റെ ഗൗരവമോ അതിന്‍റെ പശ്ചാത്തലമോ പേളിയുടെ പ്രതികരണത്തില്‍ ഇല്ലെന്നും ജോ സിബി മലയില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ദീര്‍ഘമായ പോസ്റ്ററില്‍ വിമര്‍ശിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമെന്ന നിലയില്‍ പേളി മാണി ഇന്‍സ്റ്റഗ്രാമില്‍ തന്നെ ഇട്ട സ്റ്റോറിയും അതിനോട് ജോ സിബി മലയില്‍ നടത്തിയ പ്രതികരണവുമാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.
തന്‍റെ ആദ്യ പോസ്റ്റിന് വന്ന വിമര്‍ശനങ്ങളെ പൊതുവില്‍ പരാമര്‍ശിച്ചു കൊണ്ടുള്ളതായിരുന്നു പേളി മാണിയുടെ ഇന്‍സ്റ്റ സ്റ്റോറി. ഒരു ട്രിഗര്‍ വാണിംഗോടെ മാത്രമേ താന്‍ പോസ്റ്റ് പങ്കുവെക്കാമായിരുന്നുള്ളൂവെന്നും ഒരുപാട് പേരെ അത് അസ്വസ്ഥരാക്കിയെന്നും പേളി കുറിച്ചു. പ്രസ്തുത സ്റ്റോറിയില്‍ ജോ സിബി മലയിലിന്‍റെ പ്രതികരണത്തെക്കുറിച്ചെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പേളി പ്രതികരിച്ചിരുന്നു. “ഒരു പരാജയപ്പെട്ട സംവിധായകന്‍ (ഫെയില്‍ഡ് ഫിലിം മേക്കര്‍) എന്‍റെ നാല് പേജ് പോസ്റ്റിനെക്കുറിച്ച് 10 പേജ് സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയാണ്. അതില്‍ മുളകുപൊടിയും അജിനോമോട്ടോയും ചേര്‍ത്ത് അതിനെ ആവശ്യത്തിലധികം അനാരോഗ്യകരമാക്കുകയാണ്”, പേളി കുറിച്ചിരുന്നു.
ഇതിന് ജോ സിബി മലയില്‍ നല്‍കിയ മറുപടിയോടെയാണ് ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടിയത്. “ആ ഫെയില്‍ഡ് ഫിലിം മേക്കര്‍ എന്‍റെ അച്ഛനാണ്. ആരോടാണ് ഡീല്‍ ചെയ്യുന്നതെന്ന് ആദ്യമേ പരിശോധിക്കുക. പോസ്റ്റിലെ 7 സ്ലൈഡുകള്‍ വായിക്കാന്‍ നിങ്ങള്‍ക്ക് എത്രത്തോളം മടി ഉണ്ടായിരിക്കണം? നിങ്ങളുടെ പാതി വെന്ത നയതന്ത്രജ്ഞത നിങ്ങളുടെ 5.7 മില്യണ്‍ ഫോളോവേഴ്സും വായിക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നു. പക്ഷേ 7 സ്ലൈഡ് ഉള്ള ഈ പോസ്റ്റ് നിങ്ങള്‍ക്ക് വളരെ ദീര്‍ഘമാണ്? നിങ്ങള്‍ ഇതിനെ വ്യക്തിപരമായി എടുത്ത സ്ഥിതിക്ക് കളി ആരംഭിക്കട്ടെ. ആ പരാജയപ്പെട്ട സംവിധായകന്‍ നട്ടെല്ലില്ലാത്ത ഒരു മകനെയല്ല വളര്‍ത്തിയെടുത്തത്. അദ്ദേഹത്തിന്‍റെ പേര് സിബി മലയില്‍ എന്നാണ്”, എന്നായിരുന്നു ജോ സിബി മലയിലിന്‍റെ പ്രതികരണം.
ഈ പ്രതികരണം വന്നതിന് പിന്നാലെ ഉയരുന്ന ചര്‍ച്ചകളില്‍ നെറ്റിസണ്‍സ് രണ്ട് പേരുടെ ഭാഗത്തും നില്‍ക്കുന്നുണ്ട്. പേളി സിബി മലയിലിന്‍റെ അപമാനിച്ചുവെന്ന് ഒരു വിഭാഗം പറയുമ്പോള്‍ പേളി ഉദ്ദേശിച്ചത് വിമര്‍ശനം ഉന്നയിച്ച ജോ സിബി മലയിലിനെ ആണെന്ന് മറുവിഭാഗം തിരുത്തുന്നു, ഇന്‍സ്റ്റഗ്രാമിലെ യൂസര്‍ നെയിം കണ്ട് തനിക്കെതിരെ പോസ്റ്റ് ഇട്ടത് സിബി മലയില്‍ ആണെന്ന് പേളി തെറ്റിദ്ധരിച്ചതാവാമെന്നാണ് ഒരു വാദം. അതേസമയം ആദ്യ പോസ്റ്റ് വിമര്‍ശിക്കപ്പെട്ടതിന് പിന്നാലെ അതിന്‍റെ കമന്‍റ് ബോക്സ് പേളി ഓഫ് ആക്കിയിട്ടുണ്ട്. പുതിയ വിവാദത്തിലും പേളി പ്രതികരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

