സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ഉയരാറുള്ള ആക്ഷേപത്തെക്കുറിച്ച് പ്രതികരിച്ച് ഇന്ദ്രന്‍സ്
വസ്ത്രാലങ്കാര സഹായിയായി വന്ന് പിന്നീട് ചീഫ് കോസ്റ്റ്യൂം ഡിസൈനറായി പിന്നീട് നടനായി മാറിയ ആളാണ് ഇന്ദ്രന്‍സ്. ആദ്യം കോമഡി റോളുകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച അദ്ദേഹം നിലവില്‍ മലയാളത്തിലെ എണ്ണം പറഞ്ഞ സ്വഭാവ നടനാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സൂര്യ നായകനായ കറുപ്പിലൂടെ തെന്നിന്ത്യയുടെ തന്നെ ശ്രദ്ധ നേടുകയാണ് ഇന്ദ്രന്‍സ്. നടനെന്ന നിലയില്‍ വലിയ കൈയടികളും അംഗീകാരങ്ങളും നേടുമ്പോള്‍ തന്‍റെ സ്വതസിദ്ധമായ വിനയത്തിന്‍റെ ശരീരഭാഷ അദ്ദേഹം കൈവിട്ടിട്ടില്ല. എന്നാല്‍ ഇത് ഇന്ദ്രന്‍സ് ബോധപൂര്‍വ്വം കൊണ്ടുനടക്കുന്ന ഒരു ശരീരഭാഷയാണെന്നും അഭിനയമാണെന്നുമൊക്കെ ചിലര്‍ വിമര്‍ശിക്കാറുണ്ട്. ഇപ്പോഴിതാ ഈ വിമര്‍ശനത്തോട് പ്രതികരിക്കുകയാണ് അദ്ദേഹം.
കാന്‍ ചാനല്‍ മീഡിയയുടെ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് ഇക്കാര്യം പറയുന്നത്. ചേട്ടന്‍റെ ഈ വിനയം അഭിനയമാണെന്ന് പലരും പറയാറുണ്ടല്ലോയെന്നും അവരോടുള്ള മറുപടി എന്താണെന്നുമുള്ള ചോദ്യത്തിന് ഇന്ദ്രന്‍സിന്‍റെ പ്രതികരണം ഇങ്ങനെ- “ആയിരിക്കും. അത് എനിക്ക് ശീലമായിപ്പോയി. അഭിനയിച്ചതായിരിക്കും, എന്നോ. എന്നെ അറിയാത്ത ഒരാള്‍ക്ക് പെട്ടെന്ന് എന്‍റെ രീതി കാണുമ്പോള്‍ സ്വാഭാവികമായും അങ്ങനെ ചോദിക്കാന്‍ തോന്നും. അതിന് അവകാശവുമുണ്ട്. അന്നത്തെ എന്‍റെ കോലത്തിന് സിനിമ പോലെ ഒരു വലിയ സംഭവത്തിന് യോഗ്യമല്ലാത്ത ഒരു രൂപമായിരുന്നു. ഞാന്‍ ഒന്ന് അങ്ങോട്ട് വന്നോട്ടെ എന്ന് ചോദിച്ച് ഒരു വീട്ടിലേക്ക് കയറിച്ചെല്ലുന്നത് പോലെ നില്‍ക്കാന്‍ പറ്റില്ലായിരുന്നു. അപ്പോള്‍ അവിടെ കുറച്ച് കൂടുതല്‍ കുനിഞ്ഞ് ആയിരിക്കും ഈ രീതി വന്നത്. ചിലപ്പോള്‍ അന്ന് അത് അഭിനയം തന്നെ ആയിരുന്നിരിക്കും. കള്ളത്തരം ആയിരിക്കും. അത് പക്ഷേ ജീവിതത്തിന്‍റെ ഭാഗമായി. മുന്‍പോട്ട് നില്‍ക്കെന്ന് പറഞ്ഞ് കൂട്ടുകാരൊക്കെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അറിയാതെ കാല്‍ പിറകിലേക്ക് വെക്കുമായിരുന്നു. ഞാന്‍ എത്ര ശ്രദ്ധിച്ചിട്ടും അത് സാധിക്കുന്നില്ല”, ഇന്ദ്രന്‍സിന്‍റെ വാക്കുകള്‍.
വസ്ത്രാലങ്കാര സഹായി ആയിരുന്ന കാലത്തെ വേദനിപ്പിച്ച അനുഭവങ്ങളെക്കുറിച്ചും ഇന്ദ്രന്‍സ് അഭിമുഖത്തില്‍ പറയുന്നുണ്ട്. “സിനിമയ്ക്ക് ഒരു നിറം ഉണ്ടല്ലോ. അതില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്കും ഉണ്ട് അത്. എല്ലാ മേഖലയിലും നമ്മുടെ അപ്പിയറന്‍സ് ഒരു ഘടകമാണ്. എത്ര അറിവുള്ള സംവിധായകനായാല്‍പ്പോലും ഭംഗി ഒരു വിഷയമാണ്. കോസ്റ്റ്യൂം അസിസ്റ്റന്‍റ് ആയിരുന്ന സമയത്ത് എന്‍റെ രൂപം പലര്‍ക്കും ക്ഷമിക്കാവുന്ന ഒന്നായിരുന്നു. എന്നെ നോക്കിയിട്ട് ഈ പണിക്ക് അറിയാവുന്നവരെ നിര്‍ത്തണം എന്നൊക്കെ ചീഫിനോട് പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ഞാന്‍ ചീഫ് ആയി മാറിയപ്പോള്‍ അത് വീണ്ടും പ്രശ്നമായി. സെറ്റിലേക്ക് പോകാന്‍ ഓടിച്ചെന്ന് കാറില്‍ കയറുമ്പോഴേക്ക് നില്‍ക്ക് അടുത്ത വണ്ടിയില്‍ വാ എന്നൊക്കെ കേട്ടിട്ടുണ്ട്. ക്യാമറാമാന്‍ എത്തുന്നതിന് മുന്‍പേ സ്ഥലത്ത് എത്തേണ്ട ആളാണ് കോസ്റ്റ്യൂമര്‍. അത് അറിയാത്ത ആളുകള്‍ ആയിരിക്കാം അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. അതൊന്നും ചിന്തിക്കാന്‍ അറിയാത്തതുകൊണ്ട് അപ്പോള്‍ സങ്കടം വന്നിട്ടുണ്ട്”, എന്നാല്‍ നടന്‍ ആയതിന് ശേഷം അത്തരത്തിലുള്ള വേര്‍തിരിവുകളൊന്നും നേരിട്ടിട്ടില്ലെന്നും ഇന്ദ്രന്‍സ് പറയുന്നു.

