'ലാല്‍ സിംഗ് ഛദ്ധ'യുടെ പരാജയത്തില്‍ പ്രതികരണവുമായി നാഗാര്‍ജുന.
തെലുങ്കിലെ യുവ താരം നാഗ ചൈതന്യ ആദ്യമായി അഭിനയിച്ച ഹിന്ദി ചിത്രമായിരുന്നു 'ലാല്‍ സിംഗ് ഛദ്ദ'. ആമിര്‍ ഖാൻ നായകനായിട്ടുള്ള ചിത്രം റിലീസ് ചെയ്‍തത് വൻ പ്രതീക്ഷകളോടെ ആയിരുന്നു. എന്നാല്‍ 'ലാല്‍ സിംഗ് ഛദ്ദ' ബോക്സ് ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നാഗ ചൈതന്യയുടെ അച്ഛനും സൂപ്പര്‍സ്റ്റാറുമായ നാഗാര്‍ജുന.
കൊവിഡിന് ശേഷം ജനങ്ങളുടെ അഭിരുചിയില്‍ മാറ്റമുണ്ടായി. സിനിമകളില്‍ ചിലത് അവര്‍ കാണാൻ ആഗ്രഹിക്കുന്നത് ടിവിയിലാണ്. മറ്റ് ചിലത് തിയറ്ററിലും. വ്യത്യസ്‍ത കാരണങ്ങളുണ്ട് ഇതിനെന്നും, ഒന്ന് എടുത്ത് പറയാനാകില്ല എന്നും നാഗാര്‍ജുന വ്യക്തമാക്കി. ഞാൻ 'ലാല്‍ സിംഗ് ഛദ്ദ' കണ്ടതാണ്. ഇത് മനോഹരമായ സിനിമയാണ്. എല്ലാവരുടെയും പ്രകടനം മികച്ചതായിരുന്നുവെന്നും നാഗാര്‍ജുന പറഞ്ഞു.
നാഗ ചൈതന്യയുടെ കഥാപാത്രം എനിക്ക് ഭയങ്കര ഇഷ്‍ടപ്പെട്ടു. അവൻ ഭംഗിയായി ചെയ്‍തെന്നും നാഗാര്‍ജുന പറഞ്ഞു. അച്ഛന്‍ എന്ന നിലയില്‍ സിനിമയുടെ പരാജയം സങ്കടപ്പെടുത്തിയോ എന്ന ചോദ്യത്തിനും നാഗാര്‍ജുന പ്രതികരിച്ചു. വിഷമിക്കേണ്ട. ഒരു നടൻ എന്ന നിലയില്‍ നിങ്ങള്‍ക്ക് തോന്നും.. ഒരാള്‍ ഇത്രയധികം പ്രവര്‍ത്തിച്ചിട്ടും നിങ്ങള്‍ പ്രതീക്ഷിച്ച അത്ര വന്നില്ലെങ്കില്‍ കുറച്ച് വിഷമം തോന്നും. എല്ലാം കടന്നുപോകും. എല്ലാ കാര്യങ്ങളും കടന്നുപോകണം. ഞാൻ അവനോട് പറയുന്നു, അടുത്ത വര്‍ഷം നീ പുഞ്ചിരിക്കും. ഒരു കാര്യത്തെ കുറിച്ചും ആലോചിച്ച് വിഷമിക്കേണ്ട. അതു കടന്നുപോകും. അപ്പോള്‍ നീ പുഞ്ചിരിക്കും. ഇത് എളുപ്പമല്ല, പക്ഷേ അതാണ് ജീവിതം. അത് നിങ്ങള്‍ മനസിലാക്കിയാല്‍ കൈകാര്യം ചെയ്യാൻ എളുപ്പവുമാകുമെന്നും നാഗാര്‍ജുന പറഞ്ഞു. രണ്‍ബിര്‍ കപൂര്‍ നായകനായ 'ബ്രഹ്‍മാസ്‍ത്ര' എന്ന ബോളിവുഡ് ചിത്രമാണ് നാഗാര്‍ജുനയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
'ലാല്‍ സിംഗ് ഛദ്ദ' എന്ന ചിത്രം സംവിധാനം ചെയ്‍തത് അദ്വൈത് ചന്ദനാണ്. ഓഗസ്റ്റ് 11ന് ആണ് ചിത്രം റിലീസ് ചെയ്‍തത്. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.
Read More : ഗൗതം മേനോൻ- ചിമ്പു ടീം ഗംഭീരമാക്കി, 'വെന്തു തനിന്തതു കാട്' കണ്ടവരുടെ ആദ്യ പ്രതികരണങ്ങള്‍
