Asianet News MalayalamAsianet News Malayalam

അങ്ങനെ അവര്‍ ഇരട്ട സംവിധായകരായി, 'ഇട്ടിമാണി' പിറന്നു

"അങ്ങനെ ഒരിക്കലും നടക്കില്ല എന്ന് പലരും കരുതിയ ഒരു കൂട്ടായ്മ ഇന്ന് ലോക സിനിമ കണ്ട ഏറ്റവും വലിയ ഒരു നടന്റെ ഒപ്പം സിനിമ ചെയുന്നു.."

Ittymaani Made In China directors jibi and joju
Author
Thiruvananthapuram, First Published May 16, 2019, 9:09 PM IST

മോഹന്‍ലാല്‍ ചിത്രം 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യിലൂടെ സ്വതന്ത്ര സംവിധായകരാവുകയാണ് ജിബിയും ജോജുവും. എങ്ങനെയാണ് ഒരുമിച്ച് ഒരു സിനിമ സംവിധാനം ചെയ്യാം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും എന്താണ് തങ്ങള്‍ക്കിടയിലെ ബന്ധമെന്നും ഓര്‍ത്തെടുക്കുകയാണ് ജോജു. ജിബിയുടെ ജന്മദിനത്തിലാണ് പരസ്യ ചിത്രങ്ങളിലൂടെ ആരംഭിച്ച ആ സൗഹൃദത്തെക്കുറിച്ച് ജോജു പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് ജോജുവിന്റെ കുറിപ്പ്.

'ഇട്ടിമാണി'യുടെ സംവിധായകര്‍ വന്ന വഴി

ഇന്ന് ജിബിചേട്ടന്റെ ജന്മദിനം :) പ്രീഡിഗ്രി കാലം തൊട്ടേ സിനിമ എന്റെ ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു മോഹമായി മാറി.പല അവസരങ്ങളും കൈവെള്ളയില്‍ നിന്ന് അവസാന നിമിഷം തെന്നി മാറി. സിനിമയ്ക്ക് ആയി വര്‍ഷങ്ങളോളം അലഞ്ഞെങ്കിലും അവസാനം ഷോര്‍ട് ഫിലിമിലും,പരസ്യ ചിത്രങ്ങളിലൂടെയും ഞാന്‍ തുടക്കം കുറിച്ചു .അങ്ങനെ ഞാന്‍ ആദ്യമായി പ്രവര്‍ത്തിച്ച പരസ്യ ചിത്രത്തിലെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു ജിബിച്ചേട്ടന്‍. ചില ആളുകളുമായുള്ള നമ്മുടെ ആത്മബന്ധം വാക്കുകള്‍ക്ക് അതീതമായിരിക്കും. ഒരു തുടക്കകാരന് അസ്സിസ്റ്റന്റിനു ലഭിക്കാവുന്ന എല്ലാ റാഗിങ്ങും ജിബിയേട്ടന്റെ കയ്യില്‍ നിന്നും എനിക്ക് കിട്ടി. ഞാന്‍ നല്ല ഒരു ഇര ആണെന്ന് ജിബിച്ചേട്ടന് മനസിലായി. അങ്ങനെ തുടങ്ങിയ റാഗിംഗ് ഒരു വലിയ സ്‌നേഹബന്ധത്തിലേക്ക് വഴിയൊരുക്കി. ആ ബന്ധം പിന്നീട് ഫോണ്‍ കോളുകളിലേക്കും നീങ്ങി. 

യഥാര്‍ത്ഥത്തില്‍ ജിബിച്ചേട്ടന്‍ എനിക്ക് ഒരു സുഹൃത്ത് മാത്രമല്ല, പുതിയതായി വരുന്ന അസിസ്റ്റന്റ് ഡയറക്ടേഴ്സിന് സിനിമയെ പറ്റി യാതൊരു വിധ ധാരണയും ഉണ്ടാവില്ല. എന്താണ് ഷോട്ട്‌സ്, എന്താണ് ഫ്രെയിംസ്,എന്താണ് മിഡ്ഷോട്ട് എന്നിങ്ങനെയുള്ള എല്ലാ ടെക്‌നിക്കല്‍ വശങ്ങളും എനിക്ക് പഠിപ്പിച്ചു തന്നത് ജിബിച്ചേട്ടന്‍ ആണ്.അങ്ങനെ നോക്കുക ആണെങ്കില്‍ സിനിമയിലെ എന്റെ ആദ്യ ഗുരു ജിബിച്ചേട്ടന്‍ ആണ്. ടെക്‌നിക്കല്‍ വശങ്ങളില്‍ മാത്രമല്ല,സിനിമയില്‍ എങ്ങനെ നില്‍ക്കണം,എങ്ങനെ പെരുമാറണം,എന്ത് ശരി എന്ത് തെറ്റ് എന്നിങ്ങനെ എല്ലാ കാര്യങ്ങളും പറഞ്ഞു പഠിപ്പിച്ചു തന്നത് ജിബിച്ചേട്ടന്‍ ആണ്. പിന്നീട് സെറ്റിന് അകത്തും പുറത്തും ഞങ്ങള്‍ നല്ല സുഹൃത്ത് ബന്ധങ്ങള്‍ നിലനിര്‍ത്തി.പരസ്പരം ഒരുപാട് തമാശകള്‍ പറഞ്ഞിരുന്നു ഞങ്ങള്‍ 5 കൊല്ലത്തോളം നിരവധി പരസ്യങ്ങളുടെയും മറ്റും ഭാഗമായി.അപ്പോഴും സിനിമ എന്ന സ്വപ്നം എനിക്ക് അന്യം നിന്ന് പോയിരുന്നു. 

Ittymaani Made In China directors jibi and joju

അങ്ങനെയിരിക്കെ ആദ്യമായി എന്നെ സിനിമയിലേക്ക് വിളിക്കുന്നത് ജിബിച്ചേട്ടന്‍ ആണ്. മണിച്ചേട്ടന്‍ നായകന്‍ ആയ സുനില്‍ സംവിധാനം ചെയ്ത 'കഥ പറയും തെരുവോരം' എന്ന ചിത്രത്തിലേക്ക് ക്ലാപ് അസിസ്റ്റന്റ് ആയിട്ടാണ് ജിബിച്ചേട്ടന്‍ എന്നെ കൊണ്ട് വന്നത്.ആ ചിത്രത്തിലെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു ജിബിയേട്ടന്‍.ശമ്പളത്തേക്കാള്‍ ജിബിയേട്ടനോടൊപ്പം വര്‍ക്ക് ചെയ്യുന്നതില്‍ ഞാന്‍ ഒരുപാട് സന്തോഷം കണ്ടെത്തിയിരുന്നു. അങ്ങനെ 12 ഓളം സിനിമകള്‍ ഞങ്ങള്‍ ഒന്നിച്ചു അസ്സോസിയേറ്റ്‌സ് ആയി വര്‍ക്ക് ചെയ്തു. അങ്ങനെ ഇരിക്കെ ബാല നായകനായി അഭിനയിച്ച SMS എന്ന ചിത്രത്തിന്റെ സെറ്റില്‍ വച് ആണ് JIBI JOJU എന്ന പേരില്‍ ഒരു ഇരട്ട സംവിധാന കൂട്ടായ്മ തുടങ്ങിയാലോ എന്ന് ആലോചിക്കുന്നത്. ഒരുപാട് സിനിമകളുടെ ചര്‍ച്ച നടന്നെങ്കില്‍ പോലും ഒന്നും സംഭവിച്ചില്ല. 

വെള്ളിമൂങ്ങയ്ക്ക് ശേഷം ഞങ്ങള്‍ അതിനെ പറ്റി വളരെ ഗൗരവമായി ചിന്തിച്ചു. അങ്ങനെ ഒരിക്കലും നടക്കില്ല എന്ന് പലരും കരുതിയ ഒരു കൂട്ടായ്മ ഇന്ന് ലോക സിനിമ കണ്ട ഏറ്റവും വലിയ ഒരു നടന്റെ ഒപ്പം സിനിമ ചെയുന്നു. ഇതിനെല്ലാം എനിക്ക് താങ്ങായും തണലായും ഒപ്പം നിന്ന എന്റെ ജേഷ്ഠസഹോദരന് ജന്മദിനാശംസകള്‍. ഇനിയും ഒരുപാട് ജന്മദിനങ്ങള്‍ക്ക് ഒപ്പം കൂടാന്‍ എനിക്ക് ഭാഗ്യമുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് സ്വന്തം അനിയന്‍ -ജോജു

Follow Us:
Download App:
  • android
  • ios