പ്രശസ്ത സംവിധായകന്‍ ഐ വി ശശിയുടെ സ്‍മരണാര്‍ഥം സാംസ്കാരിക സംഘടനയായ ഫസ്റ്റ് ക്ലാപ്പ് സംഘടിപ്പിച്ച പ്രഥമ ഐ വി ശശി ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 'ഹെലന്‍' സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യര്‍ ആണ് മികച്ച നവാഗത സംവിധായകന്‍. മികച്ച രണ്ടാമത്തെ നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിച്ചത് 'ഉയരെ' സംവിധായകന്‍ മനു അശോകനാണ്. മികച്ച പുതുമുഖ നടിക്കുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചത് അന്ന ബെന്നിന് ആണ്. കുമ്പളങ്ങി നൈറ്റ്സ്, ഹെലന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പരാമര്‍ശം. തിരക്കഥാകൃത്ത് ജോൺ പോൾ, സംവിധായകൻ റോഷൻ ആൻഡ്രൂസ്, നിർമ്മാതാവ് വി ബി കെ മേനോന്‍ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

മികച്ച നവാഗത സംവിധായകന് 50,000 രൂപയും കലാസംവിധായകൻ നേമം പുഷ്പരാജ് രൂപകൽപ്പന ചെയ്ത ശിൽപവും പ്രശസ്തി പത്രവുമാണ് പുരസ്‍കാരമായി ലഭിക്കുക. രണ്ടാം സ്ഥാനത്തിനർഹനായ നവാഗത സംവിധായകന് ശില്പവും പ്രശസ്തി പത്രവും ലഭിക്കും. ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹയായ നടിക്ക് ലഭിക്കുക കെ ജി ജോര്‍ജ് സെന്‍റര്‍ ഫോര്‍ സിനിമയുടെ പേരിൽ നൽകുന്ന ശിൽപവും പ്രശസ്തിപത്രവുമാണ്.

മ്യൂസിക് ആൽബം വിഭാഗത്തിൽ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള പുരസ്‍കാരം 'ഓണമാണ്' എന്ന ഗാനം എഴുതിയ കവിപ്രസാദ് ഗോപിനാഥിന് ലഭിച്ചു. ബെസ്റ്റ് മ്യൂസിക്ക് ഡയറക്ടർക്കുള്ള അവാർഡ് 'റിത്വ' എന്ന ആൽബത്തിന്‍റെ മ്യൂസിക്ക് ഡയറക്ടർ സുദീപ് പാലനാട് കരസ്ഥമാക്കി. ഏറ്റവും നല്ല ആൽബം ഡയറക്ടർക്കുളള പുരസ്ക്കാരം 'ചന്ദ്രേട്ടായനം' എന്ന ആൽബത്തിന്‍റെ ഡയറക്ടർ ആദിത്യ ചന്ദ്രശേഖരനാണ് ലഭിച്ചത്. കാപ്പിച്ചാൻ നിർമ്മിച്ച 'ഓണമാണ്' എന്ന ഗാനം ഏറ്റവും നല്ല ആൽബത്തിനുള്ള അവാർഡ് കരസ്ഥമാക്കി. ക്യാമ്പസ് വിഭാഗത്തിൽ മികച്ച സംവിധായകനായി കെ ആർ നാരായണൻ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്‍റ് ആർട്‍സിലെ ഷജിൻ സാം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ക്യാമ്പസ് ഷോർട്ട് ഫിലിമായി കെ ആർ നാരായണൻ ഇൻസ്റ്റിറ്റ‍്യൂട്ടിലെ വിദ്യാർത്ഥികൾ നിർമ്മിച്ച 'ഭ്രമണം' തെരഞ്ഞെടുക്കപ്പെട്ടു. പ്രവാസി വിഭാഗത്തിലെ മികച്ച ഫിലിം ദൗഫൽ അന്തിക്കാട് നിർമ്മിച്ച 'കടലാഴം' എന്ന ചിത്രമാണ്. മികച്ച പ്രവാസി ഷോർട്ട് ഫിലിം സംവിധായകനായി ജാൻവി എന്ന ഷോർട്ട് ഫിലിമിന്‍റെ സംവിധായകൻ രഞ്ജീഷ് മുണ്ടയ്ക്കൽ തെരഞ്ഞെടുക്കപ്പെട്ടു. 

ജനറൽ വിഭാഗത്തിൽ 'അതിര്' എന്ന ഷോർട്ട് ഫിലിമിലെ പ്രകടനത്തിന് നന്ദിതാദാസ് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹയായി. മികച്ച നടിയായി മഹാരാഷ്ട്രയിൽ നിന്നുള്ള സോറി ഫോര്‍ യുവര്‍ ലോസ് എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിന് വീരാ ദസ്തൂരി തെരഞ്ഞെടുക്കപ്പെട്ടു. 'പേര് മുസ്താക് അലി' എന്ന ചിത്രത്തിലെ അഭിനയത്തിന് ഷിജു പവിത്രനാണ് മികച്ച നടന്‍. കൊവിഡിന് ശേഷം എറണാകുളത്തു വച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‍കാരങ്ങള്‍ വിതരണം ചെയ്യും.