16 മണിക്കൂര്‍ കൊണ്ട് 3 ലക്ഷത്തിന് മുകളില്‍ കാഴ്ചകളാണ് ചിത്രം നേടിയിരിക്കുന്നത്
മലയാളി കലാപ്രേമികളെ ഞെട്ടിച്ച വിയോഗങ്ങളില്‍ ഒന്നായിരുന്നു നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്‍റേത്. സമീപകാലത്ത് സിനിമയില്‍ വീണ്ടും സജീവമായ അദ്ദേഹത്തിന്‍റെ അടുത്തിടെ എത്തിയ ചിത്രങ്ങളിലൊന്നായിരുന്നു ഇഴ. കലാഭവന്‍ നവാസും ഭാര്യ രഹനയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് എന്നതാണ് പ്രത്യേകത. നവാഗതനായ സിറാജ് റെസയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ നവാസിന്‍റെ വിയോഗത്തിന് പിന്നാലെ ചിത്രം യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
റെസ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് എന്ന യുട്യൂബ് ചാനലിലൂടെ ഇന്നലെയാണ് ചിത്രം എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 16 മണിക്കൂര്‍ കൊണ്ട് 3.19 ലക്ഷത്തിന് മുകളില്‍ കാഴ്ചകളാണ് ചിത്രം നേടിയത്. 700 ല്‍ അധികം കമന്‍റുകളും ഉണ്ട്. കലാഭവന്‍ നവാസ് എന്ന കലാകാരനോടുള്ള ഇഷ്ടമാണ് കമന്‍റ് ബോക്സില്‍ ആസ്വാദകര്‍ പ്രകടിപ്പിക്കുന്നത്. ചെറിയ ബജറ്റില്‍ ഒരുക്കിയ മികച്ച ചിത്രമെന്നും കുറിക്കുന്നുണ്ട് ആസ്വാദകര്‍.
രഹന ഏറെ നാളുകൾക്ക് ശേഷം നായികയായി മലയാള സിനിമയിലേക്ക് തിരിച്ചു വന്ന ചിത്രം കൂടിയായിരുന്നു ഇഴ. ഭാര്യാഭര്‍ത്താക്കന്മാരായാണ് ഇരുവരും സിനിമയിലും അഭിനയിച്ചത്. നിരവധി പുതുമുഖങ്ങളും അണിനിരന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷമീർ ജിബ്രാൻ, എഡിറ്റിംഗ് ബിൻഷാദ്, പശ്ചാത്തല സംഗീതം ശ്യാം ലാൽ, അസോസിയേറ്റ് ക്യാമറ എസ് ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബബീർ പോക്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ ആർ ക്രിയേഷൻസ്, കോ പ്രൊഡ്യൂസേഴ്സ് ശിഹാബ് കെ എസ്, കിൽജി കൂളിയാട്ട്, പ്രൊഡക്ഷൻ കൺട്രോളർ ഫായിസ് മുബീൻ, സൗണ്ട് മിക്സിംഗ് ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ വൈശാഖ് സോഭൻ, മേക്കപ്പ് നിമ്മി സുനിൽ, കാസ്റ്റിംഗ് ഡയറക്ടർ അസിം കോട്ടൂർ, സ്റ്റിൽസ് സുമേഷ്, ആർട്ട് ജസ്റ്റിൻ, കോസ്റ്റ്യൂം ഡിസൈൻ രഹനാസ് ഡിസൈൻ, ടൈറ്റിൽ ഡിസൈൻ മുഹമ്മദ് സല. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ സിറാജ് റെസ തന്നെയാണ്.

