സണ്ണി ഡിയോൾ നായകനായ ജാട്ട് ശരാശരി വിജയമായിരുന്നുവെന്ന് അണിയറപ്രവർത്തകർ. ജാട്ട് 2 പ്രഖ്യാപിച്ചു, ഒടിടി റിലീസ് നെറ്റ്ഫ്ലിക്സിൽ ജൂൺ 5ന്.
മുംബൈ: സണ്ണി ഡിയോൾ നായകനായി ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ജാട്ട് എന്ന ചിത്രത്തിന് ബോക്സ് ഓഫീസിൽ ശരാശരി വിജയമാണ് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്ന കണക്ക്. 2025 ഏപ്രിൽ 11 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. 100 കോടിയോളം ചിലവാക്കിയാണ് ചിത്രം എടുത്തത്. ചിത്രം ആഗോളതലത്തില്‍ 118 കോടി നേടിയെന്നാണ് വിവരം.
എന്നാല്‍ ചിത്രത്തിന്‍റെ റിലീസിന് ശേഷം ഒരു ആഴ്ച കഴിഞ്ഞപ്പോൾ സണ്ണി ഡിയോൾ സോഷ്യൽ മീഡിയയിലൂടെ ജാട്ട് 2 പ്രഖ്യാപിച്ചിരിക്കുകയും ചെയ്തിരുന്നു. ബോക്സ് ഓഫീസിൽ ജാട്ട് വലിയ വിജയം നേടിയിട്ടില്ലെങ്കിലും, ജാട്ട് 2 ഇറങ്ങും എന്നാണ് പ്രഖ്യാപനം. ജാട്ട് 2വിന്‍റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സണ്ണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് "ജാട്ട് ഒരു പുതിയ ദൗത്യത്തിലേക്ക്! ജാട്ട്2" എന്നാണ് എഴുതിയത്.
പോസ്റ്ററിൽ സൂചിപ്പിക്കുന്നത് പോലെ രണ്ടാം ഭാഗവും ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യും. മൈത്രി മൂവീസ് മേക്കേഴ്‌സാണ് ഈ പ്രോജക്റ്റിന്‍റെ നിര്‍മ്മാതാക്കള്‍. സണ്ണി ടൈറ്റിൽ റോളിൽ എത്തുന്നത് ഒഴികെ ബാക്കിയുള്ള അഭിനേതാക്കളുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്നാല്‍ അതിനിടയില്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച് പുതിയ അപ്ഡേറ്റ് പുറത്തു വരുന്നുണ്ട്.
നെറ്റ്ഫ്ലിക്സിലായിരിക്കും ചിത്രത്തിന്‍റെ ഒടിടി റിലീസ് എന്നാണ് വിവരം. നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി പറഞ്ഞില്ലെങ്കിലും വിവിധ ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ 5നായിരിക്കും ചിത്രം റിലീസ് ചെയ്യുക.
ജാട്ട് പീപ്പിൾ മീഡിയ ഫാക്ടറിയും മൈത്രി മൂവി മേക്കേഴ്‌സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സായാമി ഖേർ, രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം.
ജാട്ടിന് മുന്‍പ് അവസാന ചിത്രമായ ഗദർ 2 ബോക്സ് ഓഫീസ് വിജയമായിരുന്നു. അമീഷ പട്ടേൽ നായികയായെത്തിയ ഇത് ആരാധകർക്ക് ഒരു നൊസ്റ്റാൾജിയ നിറഞ്ഞ യാത്രയായിരുന്നു, സണ്ണി ഡിയോളിന് തിരിച്ചുവരവായിരുന്നു. സണ്ണി ഡിയോള്‍ ലാഹോർ 1947, ബോർഡർ 2 എന്നി ചിത്രങ്ങള്‍ ചെയ്യാനുണ്ട്.