സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജില്ലിനൊപ്പം പൃഥ്വിരാജും.

ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ ഛായാഗ്രാഹകൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ജാക്ക് ആൻഡ് ജില്‍. കാളിദാസ് ജയറാമും മഞ്‍ജു വാര്യരുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത. പ്രേക്ഷകരുടെ പ്രിയതാരം പൃഥ്വിരാജും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് സന്തോഷ് ശിവൻ പറയുന്നത്.

ചിത്രത്തിന്റെ ഇൻട്രൊഡക്ഷൻ രംഗത്തിന് ശബ്‍ദം നല്‍കുകയാണ് പൃഥ്വിരാജ് ചെയ്യുക. പൃഥ്വിരാജിന്റെ ഭാഗം വളരെ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചിത്രത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഇതെന്നും സന്തോഷ് ശിവൻ പറയുന്നു. സന്തോഷ് ശിവൻ സംവിധാനം ചെയ്‍ത അനന്തഭദ്രം, ഉറുമി എന്ന സിനിമകളില്‍ പൃഥ്വിരാജ് ആയിരുന്നു നായകൻ. പൃഥ്വിരാജ് ജാക്ക് ആൻഡ് ജില്‍ സിനിമയുടെ ഭാഗമാകുന്നതിനാല്‍ സിനിമ വലിയ വിജയമാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.