ആക്ഷൻ താരം ജാക്കി ചാൻ മലയാളത്തിലേക്ക് എത്തുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മോഹൻലാലിനൊപ്പമാണ് ജാക്കി ചാൻ അഭിനയിക്കുകയെന്നായിരുന്നു വാര്‍ത്തകള്‍. ഇതോടെ സിനിമയെ കുറിച്ചുള്ള അഭ്യൂഹങ്ങളും സജീവമായി. നായര്‍സാൻ എന്ന സിനിമ ഉടൻ തുടങ്ങുന്നുവെന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമാക്കി സംവിധായകൻ ആല്‍ബര്‍ട്ട് ആന്റണി രംഗത്ത് എത്തി.

നായര്‍ സാൻ എന്ന സിനിമ പ്രഖ്യാപിച്ചത് 2008ലായിരുന്നു. ആല്‍ബര്‍ട്ട് ആന്റണി ചിത്രം സംവിധാനം ചെയ്യുമെന്നും വാര്‍ത്ത വന്നു. അയ്യപ്പൻ പിള്ള മാധവൻ നായര്‍ എന്ന സ്വാതന്ത്ര്യസമര സേനാനിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ മോഹൻലാല്‍ നായകനാകും. ചിത്രത്തില്‍ ജാക്കി ചാൻ അഭിനയിക്കുന്നുവെന്നുമായിരുന്നു വാര്‍ത്ത. തിരുവനന്തപുരം സ്വദേശിയായ അയ്യപ്പൻ പിള്ള മാധവൻ നായര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിട്ടായിരുന്നു ജപ്പാനില്‍ എത്തിയത്. പിന്നീട് അവിടെ തന്നെ താമസിക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുകയും ചെയ്‍തു. ജപ്പാനില്‍ അദ്ദേഹം നായര്‍സാൻ എന്നും അറിയപ്പെട്ടു. എന്തായാലും അദ്ദേഹത്തെ കുറിച്ചുള്ള സിനിമ വരില്ലെന്നു തന്നെയാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.