സിബിഐ 5ന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്

മമ്മൂട്ടിയുടെ (Mammootty) അപ്‍കമിംഗ് പ്രോജക്റ്റുകളില്‍ പ്രഖ്യാപനസമയത്തുതന്നെ ഹൈപ്പ് സൃഷ്‍ടിച്ച ചിത്രമാണ് 'സിബിഐ 5' (CBI 5). ഇനിയും പേരിട്ടിട്ടില്ലാത്ത സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ അണിയറയിലും കെ മധുവും എസ് എന്‍ സ്വാമിയുമാണ്. നാല് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ സിരീസിലെ പുതിയ ഭാഗത്തില്‍ അണിയറപ്രവര്‍ത്തകരിലും താരങ്ങളിലും പഴയവര്‍ക്കൊപ്പം പുതിയ കൂട്ടിച്ചേര്‍ക്കലുകളുമുണ്ട്. നാല് ചിത്രങ്ങളിലും അഭിനയിച്ച ജഗതി ശ്രീകുമാര്‍ (Jagathy Sreekumar) ചിത്രത്തില്‍ ഉണ്ടാവുമോ എന്ന ചോദ്യം ആദ്യം മുതല്‍ പ്രേക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്. ചിത്രത്തില്‍ 'വിക്രം' എന്ന കഥാപാത്രമായി ജഗതി എത്തുമെന്നും മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണ് ഇതെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ജഗതി മേക്കപ്പ് ഇടുന്ന ഒരു ചിത്രം നടന്‍ അജു വര്‍ഗീസ് ഇന്ന് രാവിലെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് വൈറല്‍ ആയിരുന്നു. എന്നാല്‍ ഇത് പഴയ ചിത്രമാണെന്നും ജഗതി ഇതുവരെ സിബിഐ 5ല്‍ ജോയിന്‍ ചെയ്‍തിട്ടില്ലെന്നുമാണ് പുതിയ വിവരം.

അജു വര്‍ഗീസ് പോസ്റ്റ് ചെയ്‍ത ജഗതിയുടെ ചിത്രം നടി ശ്വേത മേനോന്‍, സംവിധായകന്‍ തരുണ്‍ മൂര്‍ത്തി എന്നിവരുള്‍പ്പെടെ ചലച്ചിത്രമേഖലയിലെ പലരും പിന്നാലെ പങ്കുവച്ചിരുന്നു. 'സിബിഐ 5നുവേണ്ടി വിക്രം തയ്യാറെടുക്കുന്നു' എന്ന കുറിപ്പോടെയാണ് ശ്വേത ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. പിന്നാലെ കാര്യത്തിന്‍റെ നിജസ്ഥിതി പരിശോധിക്കാതെ ചിത്രം പോസ്റ്റ് ചെയ്‍തതില്‍ ക്ഷമ ചോദിച്ച് ശ്വേത രംഗത്തെത്തി. ഷൂട്ടിംഗ് തിരക്കുകളിലായതിനാല്‍ ഈ ചിത്രത്തെക്കുറിച്ചുള്ള വസ്‍തുത പരിശോധിക്കാന്‍ സമയം കിട്ടിയില്ലെന്നും ക്ഷമ ചോദിക്കുന്നുവെന്നും ശ്വേത കമന്‍റ് ബോക്സില്‍ കുറിച്ചു. ജഗതി ഇതുവരെ സിബിഐ 5ന്‍റെ ലൊക്കേഷനില്‍ വന്നിട്ടില്ലെന്നും അഭിനയിച്ചിട്ടില്ലെന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനെ ഉദ്ധരിച്ച് കാന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്‍തു. മാസങ്ങള്‍ക്കു മുന്‍പ് ജഗതി അഭിനയിച്ച പരസ്യചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് സിബിഐ 5ന്‍റേതെന്ന പേരില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. 

മുകേഷ്, സായ്‍കുമാര്‍, രണ്‍ജി പണിക്കര്‍, രമേശ് പിഷാരടി, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്.