'സിബിഐ' സീരിസിലെ അഞ്ചാം ഭാഗത്തിലും ജഗതിയുടെ സാന്നിദ്ധ്യമുണ്ടാകും.
മലയാളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സിബിഐ' (CBI) സീരിസിലെ അഞ്ചാം ഭാഗം. 'സേതുരാമയ്യര്‍ സിബിഐ' ആയി മമ്മൂട്ടി (Mammootty) വീണ്ടും എത്തുന്ന ചിത്രം കഴിഞ്ഞ മാസം 29ന് തുടങ്ങിയിരുന്നു. മമ്മൂട്ടിയും ഇതിനകം തന്നെ ജോയിൻ ചെയ്യുകയും ചെയ്‍തു. ആരാധകര്‍ അന്വേഷിച്ച ഒരു ചോദ്യത്തിന് ഉത്തരമാകുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതുവരെയുള്ള 'സിബിഐ' ചിത്രങ്ങളിലെ അവിഭാജ്യഘടമായിരുന്നു ജഗതി ശ്രീകുമാര്‍. 'വിക്രം' എന്ന കഥാപാത്രമായിട്ടാണ് ജഗതി സിബിഐയുടെ ഇൻവെസ്റ്റിഗേഷൻ ടീമില്‍ ഉണ്ടായിരുന്നത്. വാഹനാപകടത്തില്‍ പരുക്കേറ്റതിന് ശേഷം ആരോഗ്യപ്രശ്‍നങ്ങള്‍ കാരണം ജഗതി വര്‍ഷങ്ങളായി അഭിനയരംഗത്ത് ഇല്ല. ഒരു പരസ്യ ചിത്രത്തില്‍ മാത്രമാണ് ജഗതി അഭിനയിച്ചത്. 'സിബിഐ' സീരിസിലെ ചിത്രത്തില്‍ ജഗതി വേണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. 'സിബിഐ' പുതിയ ചിത്രത്തില്‍ ഏതെങ്കിലും സീനിലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ച സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും 'സിബിഐ'യുടെ ചില രംഗങ്ങള്‍ ജഗതിയുടെ വീട്ടില്‍ തന്നെ ചിത്രീകരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. മുകേഷ്, സായ്‍കുമാര്‍ തുടങ്ങിയവര്‍ പുതിയ ചിത്രത്തിലുമുണ്ടാകും. 'സിബിഐ'യുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. 'സിബിഐ' സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.
'സിബിഐ' സീരിസിലെ ആദ്യ ചിത്രം 'ഒരു സിബിഐ ഡയറികുറിപ്പ്' ആയിരുന്നു. പിന്നീട് 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ ചിത്രങ്ങളും പുറത്തെത്തി. മലയാളത്തില്‍ ഇങ്ങനെ ഒരു സീക്വല്‍ (അഞ്ച് ഭാഗങ്ങള്‍) ഇതാദ്യമാണ്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു തന്നെയായിരുന്നു എല്ലാ 'സിബിഐ' ചിത്രങ്ങളും സംവിധാനം ചെയ്‍തത്.
