ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ പ്രിയ നടൻ ജഗതി ശ്രീകുമാർ ക്യാമറക്ക് മുന്നിലെത്തി. മകൻ രാജ്‌കുമാർ നിർമിക്കുന്ന പരസ്യത്തിലാണ് ജഗതി അഭിനയിക്കുന്നത്. പരസ്യത്തിന്റെ സ്വിച്ച് ഓൺ കർമ്മം നടൻ മനോജ് കെ ജയൻ നിർവഹിച്ചു.

കാർ അപകടത്തേത്തുടർന് അഭിനയ ജീവിതത്തിൽ നിന്ന് മാറിനിന്ന ജഗതി ശ്രീകുമാർ ഏഴു വർഷത്തിന് ശേഷമാണ് തിരിച്ചെത്തിയത്. സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിനു വേണ്ടി ജഗതിയുടെ മകൻ രാജ്‌കുമാറിന്റെ ഉടമസ്ഥതയിൽ ഉള്ള ജഗതി ശ്രീകുമാർ  പ്രൊഡക്ഷൻസ് ആണ് പരസ്യം തയ്യറാക്കുന്നത്. ജഗതിയും കുടുംബ അംഗങ്ങളും പരസ്യത്തിൽ അഭിനയിക്കുന്നുണ്ട്. ജഗതി ശ്രീകുമാർ പ്രൊഡക്ഷൻസിന്റെ ഉദ്‌ഘാടനം  ജഗതി നിര്‍വഹിച്ചപ്പോള്‍ പരസ്യത്തിന്റെ സ്വിച്ച് ഓൺ മനോജ് കെ ജയൻ നിർവഹിച്ചു. ചടങ്ങിൽ ഉടനീളം കൈ വീശി ഉല്ലാസവനായിരുന്നു ജഗതി.

ജഗതി ജീവിതത്തിലേക്കു തിരിച്ചു വരുന്നതിന്റെ സന്തോഷം കുടുംബ അംഗങ്ങളും മറച്ചു വച്ചില്ല. ഡോക്ടർമാരുടെ നിർദേശ പ്രകാരമാണ് ജഗതി അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയതെന്നു കുടുംബം പറയുന്നു.

സിൽവർ സ്റ്റോർ എം ഡി എ ഐ ശാലിമാറും ചടങ്ങിൽ പങ്കെടുത്തു. വ്യാഴാഴ്ച മുതൽ സിൽവർ സ്റ്റോർമിലാണ് പരസ്യത്തിന്റെ ചിത്രീകരണം.