Asianet News Malayalam

'വിലായത്ത് ബുദ്ധ'യില്‍ ഏതുതരം സംഗീതം വേണമെന്നും എന്നോട് പറഞ്ഞിരുന്നു; സച്ചി ഓര്‍മ്മയില്‍ ജേക്സ് ബിജോയ്

ഒരു ടെക്നീഷ്യന്‍ എന്നതിനപ്പുറം, സച്ചിയുമായുണ്ടായിരുന്ന സഹോദര ബന്ധത്തെക്കുറിച്ച് ഓര്‍ക്കുകയാണ് സംഗീത സംവിധായകന്‍ ജേക്സ് ബിജോയ്.
 

Jakes Bejoy writes about Sachy
Author
Kochi, First Published Jun 18, 2021, 8:49 AM IST
  • Facebook
  • Twitter
  • Whatsapp

കഥയും അവതരണവും പോലെ സംഗീതത്തിലും പ്രത്യേകതകളുള്ള ചിത്രമായിരുന്നു അയ്യപ്പനും കോശിയും. കഥാപശ്ചാത്തലമായ അട്ടപ്പാടിയില്‍ ഏറെക്കാലം സച്ചി താമസിച്ചിരുന്നു. ആ ഭൂപ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന സംഗീതം ചിത്രത്തില്‍ ഉപയോഗിച്ചാലോ എന്ന സംഗീതസംവിധായകന്‍റെ ചോദ്യത്തോട് ആവേശത്തോടെയായിരുന്നു സച്ചിയുടെ പ്രതികരണം. നഞ്ചിയമ്മയൊക്കെ ചിത്രത്തിലേക്ക് എത്തുന്നത് അങ്ങനെയാണ്. ഒരു ടെക്നീഷ്യന്‍ എന്നതിനപ്പുറം, സച്ചിയുമായുണ്ടായിരുന്ന സഹോദര ബന്ധത്തെക്കുറിച്ച് ഓര്‍ക്കുകയാണ് സംഗീത സംവിധായകന്‍ ജേക്സ് ബിജോയ്.

മലയാള സിനിമയില്‍ എനിക്ക് ഒരു ഗോഡ്‍ഫാദറിനെ കിട്ടി എന്ന് അഹങ്കാരം തോന്നിയത് സച്ചിയേട്ടനെ പരിചയപ്പെട്ടപ്പോഴാണ്. അതുവരെയുള്ള സിനിമാജീവിതത്തില്‍ പരിചയപ്പെട്ടിരുന്ന സംവിധായകരില്‍ നിന്നൊക്കെ വ്യത്യസ്‍തനായിരുന്നു അദ്ദേഹം. ഡിജോ, നിര്‍മ്മല്‍, തരുണ്‍, ജയന്‍ നമ്പ്യാര്‍ തുടങ്ങി ഞാന്‍ ഒരുമിച്ച് വര്‍ക്ക് ചെയ്‍തിട്ടുള്ള പല സംവിധായകരും എന്‍റെ ഏജ് ഗ്രൂപ്പില്‍ ഉള്ളവരാണ്. ജോഷി സാറും എനിക്ക് ഇതുപോലെ പ്രിയപ്പെട്ട ആളാണ്. പക്ഷേ അദ്ദേഹം സീനിയോറിറ്റിയില്‍ ഒരുപാട് പടികള്‍ മുകളിലാണ്. സച്ചിയേട്ടന്‍ ഒരു മൂത്ത ചേട്ടനെപ്പോലെ ആയിരുന്നു. അത്രയും കാഷ്വല്‍ ആയിട്ടാണ് പെരുമാറുക. അയ്യപ്പനും കോശിയും കമ്മിറ്റ് ചെയ്‍തുകഴിഞ്ഞ് ഒരു ദിവസം എന്നോട് വരാന്‍ പറഞ്ഞു. ഒരു വൈകുന്നേരം മുഴുവന്‍ ഞങ്ങള്‍ പഴയ പാട്ടുകളൊക്കെ പാടി ഇരുന്നു. സംഗീതത്തിലെ സച്ചിയേട്ടന്‍റെ താല്‍പര്യങ്ങളൊക്കെ അന്നു പറഞ്ഞു. വളരെ വിപുലമായ അഭിരുചിയാണ് അദ്ദേഹത്തിന് സംഗീതത്തില്‍ ഉള്ളത്. ഗംഭീരമായി പാടുകയും ചെയ്യും. ഭയങ്കര രസമുള്ള ശബ്ദമാണ്. ഫോണ്‍ വിളികളൊന്നും മറക്കാന്‍ പറ്റാത്തവയാണ്. ഫോണ്‍ എടുത്തിട്ട്, 'ജേക്സേ, കുട്ടാ' എന്നാണ് സംബോധന ചെയ്യുക. കുട്ടാ എന്നേ വിളിക്കൂ. എടാ, നമുക്ക് അതൊന്ന് മാറ്റിപ്പിടിച്ചാലോ എന്നൊക്കെ ചോദിക്കും. മാറ്റിപ്പിടിക്കാമെന്ന് ഞാന്‍ പറയും. ഓരോ ഐഡിയാസ് കൊടുക്കും. പാട്ടിന്‍റെ വരികളില്‍ ഒരുപാട് ശ്രദ്ധിക്കുന്ന ആളായിരുന്നു സച്ചിയേട്ടന്‍.

അയ്യപ്പനും കോശിക്കും വേണ്ടി ആദ്യം ഞാന്‍ ട്യൂണ്‍ ഇട്ടിരുന്നു. പക്ഷേ ട്യൂണിനൊപ്പിച്ച് വരികള്‍ എന്നത് സച്ചിയേട്ടന് താല്‍പര്യം തോന്നാത്തതുകൊണ്ട് പിന്നെ റഫീഖ്‍ജിയുമായി (റഫീഖ് അഹമ്മദ്) ഇരുന്ന് വരികള്‍ എഴുതിക്കഴിഞ്ഞിട്ടാണ് അതിലെ ഓരോ പാട്ടും കമ്പോസ് ചെയ്‍തത്. സച്ചിയേട്ടന്‍റെ സംഗീത അഭിരുചികള്‍ മനസിലാക്കിത്തരാന്‍ വേണ്ടി ഒരുപാട് ഐസ് ബ്രേക്കിംഗ് സെഷന്‍സ് ഉണ്ടായിരുന്നു. എന്‍റെ കരിയറിലെ ഒരു നാഴികക്കല്ലായിരുന്നു അയ്യപ്പനും കോശിയും. സച്ചിയേട്ടന്‍ പരിചയപ്പെടുത്തിയ സോപാനം സിംഗേഴ്സുമായിട്ട് ഞാനിപ്പോള്‍ വര്‍ക്ക് ചെയ്യുന്നുണ്ട്, കുരുതിക്ക് വേണ്ടി. ഞെരളത്ത് ഹരിഗോവിന്ദന്‍ പാടുന്നുണ്ട് അതില്‍. അദ്ദേഹമൊന്നും സിനിമാസംഗീതത്തില്‍ വന്നിട്ടില്ല. മലയാളത്തില്‍ മാത്രം മുന്നൂറിന് മുകളില്‍ വ്യത്യസ്‍ത സംഗീത ധാരകളുണ്ട്. ഹരിഗോവിന്ദനെപ്പറ്റിയൊക്കെ സച്ചിയേട്ടന്‍ പറഞ്ഞാണ് ഞാന്‍ ശ്രദ്ധിച്ചത്. അയ്യപ്പനും കോശിയിലും പാടിക്കാന്‍ പറ്റിയില്ല. പകരം 'അറിയാതറിയാതെ' എന്ന പാട്ട് കോട്ടയ്ക്കല്‍ മധുച്ചേട്ടനെക്കൊണ്ടാണ് പാടിച്ചത്. ആലാപനത്തില്‍ വരെ എക്സ്പെരിമെന്‍റ് നടത്താന്‍ കഴിഞ്ഞത് സച്ചിയേട്ടന്‍റെ പ്രോത്സാഹനം കൊണ്ടായിരുന്നു.

'പൊറിഞ്ചു മറിയം ജോസി'നു ശേഷമാണ് ഞാന്‍ അയ്യപ്പനും കോശിയും ചെയ്യുന്നത്. പൊറിഞ്ചുവിലെ പശ്ചാത്തല സംഗീതത്തിനായി ഇരിങ്ങാലക്കുട ഭാഗത്തെ അമ്പുപെരുന്നാളൊക്കെ കാണാന്‍ പോയിരുന്നു. അത് സിനിമയുടെ റീറെക്കോര്‍ഡിംഗ് വേളയില്‍ ഒരുപാട് സഹായിച്ചിരുന്നു. അട്ടപ്പാടിയില്‍ സച്ചിയേട്ടന്‍ കുറേനാള്‍ താമസിച്ചിരുന്നു എന്ന് ഞാന്‍ കേട്ടിരുന്നു. എന്തുകൊണ്ട് അവിടുത്തെ പ്രാദേശികമായ സംഗീതം സിനിമയുടെ സ്കോറിലേക്ക് കൊണ്ടുവന്നുകൂടാ എന്ന് ഞാന്‍ സച്ചിയേട്ടനോട് ചോദിച്ചു. ആ ആശയം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. നാടന്‍ സംഗീതം ഏറെ ഇഷ്ടമുള്ളയാളാണ് സച്ചിയേട്ടന്‍. അപ്പോഴാണ് നഞ്ചിയമ്മയുടെയും ആ ഗ്രൂപ്പിന്‍റെയുമൊക്കെ കാര്യം പറയുന്നത്. അട്ടപ്പാടിയില്‍ ഒരുപാട് സുഹൃത്തുക്കളുമുണ്ട് അദ്ദേഹത്തിന്. അതുകൊണ്ട് അത്തരം ആര്‍ട്ടിസ്റ്റുകളെ കണ്ടെത്താന്‍ എളുപ്പമായിരുന്നു. സിനിമയുടെ ഫൂട്ടേജ് വന്നപ്പോള്‍ ഞങ്ങള്‍ പല മ്യൂസിക്കും ഇട്ടുനോക്കി. പക്ഷേ 'കലക്കാത്ത' എന്ന പാട്ട് ഇട്ടപ്പോഴാണ് മൊത്തത്തില്‍ അതിന്‍റെ കളര്‍ മാറിയത്. ഈ റൂട്ടഡ് ആയ സംഗീതത്തിന്‍റെ ഇംപാക്റ്റ് എനിക്ക് മനസിലായത് അപ്പോഴാണ്.

മൂന്നൂറിലേറെ പേജുകളുള്ള തിരക്കഥ നാല് മണിക്കൂര്‍ ഇരുന്നാണ് ഞാന്‍ കേട്ടത്. സച്ചിയേട്ടന്‍ തന്നെയാണ് വായിച്ചത്. എനിക്കുവേണ്ടി മാത്രമുള്ള ഒരു സെഷന്‍ ആയിരുന്നു അത്. പടം നേരിട്ടുകണ്ട ഫീല്‍ ആയിരുന്നു എനിക്ക്. അതിനുശേഷമായിരുന്നു പടത്തിലെ സംഗീതം എങ്ങനെ വേണമെന്നുള്ള ചര്‍ച്ച. Scoring for script എന്നൊരു ടെക്നിക്ക് ഉണ്ട് ഇപ്പോള്‍. തിരക്കഥ വായിച്ചുകഴിഞ്ഞാല്‍ കുറേ കാര്യങ്ങള്‍ മ്യൂസിക്കലി നമ്മള്‍ എക്സ്പ്രസ് ചെയ്യും. ഷൂട്ടിംഗിന്‍റെ സമയത്ത് അത് അഭിനേതാക്കള്‍ക്കും സംവിധായകര്‍ക്കും ഭയങ്കര സഹായകരമാകും. അതൊക്കെ നേരത്തെയും ചെയ്തിട്ടുണ്ടെങ്കിലും ഭയങ്കരമായ സംതൃപ്‍തി തന്നത് അയ്യപ്പനും കോശിയും ആണ്.

അവസാനം സര്‍ജറിക്ക് പോകുന്നതിനു മുന്‍പ് അടുത്ത സിനിമയായ 'വിലായത്ത് ബുദ്ധ'യുടെ കഥയും പ്രാഥമികമായ ഒരു മ്യൂസിക്കല്‍ നോട്ടും എനിക്ക് പറഞ്ഞുതന്നിരുന്നു. എന്തുതരം മ്യൂസിക് ആണ് എക്സ്പെരിമെന്‍റ് ചെയ്യേണ്ടതെന്ന് സംസാരിക്കാമെന്നും ഒരു ദിവസം വരാനുമൊക്കെ പറഞ്ഞിരുന്നു. മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. വ്യക്തിപരമായി എനിക്കും. ഇത്രയും നന്നായി വായിച്ചിട്ടുള്ള തിരക്കഥാകൃത്തുക്കളൊക്കെ ഇപ്പോള്‍ കുറവാണ്. അഭിഭാഷകനും ആയിരുന്നല്ലോ അദ്ദേഹം. അയ്യപ്പനും കോശിയും ഒരു തുടക്കമായിരുന്നു. ടൈറ്റ്ലി പാക്ക്ഡും സ്റ്റൈലിഷും ആയിട്ടുള്ള എന്നാല്‍ കഥയ്ക്ക് കാമ്പുള്ള, ശക്തമായ നരേറ്റീവ് ഉള്ള പടങ്ങള്‍ ഇനിയും അദ്ദേഹത്തിന്‍ നിന്നും ഉണ്ടാവുമായിരുന്നു. അങ്ങനെ ചെയ്യാന്‍ വേറെ ആരുണ്ട് മലയാളത്തില്‍ ഇന്ന്? ഇവിടെ പരീക്ഷണം നടത്തുന്ന സംവിധായകര്‍ ഒന്നുകില്‍ അങ്ങേയറ്റത്തെ പരീക്ഷണവുമായാണ് മുന്നോട്ട് നീങ്ങുന്നത്. അതുപക്ഷേ സാധാരണക്കാര്‍ക്ക് മനസിലാവണമെന്നില്ല. എന്‍റെ വീട്ടിലൊക്കെയുള്ള പ്രായമായവര്‍ക്ക് നമ്മള്‍ ന്യൂജനറേഷന്‍ എന്നു വിളിക്കുന്ന സിനിമകള്‍ മനസിലാവില്ല. അവരുമായിട്ട് അവ വിനിമയം ചെയ്യുന്നില്ല. പക്ഷേ അയ്യപ്പനും കോശിയും അങ്ങനെ അല്ലായിരുന്നു. പ്രായഭേദമന്യെ, പല ഴോണര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന, പല അഭിരുചികളുള്ള എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു സിനിമയായിരുന്നു.

എന്‍റെ കരിയറിനെ സംബന്ധിച്ച് എനിക്ക് എന്‍റെ ചങ്ക് നഷ്‍‌ടപ്പെട്ടതുപോലെയാണ് സച്ചിയേട്ടന്‍റെ വിയോഗം. പക്ഷേ അദ്ദേഹം ജീവിതത്തില്‍ കാണിച്ചുതന്ന കുറേ കാര്യങ്ങളുണ്ട്. മറ്റുള്ളവരോട് എങ്ങനെ ഇടപെടണം, കലയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതൊക്കെ. സിനിമയോടും സംഗീതത്തോടും കലയോടും മനുഷ്യരോടുമുള്ള സച്ചിയേട്ടന്‍റെ ഒരു ഇഷ്‍ടമുണ്ട്. ഒരു മറയില്ലാത്ത ഇഷ്‍ടമാണ് അത്. ഒരു മനുഷ്യന്‍ എങ്ങനെ ജീവിക്കണം എന്നതിന്‍റെ ഉദാഹരണമാണ് ശരിക്കും. അതിശയോക്തി കലര്‍ത്തി പറയുന്നതല്ല ഇത്. സച്ചിയേട്ടന് ശത്രുക്കള്‍ ഉണ്ടാവുമോ എന്ന് സംശയമാണ്. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ ആ ശത്രുതയ്ക്ക് അത്ര ആഴമൊന്നും കാണില്ല. മരണസമയത്ത് സച്ചിയേട്ടനു കിട്ടിയ സ്‍നേഹം തന്നെയാണ് അതിന് ഏറ്റവും വലിയ തെളിവ്. നമ്മുടെ വീട്ടിലെ ആരോ മരിച്ചുപോയതുപോലെ ആയിരുന്നു അത്. വീട്ടിലെ ആള് തന്നെയാണ്. എന്നെ സംബന്ധിച്ച് ഒരു ഗോഡ്‍ഫാദറിനെയാണ് നഷ്‍ടപ്പെട്ടത്. ഒരു വര്‍ഷത്തെ പരിചയമേ ഉള്ളൂ. പക്ഷേ ആ പരിചയം.. ഞാന്‍ ഗുരുസ്ഥാനത്ത് കാണുന്ന ആളാണ് സച്ചിയേട്ടന്‍. അത് ആ ഇടപെടലിന്‍റെയും തന്ന സ്‍നേഹത്തിന്‍റെയും പേരിലാണ്.

Follow Us:
Download App:
  • android
  • ios