സിനിമകളിൽ പുരുഷന്മാരുടെ തെറ്റുകൾ ആഘോഷിക്കപ്പെടുമ്പോൾ, എന്നാൽ നെഗറ്റീവ് ഇമേജുള്ള സ്ത്രീകളെ സമൂഹം അംഗീകരിക്കുന്നില്ലെന്ന് നിഖില പറയുന്നു
മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് നിഖില വിമൽ. ലവ് 24x7 എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ നായികയായി നിഖില വിമൽ അരങ്ങേറ്റം കുറിക്കുന്നത്. അരവിന്ദന്റെ അതിഥികൾ, ഞാൻ പ്രകാശൻ, ജോ ആൻറ് ജോ, ഗുരുവായൂരമ്പല നടയിൽ, നുണക്കുഴി തുടങ്ങീ മികച്ച ചിത്രങ്ങളുടെ ഭാഗമാവാൻ നിഖിലയ്ക്ക് സാധിച്ചിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം സജീവമാണ്. മാരി സെൽവരാജ് ചിത്രം 'വാഴൈ' എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.
വിവാഹത്തട്ടിപ്പുകാരിയായി നിഖില വിമൽ വേഷമിടുന്ന ചിത്രമാണ് 'പെണ്ണ് കേസ്'. ചിത്രത്തിൽ നിഖിലക്കൊപ്പം ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. ആണുങ്ങൾ നടത്തുന്ന തട്ടിപ്പും, സ്ത്രീകൾ നടത്തുന്ന തട്ടിപ്പും സമൂഹം ഒരേപോലെയല്ല കാണുന്നതെന്നാണ് നിഖിൽ വിമൽ പറയുന്നത്. നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്നമുണ്ടെന്നും നിഖില കൂട്ടിച്ചേർക്കുന്നു.
"മീശ മാധവന്‍ എന്ന സിനിമ നമുക്കെല്ലാം ഇഷ്ടമാണ്. അതിലെ ദിലീപേട്ടന്റെ കഥാപാത്രത്തെ നമുക്കെല്ലാം ഇഷ്ടമാണ്. എന്നാല്‍ നിത്യ ജീവിതത്തില്‍ അങ്ങനൊരു കള്ളനെ നമുക്ക് ഇഷ്ടമാകുമോ? നാട്ടില്‍ ഒരു കള്ളനുണ്ടെങ്കില്‍ അയാളും അയാളുടെ കുടുംബവും നമുക്ക് എന്നും കള്ളനും കള്ളന്റെ ഭാര്യയും കള്ളന്റെ മക്കളുമായിരിക്കും. അത് അവരെ വിട്ടു പോകില്ല. പക്ഷെ സിനിമയാകുമ്പോള്‍ ഗ്ലോറിഫൈ ചെയ്ത് ആഘോഷിക്കും. അയാള്‍ക്ക് നല്ലൊരു കുടുംബമുണ്ടാകും. ചേക്കിന്റെ കള്ളനാണെന്ന് പറയും. അത് വളരെ കണ്‍വിന്‍സിങ് ആണ്
അതേസമയം അതൊരു പെണ്ണാണെങ്കില്‍ കണ്‍വിന്‍സ് ചെയ്യിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. പൊതുവെ നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് പ്രശ്‌നമുണ്ട്. ആണുങ്ങളെ സംബന്ധിച്ച് അത് വളരെ കോമണ്‍ ആയിട്ടുള്ള കാര്യമാണെന്നാണ് ധാരണ. ആണിന് ദേഷ്യമാകാം. ആണിന് എന്തും പറയാം എന്നാണ്." നിഖിൽ വിമൽ പറയുന്നു. ആർജെ മൈക്കിന് നൽകിയ അഭിമുഖത്തിലായിരുന്നു നിഖിലയുടെ പ്രതികരണം.
നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പെണ്ണ് കേസ്'. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർത്ഥും ചേർന്നാണ്. ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെആർ ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'പെണ്ണ് കേസ്' -ൻറെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഷിനോസ് ആണ്.
ജ്യോതിഷ് എം, സുനു എ.വി, ഗണേഷ് മലയത്ത് എന്നിവർ സംഭാഷണമെഴുതിയിരിക്കുന്നു, സഹനിർമ്മാണം അക്ഷയ് കെജ്‌രിവാളും അശ്വതി നടുത്തൊടിയും ചേർന്നാണ്. പ്രൊഡക്ഷൻ ഡിസൈനർ - അർഷദ് നക്കോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനോദ് രാഘവൻ, സംഗീതം- അങ്കിത് മേനോൻ, എഡിറ്റർ- ഷമീർ മുഹമ്മദ്, മാർക്കറ്റിംഗ് ഹെഡ് - വിവേക് രാമദേവൻ (ക്യാറ്റലിസ്റ്റ്), പ്രൊഡക്ഷൻ കൺട്രോളർ- ജിനു പി.കെ.



